അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ – ⭐


ക്ഷമപരീക്ഷിക്കുന്ന അതിസാഹസികത! – ⭐

താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാനാരാണെന്നു എനിക്കറിയാമോ എന്ന് താനെന്നോട് ചോദിക്ക് അപ്പൊ ഞാൻ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും!

ഓമനക്കുട്ടന്റെ മൂന്ന് മണിക്കൂർ സാഹസിക യാത്ര കണ്ടിറങ്ങുന്ന ശരാശരി പ്രേക്ഷകന്റെ
അവസ്ഥയെ തേന്മാവിൻ കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്റെ സംഭാഷണം കേട്ട മോഹൻലാലിന്റെ അവസ്ഥയോടു ഉപമിക്കാം.

അന്യഭാഷയിൽ നിർമ്മിക്കപ്പെടുന്ന പരീക്ഷണ സിനിമകളെ വിജയിപ്പിക്കുന്ന മലയാളികൾ മാതൃഭാഷയിലുള്ള പരീക്ഷണ സിനിമകളെ തിരസ്ക്കരിക്കുന്നു എന്ന ആക്ഷേപം ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും പുതുമയുള്ള പരീക്ഷണ സിനിമകളായിരുന്നു മൈഡിയർ കുട്ടിച്ചാത്തനും വൈശാലിയും തൂവാനത്തുമ്പികളും ഞാൻ ഗന്ധർവനും. മേല്പറഞ്ഞ സിനിമകൾ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. അവരുടെ മുമ്പിലേക്ക് യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു കഥയും പുതുമയുള്ള അവതരണമെന്ന പൊള്ളയായ വാദമുന്നയിച്ചു അവതരിപ്പിച്ച ഓമനക്കുട്ടന്റെ അതിസാഹസിക യാത്രയും സ്വീകരിക്കാത്തതിൽ അത്ഭുതമില്ല. ഭീരുവായി ജീവിച്ചിരുന്ന ഒരാൾ തന്റെ ഓർമ്മ നഷ്ടപ്പെടുമ്പോൾ ധീരനായി മാറുന്നു എന്ന പ്രമേയം പുതുമയുള്ളതാണ് എന്നത് സത്യം. എന്നാൽ, ഈ പ്രമേയം യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിച്ചാൽ അത് പരീക്ഷണമായി കണ്ടിരിക്കുന്നവരല്ല ബുദ്ധിയുള്ള പ്രേക്ഷകർ.

മലയാള സിനിമയിൽ പരിചയസമ്പത്തോ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്തവരായ ഒരുകൂട്ടം പുതുമുഖങ്ങൾ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ പോലൊരു സിനിമയുണ്ടാക്കി എന്നത് പ്രശംസനീയമാണ്. സംവിധായകൻ രോഹിത് വി.എസ്., തിരക്കഥാരചയിതാവ് സമീർ അബ്ദുൾ, നിർമ്മാതാക്കളായ ആന്റണി ബിനോയ്-ബിജു പുളിയോക്കൽ, ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, സന്നിവേശകൻ ലിവിങ്സ്റ്റൺ, സംഗീത സംവിധായകൻ ഡോൺ വിൻസെന്റ് എന്നിവരാണ് ആ നവാഗത സുഹൃത്തുക്കൾ.

പ്രമേയം: ⭐⭐
ഇന്നോളം മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടനിലൂടെ രോഹിതും സമീറും പറയുന്നത്. പാശ്ചാത്യ സിനിമകളിൽ മാത്രം പരീക്ഷിച്ചിട്ടുള്ള കഥകൾ മലയാള സിനിമയിലും കാണുമ്പോൾ പ്രേക്ഷകർക്ക് കൗതുകമാണ് തോന്നുന്നത്. സിനിമയുടെ പേരോളം തന്നെ സാഹസികമായ ഒരു കഥ രൂപപെടുത്തിയെടുക്കുവാൻ ഇരുവർക്കും സാധിച്ചു. കഥയിൽ ചോദ്യമില്ല എന്ന പഴമൊഴി സ്മരിച്ചുകൊണ്ട് കഥയിലെ മണ്ടത്തരങ്ങൾ ഇവിടെ എഴുതുന്നില്ല. പുതുമയുള്ളതും വ്യത്യസ്തവുമായൊരു പ്രമേയം ആസ്വാദനത്തിനു വകയുള്ള ഒരു കഥയായി എഴുതുവാൻ നവാഗത കൂട്ടത്തിനു കഴിഞ്ഞില്ല എന്നിടത്ത് തന്നെ അവർക്കു കാലിടറി.

തിരക്കഥ: ⭐
സമീർ അബ്ദുൾ എഴുതിയ തിരക്കഥ വ്യത്യസ്തമായിരുന്നെങ്കിലും അവയൊന്നും വിശ്വസനീയമായിരുന്നില്ല. തന്റെ ഓർമ്മ നഷ്ടപ്പെട്ടു എന്ന് സ്വയം തിരിച്ചറിയുമ്പോൾ, അയാൾ ആദ്യം ചെയ്യേണ്ട പ്രവർത്തി പോലീസിന്റെ സഹായം തേടുക എന്നതാകും. ഓമനക്കുട്ടന്റെ സുഹൃത്തുക്കൾ പോലും അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുകയോ പിന്നീട് ഒരവസരത്തിൽ കാണുമ്പോൾ എവിടെയായിരുന്നുവെന്നു അന്വേഷിക്കുകയോ ചെയ്യുന്നില്ല. ഇത്തരത്തിലുള്ള മണ്ടത്തരങ്ങളാണ് സിനിമയുടെ ആദ്യാവസാനം എഴുതിയിരിക്കുന്നത്. പ്രിയദർശൻ സിനിമകൾ പോലെ സ്ലാപ്സ്റ്റിക്ക് ഹ്യുമറായിരുന്നു സമീർ അബ്ദുൾ ഉദ്ദേശിച്ചതെങ്കിൽ, ഉത്തരത്തിൽ നിന്നെടുക്കാൻ സാധിച്ചതുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു എന്ന് വേണം കരുതാൻ. ഒരല്പം ഫാന്റസി കലർന്നൊരു കഥാസന്ദർഭങ്ങളായിരുന്നു എങ്കിൽ പ്രേക്ഷകർ യുക്തിയുള്ള രംഗങ്ങൾക്ക് വേണ്ടി കാത്തിരിക്കില്ലായിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം ആശയ കുഴപ്പത്തിലാക്കുന്ന കഥാഗതിയും കൂടി ചേർന്നപ്പോൾ സമ്പൂർണ സാഹസികമായി തിരക്കഥ രചന. ഈ കുറവുകൾക്കു ഒരാശ്വാസമെന്നത് ഓമനക്കുട്ടന്റെ കഥാപാത്ര രൂപീകരണമാണ്. ഭീരുവായ ഒരാൾ സാഹചര്യങ്ങൾ മൂലം ധീരനായി മാറുന്ന കഥാപാത്രത്തിന്റെ സഞ്ചാരം വിശ്വസനീയമായിരുന്നു. സമീർ എഴുതിയ സംഭാഷണങ്ങൾ രസകരമായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിലെ അജു വർഗീസും സിദ്ദിക്കും പറയുന്ന സംഭാഷണങ്ങൾ.

സംവിധാനം: ⭐⭐
സിനിമ സംവിധാനം സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക്‌ എന്നും ഒരു പ്രചോദനമാകും രോഹിത്തിനെ പോലുള്ളവർ. ഹൃസ്വ സിനിമകൾ മാത്രം സംവിധാനം ചെയ്ത പരിചയസമ്പത്തിന്റെ ആത്മവിശ്വാസത്തിൽ ഇത്തരത്തിലുള്ളൊരു പരീക്ഷണ സിനിമ സംവിധാനം ചെയ്യാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ! അവിശ്വസനീയ രംഗങ്ങൾ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ചപ്പോൾ ഇരട്ടി ദുരന്തമായി. ഓമനക്കുട്ടന്റെ യാത്ര രസകരമായി അവതരിപ്പിച്ചിരുന്നെങ്കിൽ ആസിഫ് അലിയുടെ ജീവിതത്തിലെ വഴിതിരുവാകുമായിരുന്നു ഈ സിനിമയും ഓമനകുട്ടനെന്ന കഥാപാത്രവും. സിനിമ കണ്ടിറങ്ങുന്ന ഭൂരിഭാഗം പ്രേക്ഷകരും കഥയെന്താണെന്നു പോലും മറ്റുള്ളവരോട് ചോദിക്കുന്ന കാഴ്ചയാണ് കണ്ടത്. അന്തവും കുന്തവുമില്ലാതെ ദിശതെറ്റി സഞ്ചരിക്കുന്നതും വലിച്ചു നീട്ടിയതുമായ രംഗങ്ങളാൽ സമ്പന്നമാണ് ആദ്യപകുതി. രണ്ടാം പകുതിയിൽ ഒരല്പം വേഗത കൈവരിക്കുന്ന സിനിമ കണ്ടിരിക്കാവുന്ന അവസ്ഥയിലായി. അതിനു രോഹിതിനെ സഹായിച്ചത് അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവും ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതവുമാണ്. അതോടൊപ്പം ആസിഫ് അലി, ഭാവന, സിദ്ദിഖ്, അജു വർഗീസ് എന്നിവരുടെ അഭിനയവും. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമാണ്‌ ഓമനക്കുട്ടന്റെ സാഹസിക യാത്രക്ക് വിനയായ മറ്റൊരു ഘടകം. ഒരു മണിക്കൂറിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ നെടുനീളൻ രംഗങ്ങളാൽ അവതരിപ്പിച്ച രോഹിതിന്റെ സംവിധാനം പൂർണ പരാജയമായിരുന്നു. യുക്തിയില്ലാത്ത സന്ദർഭങ്ങൾ സാധാരണക്കാർക്ക് ദഹിക്കാത്ത രീതിയിൽ അവതരിപ്പിക്കുന്നതാണോ പുതുമ? അങ്ങനെയാണെങ്കിൽ ഓമനക്കുട്ടൻ പുതുമയുള്ള സിനിമ തന്നെ.

സാങ്കേതികം: ⭐⭐⭐
ഓമനക്കുട്ടന്റെ യാത്ര ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ അഖിൽ ജോർജ്ജിന്റേതാണ്. പുതുമകൾ നിറഞ്ഞ ഒട്ടനവധി ഫ്രയിമുകൾ സിനിമയിലുടനീളം കാണുവാൻ സാധിച്ചു. ഒരാളുടെ സ്വഭാവത്തെ കേന്ദ്രികരിച്ചു നടക്കുന്ന കഥയായതിനാൽ അയാളുടെ ഭാവാഭിനയവും ശരീരഭാഷയും പ്രേക്ഷകർക്ക് മനസിലാകുന്ന രീതിയിലാകണം രംഗങ്ങൾ ചിത്രീകരിക്കാൻ. ഓമനക്കുട്ടന്റെ ഇമചിമ്മുന്നതും കൈകൾ ചുരുട്ടിപിടിച്ചു നടക്കുന്നതും അടുത്തടുത്ത രംഗങ്ങളിൽ കാണിച്ചത് സ്വഭാവ വിവരണത്തിന് എളുപ്പമായി. ലിവിങ്സ്റ്റൺ മാത്യുവിന്റെ സന്നിവേശം ഇഴഞ്ഞു നീങ്ങുന്ന രീതിയിലായി. ചില രംഗങ്ങളുടെ ദൈർഘ്യം സാധാരണ സിനിമകളിൽ കാണുന്നതിലും കൂടുതലായിരുന്നു. ഇത്രയും രസകരമായ ഒരു കഥയ്ക്ക് എന്തുകൊണ്ടാണ് പതിഞ്ഞ താളത്തിലുള്ള സന്നിവേശ രീതി സ്വീകരിച്ചത് എന്ന് മനസിലാകുന്നില്ല. മനു മഞ്ജിത്, ഹരിനാരായണൻ, ഗുരു എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരനും ഡോൺ വിൻസെന്റും ചേർന്നാണ് സംഗീതം നൽകിയത്. ഓർത്തിരിക്കാവുന്ന വരികളോ സംഗീതമോ ഒരു ഗാനത്തിന് പോലും സൃഷ്ടിക്കാനായില്ല. ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതം മികവ് പുലർത്തി. പ്രേക്ഷകരെ ഉറങ്ങിപോകാതെ പിടിച്ചിരുത്തിയതിന്റെ ഏറെ പങ്കും വഹിച്ചത് പശ്ചാത്തല സംഗീതത്തിന്റെ ഗുണമൊന്നുകൊണ്ടു മാത്രമാണ്. ഉണ്ണി വിശ്വനാഥിന്റെ കലാസംവിധാനം തരക്കേടില്ലായിരുന്നു. ഓമനക്കുട്ടന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഒരു വസ്തുവും ഓമനക്കുട്ടൻ താമസിക്കുന്ന മുറിയിൽ കണ്ടില്ല. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. ആദ്യ പകുതിയിലെ ഓമനക്കുട്ടന്റെ വേഷവിധാനവും രണ്ടാം പകുതിയിലെ വേഷങ്ങളും അയാളുടെ സ്വഭാവത്തിന്റെ പ്രതിഫലനങ്ങളായിരുന്നു.

അഭിനയം: ⭐⭐
ആസിഫ് അലി, ഭാവന, സിദ്ദിഖ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, ശിവജി ഗുരുവായൂർ, വി.കെ.പ്രകാശ്, രാഹുൽ മാധവ്, ഫിറോസ്, ശ്രിന്ദ അഷബ്, അദിതി രവി, ആര്യ രോഹിത് എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഭീരുവായ ഓമനക്കുട്ടനെ മോശമാക്കാതെ അവതരിപ്പിക്കുവാൻ ആസിഫ് അലിക്ക് സാധിച്ചു. ഇമ ചിമ്മുന്നതും ശരീര ഭാഷയിലുള്ള വ്യസ്തസ്ഥയും ഓമനക്കുട്ടന്റെ ഭീരുത്വത്തിനു വിശ്വസനീയത നൽകി. പക്ഷെ, സിനിമയുടെ തുടക്കത്തിൽ നിർത്താതെ ഇമ ചിമ്മിയിരുന്ന ഓമനക്കുട്ടൻ പിന്നീട് എപ്പോഴും അങ്ങനെ ചെയ്യുന്നത് കണ്ടതുമില്ല. ഇടയ്ക്കെപ്പോഴോ ഒഴിമുറിയിലെ ആസിഫ് അലിയുടെ കഥാപാത്രം അഭിനയത്തിൽ സ്വാധീനം ചെലുത്തിയതുപോലെ അനുഭവപെട്ടു. പല്ലവി എന്ന കന്നഡികയായി ഭാവന അഭിനയ മികവ് പുലർത്തി. സിദ്ദിക്കും അജു വർഗീസും അവരവരുടെ രംഗങ്ങൾ രസകരമായി അവതരിപ്പിച്ചു. മറ്റെല്ലാ നടീനടന്മാരും മോശമാക്കാതെയുള്ള അഭിനയം കാഴ്ചവെച്ചു.

വാൽക്കഷ്ണം: വിശ്വസനീയമായ കഥയോ രസകരമായ അവതരണമോയില്ലാത്ത മൂന്ന് മണിക്കൂർ മുഷിപ്പിക്കുന്ന ഓമനക്കുട്ടന്റെ യാത്ര അത്യന്തം അതിസാഹസികമായി.

സംവിധാനം: രോഹിത് വി.എസ്.
നിർമ്മാണം: ആന്റണി ബിനോയ്, ബിജു പുളിയോക്കൽ
ബാനർ: ഫോർ എം എന്ററെർറ്റെയിന്മെന്റ്സ്
രചന: സമീർ അബ്‌ദുൾ
ഛായാഗ്രഹണം: അഖിൽ ജോർജ്ജ്
സന്നിവേശം: ലിവിങ്സ്റ്റൺ മാത്യു
സംഗീതം: അരുൺ മുരളീധരൻ, ഡോൺ വിൻസെന്റ്
പശ്ചാത്തല സംഗീതം, ശബ്ദസംവിധാനം: ഡോൺ വിൻസെന്റ്
ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, ഗുരു
കലാസംവിധാനം: ഉണ്ണി വിശ്വനാഥൻ
ചമയം: രാജേഷ് നെന്മാറ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
സംഘട്ടനം: മാഫിയ ശശി
വിതരണം: ഫോർ എം റിലീസ്.