ഒരു മുത്തശ്ശി ഗദ – ⭐⭐⭐

ഒരു മുത്തശ്ശി വീരഗാഥ! – ⭐⭐⭐

മുത്തശ്ശിമാരെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് മൂന്ന് കാര്യങ്ങളാണ്. സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാനറിയുന്നവർ, സദാസമയം പ്രാർത്ഥനയുമായി ഒതുങ്ങിക്കൂടി ജീവിക്കുന്നവർ, വൈകുന്നേരങ്ങളിൽ ടെലിവിഷൻ സീരിയുലുകൾ മുടങ്ങാതെ കാണുന്നവർ. അവരിൽ നിന്നെല്ലാം വ്യതസ്ഥമായ സ്വഭാവമുള്ള ലീലാമ്മ എന്ന 65 വയസ്സുകാരി മുത്തശ്ശിയുടെ ജീവിതത്തിലെ വീരഗാഥയാണ് ജൂഡ് ആന്തണി ജോസെഫിന്റെ ഒരു മുത്തശ്ശി ഗദ.

ഇ ഫോർ എന്റർറ്റെയിൻമെൻസ്റ്റിനു വേണ്ടി മുകേഷ് ആർ.മേത്തയും എ.വി.എ.യ്ക്ക് വേണ്ടി എ.വി.അനൂപും സംയുകതമായി നിർമ്മിച്ച ഒരു മുത്തശ്ശി ഗദയിൽ പുതുമുഖം രജിനി ചാണ്ടി കേന്ദ്രകഥാപാത്രമായ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
വാർദ്ധക്യമായാൽ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടേണ്ടവരല്ല നമ്മളുടെ മാതാപിതാക്കൾ എന്ന് മക്കളെ ഓർമ്മിപ്പിക്കുന്ന സിനിമയാണ് ഒരു മുത്തശ്ശി ഗദ. അതുപോലെ, മക്കളുടെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു ശിഷ്ടകാലം ജീവിച്ചു തീർക്കേണ്ടവരല്ല നമ്മൾ എന്ന് സ്വയം തിരിച്ചറിയണം എന്ന് പ്രായമുള്ളവരെയും ഓർമ്മപ്പെടുത്തുന്ന പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. ശൈശവത്തിലും കൗമാരത്തിലും യൗവനത്തിലും നമ്മൾക്ക് ആഗ്രഹമുള്ള പോലെ വാർദ്ധക്യത്തിലും ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകുന്നു. ഒരുപക്ഷെ ഒരാളുടെ ശൈശവത്തിലോ കൗമാരത്തിലോ യൗവനത്തിലോ നടക്കാതെ പോയ ഒരു സ്വപ്നമായിരിക്കാം. അങ്ങനെ നടക്കാതെപോയ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ വാർദ്ധക്യത്തിലും സാധിക്കണം എന്നതാണ് ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സന്ദേശം. അത്തരത്തിലുള്ള കുറെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ പുറപ്പെട്ടിറങ്ങുന്ന ലീലാമ്മയുടെ കഥയാണ് ഒരു മുത്തശ്ശി ഗദ. നിവിൻ പോളിയുടേതാണ് ഈ സിനിമയുടെ കഥാതന്തു.

തിരക്കഥ: ⭐⭐⭐
ലീലാമ്മയുടെ കുടുംബത്തിൽ മകൻ സിബിയും ഭാര്യയും രണ്ടു മക്കളുമാണുള്ളത്. മകനെ വരച്ചവരയിൽ നിർത്തുന്ന ലീലാമ്മയ്ക്കു മരുമകളെ കാണുന്നതുപോലും ദേഷ്യമാണ്. മകന്റെ സുഹൃത്തുക്കൾ അത്താഴത്തിനു വീട്ടിൽ വരുന്നതും, കൊച്ചുമകളുടെ ആൺ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതും, കൊച്ചുമകൻ സദാസമയം ഗെയിം കളിക്കുന്നതും, ജോലിക്കാരികൾ ഉഴപ്പി പണിയെടുക്കുന്നതും ഇഷ്ടമല്ലാത്ത ലീലാമ്മയുടെ കഥാപാത്രാവിവരണമാണ് ഈ സിനിമയുടെ ആദ്യപകുതി. ഇത്തരത്തിലൊക്കെ ഒരാൾ വീട്ടിൽ വരുന്ന അതിഥികളോട് പെരുമാറുമോ എന്നതിന് ന്യായീകരണങ്ങൾ സിനിമയുടെ രണ്ടാം പകുതിയിൽ പരാമർശിക്കുന്നുണ്ട്. ലീലാമ്മയുടെ ആഗ്രഹങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതാണ് രണ്ടാം പകുതി. കുറെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ചു അവസാനിക്കുന്ന ക്ലൈമാക്സും. ഏച്ചുകെട്ടലുകളില്ലാതെ എഴുതിയിരിക്കുന്ന കഥാസന്ദർഭങ്ങളും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമാണ് തിരക്കഥയുടെ സവിശേഷത. ഒരൊറ്റ ദ്വയാർത്ഥ പ്രയോഗം പോലുമില്ലാതെ പ്രേക്ഷകരെ ചിരിപ്പിച്ച ജൂഡ് ആന്തണി ജോസഫിന് അഭിനന്ദനങ്ങൾ! ആദ്യ പകുതിയിലേക്കാൾ മികവു പുലർത്തിയത് രണ്ടാം പകുതിയിലെ രംഗങ്ങളാണ്. ക്ലൈമാക്സിൽ നല്ലൊരു സന്ദേശത്തോടെ സിനിമ അവസാനിക്കുന്നു.

സംവിധാനം: ⭐⭐⭐⭐
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ്‌ സംവിധാനം നിർവഹിച്ച ഒരു മുത്തശ്ശി ഗദ ഈ വർഷത്തെ ഏറ്റവും മികച്ച എന്റർറ്റെയിനറാണ്. പുതുമയുള്ള അവതരണ രീതിയാണ് ഈ സിനിമയുടെ പ്രത്യേകത. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുക, മുഷിപ്പിക്കാതെ കഥ അവതരിപ്പിക്കുക, കൃത്യമായ ഇടവേളകളിൽ വഴിത്തിരിവുകൾ കൊണ്ടുവരിക, അനാവശ്യമായ പാട്ടുകൾ ഉൾപെടുത്താതിരിക്കുക, കൃത്രിമത്വമായ സെന്റിമെന്റ്സ് രംഗങ്ങൾ ഒഴിവാക്കുക എന്നതെല്ലാമാണ് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാന മികവായി പറയേണ്ട പ്രശംസിക്കേണ്ട കാര്യങ്ങൾ. വിനോദ് ഇല്ലംപിള്ളിയുടെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ ചിത്രസന്നിവേശവും മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ ജൂഡ് ആന്തണി ജോസഫിനെ സഹായിച്ചിട്ടുണ്ട്. ഈ വർഷത്തെ ഓണം ബമ്പർ ഈ വെടക്കു മുത്തശ്ശി കൊണ്ടുപോകുമെന്ന് ഏകദേശം ഉറപ്പാണ്!

സാങ്കേതികം: ⭐⭐⭐⭐
വിനോദ് ഇല്ലംപിള്ളിയുടെ കളർഫുൾ വിഷ്വൽസ് മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുവാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുന്നാറിൽ ചിത്രീകരിച്ച രംഗങ്ങൾ വളരെയധികം മനോഹരമായിരുന്നു. ആദ്യാവസാനമുള്ള രംഗങ്ങളെല്ലാം ചടുലതയോടെ കോർത്തിണക്കുവാൻ ലിജോ പോളിനും സാധിച്ചു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ സ്വഭാവത്തിന് ഇണങ്ങുന്നവയായിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട തെന്നൽ നിലാവിന്റെ എന്ന പട്ടു ശ്രവ്യസുന്ദരമായിരുന്നു. വിനീത് ശ്രീനിവാസനും അപർണ്ണ ബലമുരളിയും ചേർന്നാണ് ആ ഗാനം ആലപ്പിച്ചതും ആ ഗാനരംഗത്തിൽ അഭിനയിച്ചതും. സുനിൽ ലാവണ്യയുടെ കലാസംവിധാനവും റോണക്സ്‌ സേവ്യറുടെ ചമയവും സമീറ സനീഷിന്റെ വസ്ത്രലാകാരവും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
രജനി ചാണ്ടി തന്മയത്വത്തോടെ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു. പല രംഗങ്ങളിലും അമിതാഭിനയം എന്ന് തോന്നുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ചു അത് ആവശ്യമായിരുന്നു. സിബി എന്ന മകന്റെ കഥാപാത്രത്തെ സുരാജ് നന്നായി അവതരിപ്പിച്ചു. രസകരമായ ഒരു കഥാപാത്രത്തെ ജൂഡ് ആന്തണിയും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടു അവതരിപ്പിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലെന, വിജയരാഘവൻ, അപർണ്ണ ബാലമുരളി, രാജീവ്‌ പിള്ള, രമേശ്‌ പിഷാരടി എന്നിവരും അതിഥി വേഷത്തിൽ ശ്രീനിവാസനും വിനീത് ശ്രീനിവാസനും രൺജി പണിക്കരും സംവിധായകൻ ലാൽ ജോസും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മാതാപിതാക്കളോടൊപ്പം ഓരോ കുടുംബവും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മുത്തശ്ശി വീരഗാഥ!

രചന, സംവിധാനം: ജൂഡ് ആന്തണി ജോസഫ്‌
കഥാതന്തു: നിവിൻ പോളി
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്‌
ബാനർ: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്, എ.വി.എ.പ്രൊഡക്ഷൻസ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഷാൻ റഹ്മാൻ
കലാസംവിധാനം: സുനിൽ ലാവണ്യ
ചമയം: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്.

കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ – ⭐⭐

പ്രചോദന പൗലോ ഇഴയുന്ന കൊയ്‌ലോ – ⭐⭐

“എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാൻ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും”- പൗലോ കൊയ്‌ലോ, നോവലിസ്റ്റ്, ബ്രസീൽ.

വിശ്വപ്രസിദ്ധ നോവലിസ്റ്റും ഗാന രചയിതാവുമായ പൗലോ കൊയ്‌ലോയുടെ സിദ്ധാന്തമാണ് ഉദയ പിക്ചേഴ്സിന്റെ തിരിച്ചുവരവിന് കാരണമായ സിനിമ കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ പ്രമേയം. ദേശീയ പുരസ്‌കാര ജേതാവും നടനുമായ സിദ്ധാർത്ഥ് ശിവയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ബാനറുകളിൽ ഒന്നായ ഉദയ പിക്ചേഴ്സിന്റെ പുതിയ സാരഥി കുഞ്ചാക്കോ ബോബനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം: ⭐⭐⭐
സ്വപ്നം കാണണമെന്നും അത് യാഥാർഥ്യമാക്കാൻ പ്രയത്നിക്കണമെന്നും പ്രമേയമാക്കിയിട്ടുള്ള ഒട്ടനവധി സിനിമകൾ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരാൾ ഒന്നിനെ തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സഫലീകരിക്കുവാൻ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും എന്ന ഈ സിനിമയുടെ പ്രമേയവും ഇന്ത്യയിലെ പല ഭാഷകളിലെ സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതാണ്. മേല്പറഞ്ഞ പ്രമേയം കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയുടെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിദ്ധാർത്ഥ ശിവ. അയ്യപ്പ ദാസ്‌ എന്ന 10 വയസ്സുകാരന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ അജയകുമാർ എന്നയാൾ നടത്തുന്ന പരിശ്രമമാണ് കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ കഥ.

തിരക്കഥ: ⭐
നൂറ്റിയൊന്ന് ചോദ്യങ്ങൾ, ഐൻ എന്നീ സിനിമകൾക്ക്‌ ശേഷം സിദ്ധാർത്ഥ ശിവ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രജോദനമാകുന്ന ഒരു പ്രമേയത്തെ പരിചിതമായ കഥാന്തരീക്ഷത്തിലൂടെ പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലൂടെ ഉപദേശങ്ങളുള്ള സംഭാഷണങ്ങളിലൂടെ തിരക്കഥയിലാക്കിയിരിക്കുന്നു. സിനിമയുടെ ആദ്യപകുതി പറയുന്നത് അജയകുമാർ എന്ന കൊചൗവ്വയുടെയും അയ്യപ്പദാസ് എന്ന അപ്പുവിന്റെയും ജീവിതത്തിലെ ചുറ്റുപാടുകളും അവരുടെ ദിനചര്യകളും സ്വപ്നങ്ങളും മറ്റുമാണ്. അപ്പുവിന്റെ സ്വപ്നം കൊചൗവ്വ തിരിച്ചറിയുകയും അതിനു വേണ്ടി പരിശ്രമിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നിത്തടതാണ് ആദ്യ പകുതി അവസാനിക്കുന്നത്. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ വേണ്ടിയാണോ കഥയിലെ ഓരോ പ്രധാനപെട്ട രംഗങ്ങളും വിശദീകരിച്ചു തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നുന്നു. പൗലോ കൊയ്‌ലോയുടെ സിദ്ധാന്തം ഇടയ്ക്കിടെ പറഞ്ഞു പറഞ്ഞു പോകുന്നതും കുട്ടികളുടെ മനസ്സിൽ അവ ആഴത്തിൽ പതിയാനാണെന്നു കരുതാം. അത്തരത്തിലുള്ള തിരക്കഥ രചന ശൈലി മുതിർന്നവർക്ക് ആസ്വാദ്യകരമായിരുന്നില്ല. ഓരോ ചെറിയ വസ്തുതകൾ പോലും പലതവണ കഥാസന്ദർഭങ്ങളാകുന്നു എന്നിടത്താണ് ഈ തിരക്കഥ പരാജയപ്പെടുന്നത്. ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സ്പൂൺ ഫീഡിംഗ് രീതിയിലുള്ള കഥ വിവരണ ശൈലി ആവശ്യമുണ്ടായിരുന്നോ എന്ന് സിദ്ധാർത്ഥ ശിവ ചിന്തിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, മികച്ചൊരു പ്രമേയം സിനിമയാക്കുവാൻ അദ്ദേഹം കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐
സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ ആദ്യ രണ്ടു സിനിമകളും ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ലക്ഷ്യംവെച്ചാണ് പ്രദർശനശാലകളിൽ എത്തിയത്. അവയൊന്നും സാമ്പത്തിക ലാഭം നേടിയ സിനിമകളല്ല. കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമ തികച്ചും ഒരു എന്റർറ്റെയിനർ എന്ന നിലയിലാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ആദ്യാവസാനം ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ഒട്ടുമിക്ക രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ നാല് പാട്ടുകളിലൂടെയാണ് കഥ വികസിക്കുന്നത്. ഇവയൊക്കെ പ്രേക്ഷകരെ രസിപ്പിക്കുന്നതിലൂടെ കഥ പറഞ്ഞുപോവുക എന്ന ഉദ്ദേശത്തോടെയാണ് സിനിമയിൽ ഉൾപ്പെടുത്തിയത്. മേല്പറഞ്ഞ കഥാസന്ദർഭങ്ങൾ ഓരോന്നും പ്രവചിക്കാനാവുന്നതും മുമ്പ് കണ്ടിട്ടുള്ളതുമാണെങ്കിലും അവയൊന്നും പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല. അതിനു കാരണം സിദ്ധാർത്ഥ ശിവയുടെ സംവിധാന രീതിയാണ്. എന്നിരുന്നാലും ഒരു കൊച്ചു കഥയെ വലിച്ചുനീട്ടി രണ്ടരമണിക്കൂർ ദൈർഘ്യത്തിൽ അവതരിപ്പിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. ഹാസ്യത്തിന് വേണ്ടി കെട്ടിച്ചമച്ച കുറെ കഥാപാത്രങ്ങളും രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തില്ല. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത ആദ്യ രണ്ടു സിനിമകളെ അപേക്ഷിച്ച് ഒരല്പം നിരാശപ്പെടുത്തുന്ന ഒന്നാണ് ഈ സിനിമ.

സാങ്കേതികം: ⭐⭐⭐
അടിമാലിയും പരിസര പ്രദേശങ്ങളും മനോഹരമായി ഒപ്പിയെടുത്ത് കണ്ണിനു കുളിർമയുള്ള വിരുന്നൊരുക്കിയ നീൽ ഡി കൂഞ്ഞ പ്രശംസ അർഹിക്കുന്നു. ഓരോ ഫ്രേയിമും ഇതുവരെ കാണാത്ത ഇടുക്കിയെ കാണിച്ചുതന്നു. നീലക്കണ്ണുള്ള മാനെ എന്ന് തുടങ്ങുന്ന പാട്ടിന്റെ ദൃശ്യങ്ങളും മികവുറ്റതായിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകളിൽ നീലക്കണ്ണുള്ള മാനെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. സൂരജ് എസ്.കുറുപ്പ് ഈണമിട്ട പാട്ടുകളും ഈ സിനിമയിലുണ്ട്. ബിജിബാലിന്റെ വകയാണ് പശ്ചാത്തല സംഗീതം. പ്രത്യേകിച്ചു പുതുമകളൊന്നുമില്ലാതെ രംഗങ്ങളോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. ഹസ്സൻ വണ്ടൂരിന്റെ ചമയം മികവു പുലർത്തി. അയ്യപ്പ ദാസിന് ചിക്കൻ പോക്സ് പിടിപെട്ടു മുഖത്തും ദേഹത്തും പാടുകൾ വന്നതൊക്കെ വിശ്വസനീയമായിരുന്നു. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം.

അഭിനയം: ⭐⭐⭐
നടൻ സുധീഷിന്റെ മകൻ രുദ്രാക്ഷ് ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ അയ്യപ്പ ദാസിനെ അവതരിപ്പിച്ചത്. കൊചൗവ്വയായി കുഞ്ചാക്കോ ബോബനും ടൈറ്റിൽ റോളിൽ അഭിനയിച്ചിരിക്കുന്നു. അയ്യപ്പദാസ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അഭിനയിച്ചു കയ്യടി നേടുവാൻ രുദ്രാക്ഷിനു സാധിച്ചു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ആ കൊച്ചുമിടുക്കനു ലഭിക്കുമെന്ന് ഉറപ്പാണ്. കുഞ്ചാക്കോ ബോബൻ തനതായ ശൈലിയിൽ കൊചൗവ്വയായി അഭിനയിച്ചു. ഇവരെ കൂടാതെ മുകേഷ്, നെടുമുടി വേണു, അജു വർഗീസ്‌, സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, സുധീഷ്, മുസ്തഫ, ഇർഷാദ്, മിഥുൻ രമേശ്‌, അനുശ്രീ നായർ, കെ.പി.എ.സി.ലളിത, മുത്തുമണി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ആദ്യാവസാനം പ്രജോദനമാകുന്ന രംഗങ്ങളുടെ അകമ്പടിയോടെ പതിഞ്ഞ താളത്തിൽ ഇഴയുന്ന കുട്ടികളുടെ സിനിമ!

രചന, സംവിധാനം: സിദ്ധാർത്ഥ ശിവ
നിർമ്മാണം: കുഞ്ചാക്കോ ബോബൻ
ബാനർ: ഉദയ പിക്ചേഴ്സ്
ചായാഗ്രഹണം: നീൽ ഡി കൂഞ്ഞ
ചിത്രസന്നിവേശം: വിനീബ് കൃഷ്ണൻ
സംഗീതം: ഷാൻ റഹ്മാൻ, സൂരജ് എസ്.കുറുപ്പ്
കലാസംവിധാനം: ജ്യോതിഷ് ശങ്കർ
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഉദയ ത്രു ആർ.ജെ. റിലീസ്.

വെൽകം ടു സെൻട്രൽ ജയിൽ – ⭐


എസ്കേപ്പ് ഫ്രം സെൻട്രൽ ജയിൽ – ⭐

സെൻട്രൽ ജയിലിലെ കാര്യസ്ഥനും, പോലീസ് മേധാവികളുടെ മര്യാദരാമനും, വനിതാ പോലീസുകാരുടെ ശൃങ്കാരവേലനും, സുഹൃത്തുക്കളുടെ നാടോടിമന്നനും, കുട്ടികളുടെ വില്ലാളിവീരനും, സർവോപരി സൽഗുണ സമ്പന്നനും അതീവ നിഷ്കളങ്കനും സത്യസന്ധനും ബുദ്ധിശാലിയും ധൈര്യശാലിയുമായ ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടന്റെ തറവാട് വീട് പോലെയാണ് സെൻട്രൽ ജയിൽ. ജയിലിലെ സൂപ്രണ്ട് മുതൽ കൊടുംകുറ്റവാളികൾ വരെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉണ്ണിക്കുട്ടൻ. ആ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ അവിസ്മരണീയ പ്രണയകാവ്യമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ. ചത്തത് കീരിക്കാടൻ ജോസ് ആണെങ്കിൽ കൊന്നത് മോഹൻലാൽ തന്നെ എന്ന പഴഞ്ചൊല്ല് പോലെ, ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജനപ്രിയ നായകനല്ലാതെ മറ്റാർക്കും സാധിക്കില്ല.

തിരിച്ചുവരവുകളുടെ കാലഘട്ടമാണല്ലോ ഈ വർഷം. നീണ്ട പരാജയങ്ങൾക്കു ശേഷമാണ് സുന്ദർ ദാസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സുന്ദർ ദാസിന്റെ ഒരോന്നോന്നര തിരിച്ചുവരവാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തിന്റെതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. വൈശാഖ രാജനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം:⭐
ഓണക്കാലമായതിനാൽ കുട്ടികൾ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ ജനപ്രിയനായകൻറെ ആയിരിക്കും. അവരെ ലക്ഷ്യംവെച്ചുകൊണ്ടു അവർക്കിഷ്ടമാകാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെത്. ജയിലിൽ ജനിച്ചു വളർന്ന ഉണ്ണിക്കുട്ടന് ജയിൽ മോചിതനാകാൻ താല്പര്യമില്ല. ജയിലിലെ എല്ലാവരുടെയും പ്രിയപെട്ടവനായ ഉണ്ണിക്കുട്ടൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ അതിജീവിച്ചു അയാളുടെ പ്രണയം സഫലീകരിക്കുവാൻ നടത്തുന്ന ശ്രമങ്ങളാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ.

തിരക്കഥ:⭐
സ്കൂൾ അവധിക്കാലമായാൽ കുട്ടികളെ ചിരിപ്പിക്കുന്നതിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ന്യായം പറഞ്ഞു ദിലീപും ദിലീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരും സംവിധായകരും ചേർന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തെ പോലെ കഴിവുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും ഈ സിനിമയിലില്ല. കെട്ടിച്ചമച്ച കഥയും, കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും, കഥാവസാനം ജയിലിലേക്ക് കുട്ടികളാരും വരരുത് എന്ന സന്ദേശവും ചേർന്ന ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. കോമാളിത്തരങ്ങൾ കുത്തിനിറച്ചിട്ടും കുട്ടികളോ കുടുംബങ്ങളോ ചിരിവരാതെ വീർപ്പുമുട്ടുന്ന കാഴ്ച ബെന്നി പി. നായരമ്പലം കാണാനിടവരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

സംവിധാനം:⭐⭐
റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയ്ക്ക് ശേഷം സുന്ദർ ദാസ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് വെൽകം ടു സെൻട്രൽ ജയിൽ. സല്ലാപവും സമ്മാനവും കുടമാറ്റവും പോലുള്ള നല്ല സിനിമകൾ സംവിധാനം ചെയ്ത സുന്ദർ ദാസ്‌ കുബേരൻ പോലുള്ള ഒരു വിജയചിത്രമൊരുക്കുവാൻ ശ്രമിച്ചതിന്റെ പാഴായിപ്പോയ ശ്രമമാണ് ഈ സിനിമ. പഴഞ്ചൻ സംവിധാന രീതിയാണ് ഈ സിനിമയുടെ നിരാശപെടുത്തുന്ന മറ്റൊരു ഘടകം. അഭിനയിക്കാനറിയാത്ത വില്ലന്മാരെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിക്കുന്നതിൽ എന്ത് സന്തോഷമാണ് സുന്ദർ ദാസിന് ലഭിക്കുന്നത്? ഈ സിനിമയിലെ കോമാളിത്തരങ്ങളെക്കാൾ ചിരിവരുന്നത് വില്ലനായി അഭിനയിച്ച സുധീറിന്റെയും പോലീസുകാരന്റെയും അഭിനയം കണ്ടിട്ടാണ്. നല്ല തമാശകളോ സംഘട്ടനങ്ങളൊ പ്രണയ രംഗങ്ങളോ പാട്ടുകളോ പോലുമില്ലാത്ത ഇതുപോലുള്ള സിനിമകൾ ഏതു രീതിയിലാണ് കുട്ടികളെ ആസ്വദിപ്പിക്കുന്നതു എന്ന് സുന്ദർ ദാസ്‌ മനസ്സിലാക്കിയാൽ നല്ലത്.

സാങ്കേതികം:⭐⭐
സെൻട്രൽ ജയിലിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് അഴകപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ചായഗ്രഹണമാണ്‌ ഈ സിനിമയ്ക്ക് വേണ്ടി അഴകപ്പൻ നിർവഹിച്ചത്. ജോൺകുട്ടിയാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യപകുതിയും രണ്ടാംപകുതിയും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കിയതും പഴഞ്ചൻ അവതരണ രീതിയിലൂടെ രംഗങ്ങൾ കോർത്തിണക്കിയതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബിജിബാൽ നിർവഹിച്ച പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചത് ബേർണി ഇഗ്നേഷ്യസും നാദിർഷയും ചേർന്നാണ്. സുന്ദരീ എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജയിലിലെ അന്തരീക്ഷം നല്ല രീതിയിൽ ഒരുക്കുവാൻ ജോസഫ്‌ നെല്ലിക്കലിന് സാധിച്ചു.

അഭിനയം:⭐⭐⭐
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ദിലീപിന് കുഞ്ഞിക്കൂനനിലെ ദിലീപിൽ ജനിച്ച സന്തതിപോലെയാണ് ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ ജനപ്രിയ നായകൻ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കനാണ് താനെന്ന് അഭിനയിച്ചു ഫലിപ്പിക്കുവാൻ ദിലീപ് നന്നേ കഷ്ടപ്പെടുന്നത് കണ്ടു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം ഇത്രയുമധികം ആരാധകരുള്ള ഒരു നടന് ഇനിയെങ്കിലും ഇത്തരത്തിലുള്ള കോമാളി കഥാപാത്രങ്ങൾ നിരസിച്ചുകൂടെ? വേദികയാണ് ഈ സിനിമയിലെ ദിലീപിന്റെ നായികയാവുന്നത്. ദിലീപിനെയും വേദികയെയും കൂടാതെ ഒരു നീണ്ട താരനിര അണിനിരക്കുന്നു ഈ സിനിമയിൽ. രൺജി പണിക്കർ, ഹരീഷ് പെരുമണ്ണ, സിദ്ദിക്ക്, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷറഫുദ്ദീൻ, കുമരകം രഘുനാഥ്, വിനോദ് കെടാമംഗലം, ധർമജൻ ബോൾഗാട്ടി, കോട്ടയം പ്രദീപ്‌, അബു സലിം, കൊച്ചുപ്രേമൻ, ബിജുക്കുട്ടൻ, സാജു കൊടിയൻ, സുധീർ, കലാഭവൻ ഹനീഫ്, വിനയപ്രസാദ്‌, വീണ നായർ, തെസ്നി ഖാൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

വാൽക്കഷ്ണം: കുട്ടികളെ ചിരിപ്പിക്കാത്ത കുടുംബങ്ങളെ രസിപ്പിക്കാത്ത യുവാക്കളെ ത്രസിപ്പിക്കാത്ത ജന അപ്രിയ സിനിമ!

സംവിധാനം: സുന്ദർ ദാസ്‌
രചന: ബെന്നി പി. നായരമ്പലം
നിർമ്മാണം: വൈശാഖ് രാജൻ
ബാനർ: വൈശാഖ സിനിമ
ചായാഗ്രഹണം: അഴകപ്പൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ
സംഗീതം: ബേർണി ഇഗ്‌നേഷ്യസ്, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കൽ
ചമയം: രാജീവ്‌ അങ്കമാലി
വിതരണം: വൈശാഖ റിലീസ്.

ഒപ്പം – ⭐⭐⭐


കേരളക്കരയാകെ ലാലേട്ടനോടൊപ്പം! – ⭐⭐⭐

ലാലേട്ടനോടൊപ്പം ലാലേട്ടൻ മാത്രം! ഒരു അന്ധന്റെ ഭാവപ്രകടനങ്ങളും ശാരീരിക ചലനങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ചു അതിഗംഭീരമായി അവതരിപ്പിച്ചു ഫലിപ്പിക്കുവാൻ നടനവൈഭവത്തിന്റെ ഇതിഹാസം മോഹൻലാലിന് സാധിച്ചു. അത് തന്നെയാണ് ഒപ്പത്തിനൊപ്പം ഒപ്പം മാത്രമെന്ന് പ്രേക്ഷകർ വിധിയെഴുതിയത്. മോഹൻലാൽ ഇതാദ്യമായിട്ടാണ് ഒരു മുഴുനീള അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയരാമൻ ഒരു കൊലപാതക കുറ്റത്തിന്റെ ഏക സാക്ഷിയാകുന്നു. അതോടെ, ജയരാമന്റെ ഒപ്പം കൊലയാളി നിഴൽ പോലെ പിന്തുടരുന്നു. തുടർന്ന് ജയരാമന്റെ ജീവിതത്തിൽ സംഭവിക്കുന്നതാണ് ഒപ്പം എന്ന സിനിമയുടെ കഥ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒപ്പത്തിന്റെ കഥ ഗോവിന്ദ് വിജയൻ എന്ന പുതുമുഖത്തിന്റെയാണ്. ഗോവിന്ദിന്റെ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്.

പ്രമേയം: ⭐⭐
നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഒരാൾ കൊല്ലപ്പെടുന്നു. ആ കൊലപാതകിയെ കാണുന്ന ഏക ദൃക്‌സാക്ഷി ഒരു അന്ധനാണ്. ആ അന്ധൻ സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി കൊലപാതകിയെ തേടുന്നു. ആ കൊലപാതകി അയാളുടെ അവസാനത്തെ ഇരയെ തേടി അന്ധനോപ്പം നിഴൽ പോലെ കൂടുന്നു. ഇതാണ് പ്രിയദർശന് വേണ്ടി ഗോവിന്ദ് വിജയൻ എഴുതിയ കഥ. കഥാവസാനം അന്ധൻ എങ്ങനെ കൊലയാളിയിൽ നിന്നും ഇരയെ രക്ഷപ്പെടുത്തുന്നു എന്നതാണ് ഈ സിനിമയുടെ ക്ലൈമാക്സ്.

തിരക്കഥ: ⭐⭐
ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദർശൻ തിരക്കഥ എഴുതുന്ന ഒരു മോഹൻലാൽ സിനിമയാണ് ഒപ്പം. ജയരാമൻ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിൽ നിന്നും ആരംഭിക്കുന്ന കഥാസന്ദർഭങ്ങൾ ചെന്നെത്തുന്നത് അയാളുടെ ജോലിസ്ഥലമായ ഫ്‌ളാറ്റിലാണ്. ഫ്‌ളാറ്റിലെ ഓരോ കുടുംബവുമായും നല്ല സൗഹൃദത്തിലാണെന്നും കഥാസന്ദർഭങ്ങളിലൂടെ വിവരിക്കുന്നു. ആദ്യ പകുതിയിൽ പ്രിയദർശൻ സിനിമകളിൽ കണ്ടുമടുത്ത കഥാസന്ദർഭങ്ങൾ ഒട്ടനവധിയുണ്ട്. ജയരാമന്റെ സഹോദരനും ബന്ധുക്കളും ഫ്‌ളാറ്റിലെ അന്ധേവാസികളും പോലീസുകാരും തുടങ്ങി ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും പരിചിതമായ കഥാപാത്രങ്ങൾ തന്നെ. അവരുടെ സംഭാഷണങ്ങളും പ്രവചിക്കാനാവുന്ന രീതിയിലായതും പ്രിയദർശൻ സിനിമകളുടെ സ്ഥിരം ദൗർബല്യങ്ങളിൽ ഉൾപ്പെടുന്നു. രണ്ടാം പകുതിയിലെ ഉദ്യോഗജനകമായ കഥാസന്ദർഭങ്ങൾ മികവു പുലർത്തി. പോലീസ് സ്റ്റേഷനിലെ കളരിപ്പയറ്റ് സംഘട്ടനം, ഓട്ടോറിക്ഷ ഡ്രൈവറിനെ കൊല്ലുന്ന രംഗങ്ങൾ, ക്ലൈമാക്സ് സംഘട്ടന രംഗങ്ങൾ എന്നിവ ഒപ്പം സിനിമയ്ക്ക് ജീവൻ നൽക്കി. അന്ധനായ നായക കഥാപാത്രം തന്റെ നിരപരാധിത്വം തെളിയിക്കുന്ന രംഗങ്ങളും കൊലപാതികയേ കീഴ്പ്പെടുത്തുന്ന രംഗങ്ങളും പുതുമയുള്ളതായി അനുഭവപെട്ടു. സമീപകാല പ്രിയദർശൻ സിനിമകളിലെ ഏറ്റവും ഭേദപ്പെട്ട തിരക്കഥയാണ് ഈ സിനിമയുടെത്.

സംവിധാനം: ⭐⭐⭐⭐
പ്രിയദർശൻ എന്ന സംവിധായകന്റെ മികവു ഒന്നുകൊണ്ടു മാത്രമാണ് ശരാശരി നിലവാരമുള്ള ഒരു തിരക്കഥയെ അത്യുഗ്രൻ സിനിമാനുഭവമാക്കി മാറ്റിയത്. ശാന്തമായി ആരംഭിച്ച ഒപ്പം സിനിമ രണ്ടാം പകുതിയിലെത്തുമ്പോൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്നു. ആദ്യാവസാനം കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ പ്രിയദർശനു സാധിച്ചു. ഓരോ ഫ്രെയിമുകളും പുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക്‌ സമ്മാനിച്ചത്. ഇടവേളയ്ക്കു മുമ്പുള്ള രംഗത്തിൽ ജയരാമൻ വാസുദേവനെ മണത്തിലൂടെ തിരച്ചറിയുന്ന രംഗമാണ് ഒപ്പത്തിലെ ഏറ്റവും മികച്ചത്. അതുപോലെ കളരിപ്പയറ്റ് സംഘട്ടന രംഗം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അതുപോലെ ക്‌ളൈമാക്‌സിന്റെ അവതരണവും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലായിരുന്നു. പ്രിയദർശന്റെ ഗംഭീരമായ തിരിച്ചുവരവാണ് ഒപ്പം എന്ന സിനിമ. അഭിനന്ദനങ്ങൾ!

സാങ്കേതികം: ⭐⭐⭐⭐
ഏകാംബരം ഒരുക്കിയ ദൃശ്യവിരുന്നാണ് ഒപ്പം. ഏകാംബരം നിർവഹിച്ച ഛായാഗ്രഹണത്തെപ്പറ്റി അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കുവാനില്ല. ഓരോ രംഗങ്ങളും അതിന്റെ പൂർണതയിലെത്തിക്കുവാൻ പ്രിയദർശന് സാധിച്ചത് ഏകാംബരം എന്ന ഛായാഗ്രാഹകന്റെ സഹായത്തോടെയാണ്. റോൺ എതാൻ യോഹനാണ് ഒപ്പത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത്. രണ്ടാം പകുതിയിലെ രംഗങ്ങളെല്ലാം പ്രേക്ഷകർ ഇമചിമ്മാതെയാണ് കണ്ടിരുന്നത്. അതിനു കാരണം റോൺ നിർവഹിച്ച പശ്ചാത്തല സംഗീതമാണ്. അതുപോലെ തന്നെ മികവു പുലർത്തിയ മറ്റൊരു ഘടകം ശബ്ദമിശ്രണമാണ്. വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കർ എന്നിവരാണ് ഭീതിപടർത്തുന്ന ക്ലൈമാക്സ് രംഗങ്ങൾക്ക് വിശ്വസനീയത നൽക്കിയത്‌. ബി.കെ.ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവ്, ഷാരോൺ എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കിയത്‌ 4 മ്യൂസിക്സ് ആണ്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ട് മികവു പുലർത്തി. അയ്യപ്പൻ നായരാണ് ഒപ്പം സിനിമയുടെ രംഗങ്ങൾ കോർത്തിണക്കിയത്‌. ആദ്യപകുതിയിലെ കുറെ രംഗങ്ങൾക്ക് ഇഴച്ചിൽ അനുഭവപെട്ടു എന്നതൊഴികെ മറ്റൊരു കുറവുമില്ലാത്ത രീതിയിലായിരുന്നു അയ്യപ്പൻ നായർ രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. കളരിപ്പയറ്റ് ഉൾപ്പടെ ഈ സിനിമയിലെ സംഘട്ടന രംഗങ്ങളെല്ലാം മികവു പുലർത്തി.

അഭിനയം: ⭐⭐⭐⭐
മോഹൻലാൽ, സമുദ്രക്കനി, ബേബി മീനാക്ഷി, അനുശ്രീ നായർ, വിമല രാമൻ, നെടുമുടി വേണു, ഇന്നസെന്റ്, സിദ്ദിക്ക്, മാമുക്കോയ, രൺജി പണിക്കർ, അജു വർഗീസ്‌, ചെമ്പൻ വിനോദ് ജോസ്, ഹരീഷ് പെരുമണ്ണ, കലാഭവൻ ഷാജോൺ, കുഞ്ചൻ, ഇടവേള ബാബു, ബാലാജി, മണിക്കുട്ടൻ, അർജുൻ നന്ദകുമാർ, ബിനീഷ് കോടിയേരി, കലാശാല ബാബു, പ്രദീപ്‌, കോഴിക്കോട് നാരായണൻ നായർ, അരുണ്‍ ബെന്നി, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണപ്രസാദ്‌, ആന്റണി പെരുമ്പാവൂർ, അഞ്ജലി അനീഷ്‌, കവിയൂർ പൊന്നമ്മ, സോനാ, ശ്രീലത നമ്പൂതിരി, ബിന്ദു മുരളി എന്നിവരാണ് ഒപ്പത്തിലെ താരനിര. ജയരാമൻ എന്ന അന്ധനെ വിശ്വസനീയതയോടെ അവതരിപ്പിച്ചു മോഹൻലാൽ കയ്യടിനേടി. ഗംഗ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ അനുശ്രീ കയ്യടക്കത്തോടെ അഭിനയിച്ചു. വില്ലൻ വേഷത്തിലെത്തിയ സമുദ്രക്കനി വീണ്ടും തന്റെ കഴിവ് തെളിയിച്ചു. മാമുക്കോയയും ചെമ്പൻ വിനോദ് ജോസും ഹാസ്യ രംഗങ്ങളിൽ തിളങ്ങി. ബേബി മീനാക്ഷി തന്മയത്വത്തോടെ അവളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. വിമല രാമനൊഴികെ മറ്റെല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങൾ ഭംഗിയായി അഭിനയിച്ചു.

വാൽക്കഷ്ണം: കുടുംബത്തോടൊപ്പം കുട്ടികളോടൊപ്പം കണ്ടിരിക്കാവുന്ന ത്രില്ലറാണ് പ്രിയദർശന്റെ ഒപ്പം!

തിരക്കഥ, സംഭാഷണം, സംവിധാനം: പ്രിയദർശൻ
കഥ: ഗോവിന്ദ് വിജയൻ
നിർമ്മാണം: ആന്റണി പെരുമ്പാവൂർ
ബാനർ: ആശിർവാദ് സിനിമാസ്
ചായാഗ്രഹണം: ഏകാംബരം
ചിത്രസന്നിവേശം: അയ്യപ്പൻ നായർ
സംഗീതം: ജിം, ബിബി, എൽദോസ്, ജസ്റ്റിൻ
പശ്ചാത്തല സംഗീതം: റോൺ എതാൻ യോഹൻ
ഗാനരചന: ഡോക്ടർ മധു വാസുദേവ്, ബി.കെ.ഹരിനാരായണൻ, ഷാരോൺ ജോസഫ്‌
കലാസംവിധാനം: മോഹൻദാസ്
ചമയം: സജി കൊരട്ടി
സംഘട്ടനം: സ്റ്റണ്ട് സിൽവ
വസ്ത്രാലങ്കാരം: സുജിത് സുധാകരൻ
ശബ്ദമിശ്രണം: രാജകൃഷ്ണൻ
ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ
വിതരണം: മാക്സ്‌ലാബ് റിലീസ്.

ഊഴം – ⭐⭐


രണ്ടാമൂഴം പിഴച്ച പ്രിഥ്വിരാജും ജീത്തു ജോസഫും – ⭐⭐

മെമ്മറീസ് എന്ന ക്രൈം ത്രില്ലർ സിനിമയ്ക്ക് ശേഷം പ്രിഥ്വിരാജും ജീത്തു ജോസഫും ഒന്നിച്ച സിനിമയാണ് ഊഴം. ട്വിസ്റ്റുകളോ സസ്പെൻസുകളോ ഇല്ലാത്ത പ്രതികാര കഥ എന്ന മുൻ‌കൂർ ജാമ്യവുമായി പുറത്തിറങ്ങിയ 2016ലെ ആദ്യ ഓണചിത്രമായ ഊഴം പറഞ്ഞു പഴകിയ സാധാരണ പ്രതികാര കഥയാണ്. തന്റെ സിനിമയിൽ ട്വിസ്റ്റുകളില്ല സസ്‌പെൻസില്ല എന്നും അമിത പ്രതീക്ഷയില്ലാതെ പ്രേക്ഷകർ സിനിമയെ നോക്കിക്കാണണമെന്നുമുള്ള ജീത്തു ജോസഫിന്റെ വിപണന തന്ത്രം രണ്ടാംവട്ടവും പാഴായി. ജീത്തുവിന്റെ ലൈഫ് ഓഫ് ജോസൂട്ടിയുടെയും പരസ്യവാചകമായിരുന്നു മേല്പറഞ്ഞത്. എന്നിട്ടും ആ സിനിമ കുടുംബപ്രേക്ഷകരെപോലും തൃപ്ത്തിപെടുത്തിയില്ല. അതെ അവസ്ഥയിലാകും ഊഴവും എന്ന് നിസംശയം പറയാം.

ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഊഴത്തിൽ പ്രിഥ്വിരാജ്, നീരജ് മാധവ്, പശുപതി, ജയപ്രകാശ്, ബാലചന്ദ്ര മേനോൻ, കിഷോർ സത്യ, ദിവ്യ പിള്ള, രസ്ന പവിത്രൻ, സീത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഷാംദത്ത് സൈനുദ്ധീൻ ചായഗ്രഹണവും, അയൂബ് ഖാൻ ചിത്രസന്നിവേശവും, അനിൽ ജോൺസൺ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
പ്രിഥ്വിരാജ് നായകനായ അമൽ നീരദ് ചിത്രം അൻവർ, പ്രിഥ്വിരാജ്-ജോഷി സിനിമ റോബിൻഹുഡ്‌ എന്നീ സിനിമകളുടെ കഥയുമായി ഒരുപാട് സമാനതകളുള്ള കഥയാണ് ഊഴം എന്ന സിനിമയുടേതും. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയവർക്കെതിരെ സൂര്യ കൃഷ്ണമൂർത്തി നടത്തുന്ന പ്രതികാരമാണ് ഊഴം എന്ന സിനിമയുടെ കഥ. പ്രതികാരത്തിനായി സൂര്യ തിരഞ്ഞെടുക്കുന്ന വഴികൾ അവിശ്വസനീയമായി അനുഭവപെട്ടു. ജീത്തു ജോസഫ് തന്നെയാണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐⭐
ജീത്തു ജോസഫിന്റെ തൂലികയാൽ എഴുതപെട്ട ഡിറ്റക്ട്ടീവ്, മെമ്മറീസ്, ദൃശ്യം എന്നീ സസ്പെൻസ് ത്രില്ലർ സിനിമകളിൽ ഒന്നിൽ പോലും യുകതിയെ ചോദ്യം ചെയ്യുന്ന ഒരൊറ്റ രംഗം പോലുമുണ്ടായിരുന്നില്ല. കൃഷ്ണമൂർത്തിയുടെ കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും ആ കൊലപാതകങ്ങൾക്ക് പിന്നിലുള്ള കുറ്റവാളികളെ അന്വേഷിക്കാത്ത പോലീസുകാർ, കൃഷ്ണമൂർത്തിയുടെ മകൻ സൂര്യ നടത്തുന്ന കൊലപാതകങ്ങൾക്ക് പിന്നിലുള്ള ആളുകളെ അന്വേഷിച്ചിറങ്ങുന്ന യുക്തി മനസ്സിലാകുന്നില്ല. സൂര്യ എന്ന കഥാപാത്രം അനായാസേനെ ഓരോ വീടുകളിലും കയറി ബോംബുകൾ സെറ്റ് ചെയ്യുന്നത് അവിശ്വസനീയമായി അനുഭവപെട്ടു. അതുപോലെ, ക്ലൈമാക്സ് രംഗത്തിൽ വില്ലന്മാർ തന്നെയും സുഹൃത്തുക്കളെയും കെട്ടിയിട്ടത്തിനു ശേഷം ബോംബ്‌ ദേഹത്തു ഘടിപ്പിച്ചു തന്നെ കൊല്ലുമെന്ന് മുൻകൂട്ടി കാണുവാൻ എങ്ങനെ സൂര്യക്ക് സാധിച്ചു? ഇത്തരത്തിലുള്ള യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനവധി സന്ദർഭങ്ങളുള്ള പ്രതികാര കഥയാണ് ഊഴം.

സംവിധാനം: ⭐⭐⭐
ജീത്തു ജോസഫിന്റെ സംവിധാന മികവുകൊണ്ട് മാത്രമാണ് തിരക്കഥയിലുള്ള പിഴവുകൾ ഒരു പരിധിവരെ പ്രേക്ഷകർക്ക് മനസ്സിലാകാതെ അവതരിപ്പിച്ചിരിക്കുന്നത്. പ്രതികാരവും പ്രതികാരത്തിനുളവാക്കിയ സാഹചര്യങ്ങളും അവതരിപ്പിച്ചത് പുതുമയുള്ള രീതിയിലായിരുന്നു. പ്രതികാരത്തിന് സ്വീകരിച്ച വഴികളുടെ ന്യായീകരണം കഥാസന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളുടെയും സഹായത്തോടെ പറഞ്ഞുപോകുന്നുണ്ട്. പക്ഷെ, അവയോരോന്നും നടപ്പിലാക്കുന്ന വഴികൾ അവിശ്വസനീയമായിരുന്നു. ഗ്രാഫിക്സ് സഹായത്തോടെ ബോംബുകൾ പൊട്ടുന്ന രംഗങ്ങൾ കാർട്ടൂൺ സിനിമകളെ ഓർമ്മിപ്പിച്ചു. പ്രിഥ്വിരാജിന്റെ ആരാധകരെ തൃപ്തിപെടുത്തുന്ന ഒരു ശരാശരി സിനിമ എന്നതിലുപരി ഒരു സവിശേഷതയുമില്ലാത്ത ഒന്നാണ് ഊഴം.

സാങ്കേതികം: ⭐⭐⭐
ഷാംദത്ത് സൈനുദ്ധീനാണ് ഊഴത്തിന്റെ ചായാഗ്രഹണം നിർവഹിച്ചത്. സസ്പെൻസില്ലാത്ത ട്വിസ്റ്റുകളില്ലാത്ത ഒരു പ്രതികാര കഥയുടെ വിജയം എന്നത് അതിന്റെ അവതരണമാണ്. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. ക്ലൈമാക്സ് രംഗത്തിലെ ബോംബ്‌ സ്ഫോടനത്തിനു വേണ്ടി മാത്രം മലമുകളിലേക്ക് കഥാപശ്ചാത്തലം മാറ്റിയത് അവിശ്വസനീയതയ്ക്കു ആക്കം കൂട്ടി. അയൂബ് ഖാൻ കൂട്ടിയോജിപ്പിച്ച രീതി രംഗങ്ങൾക്ക് കൂടുതൽ മികവു നൽകി. വർത്തമാനകാലവും ഭൂതകാലവും സന്നിവേശം ചെയ്തിരിക്കുന്ന രീതിയാണ് ഊഴം സിനിമയിലെ ഏക പുതുമ. അനിൽ ജോൺസൺ നൽകിയ പശ്ചാത്തല സംഗീതം ഊഴത്തിനു മാറ്റുകൂട്ടുന്ന രീതിയിലായിരുന്നു. സാബു റാം നിർവഹിച്ച കലാസംവിധാനം മികവു പുലർത്തി. ഗ്രാഫിക്സ് സഹായത്തോടെ അവതരിപ്പിച്ച ബോംബ്‌ പൊട്ടുന്ന രംഗങ്ങൾ നിലവാരമില്ലാത്ത രീതിയിലായി.

അഭിനയം: ⭐⭐⭐
സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ സ്ഥിരം ശൈലിയിൽ പ്രിഥ്വിരാജ് അവതരിപ്പിച്ചു. കൃഷ്ണമൂർത്തിയുടെ വളർത്തു മകൻ അജ്മലായി നീരജ് മാധവും, കാപ്റ്റൻ എന്ന വില്ലൻ കഥാപാത്രമായി പശുപതിയും, വിൽഫ്രഡ് എന്ന മറ്റൊരു വില്ലനായി ജയപ്രകാശും അഭിനയ മികവു പുലർത്തി. കൃഷ്ണമൂർത്തിയായി ബാലചന്ദ്രമേനോൻ അതിമനോഹരമായി അഭിനയിച്ചു. ദിവ്യ പിള്ള, രസ്ന പവിത്രൻ, സീത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങളിലെത്തിയ നടന്മാരുടെ അഭിനയം പരിതാപകരമായിരുന്നു. ഇർഷാദ്, കിഷോർ സത്യ എന്നിവരും ഈ സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

വാൽക്കഷ്ണം: കണ്ടുമടുത്ത പ്രതികാര വീഥികളിലൂടെ സഞ്ചരിക്കുന്ന പുതുമകളില്ലാത്ത ഒരു സിനിമയാണ് ഊഴം.

രചന, സംവിധാനം: ജീത്തു ജോസഫ്
നിർമ്മാണം: ജി.ജോർജ്, ആന്റോ പടിഞ്ഞാറേക്കര, ജിനു മാത്യു
ചായാഗ്രഹണം: ഷാംദത്ത് സൈനുദ്ധീൻ
ചിത്രസന്നിവേശം: അയൂബ് ഖാൻ
സംഗീതം: അനിൽ ജോൺസൺ
ഗാനരചന: സന്തോഷ് വർമ്മ, അമിത് കുമരൻ
കലാസംവിധാനം: സാബു റാം
ചമയം: റഹിം കൊടുങ്ങല്ലൂർ
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്.