ദി ഗ്രേറ്റ് ഫാദർ – ⭐⭐

താരരാജാവിന്റെ താരപ്പകിട്ടിൽ ഒരുവട്ടം കണ്ടിരിക്കാം! – ⭐⭐

കാലികപ്രസക്തിയുള്ള ഒരു പ്രമേയത്തെ കണ്ടുപരിചിതമായ കഥാസന്ദർഭങ്ങളിലൂടെ പ്രവചിക്കാനാവുന്ന കഥാഗതിയിലൂടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. സസ്പെൻസ് നിലനിർത്തിയിരിക്കുന്ന രീതിയും ത്രസിപ്പിക്കുന്ന സംഭാഷണങ്ങളും മമ്മൂട്ടിയുടെ അഭിനയവും അദ്ദേഹത്തിന്റെ ആരാധകരെ ആവേശഭരിതരാക്കും എന്നുറപ്പ് !അതിനപ്പുറത്തേക്കുള്ള മികവൊന്നും ഈ സിനിമയുടെ കഥാസന്ദർഭങ്ങൾക്കോ അവയുടെ അവതരണത്തിനോ ഇല്ല എന്നതാണ് ദൗർഭാഗ്യകരമായ സത്യം.

നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ നിർമ്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ഓഗസ്റ്റ് സിനിമാസാണ്. പൃഥ്വീരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരാണ് ഈ സിനിമയുടെ നിർമ്മാതാക്കൾ. മമ്മൂട്ടി, ആര്യ, ശാം, സ്നേഹ, ബേബി അനിഘ, മിയ, കലാഭവൻ ഷാജോൺ, സോഹൻ സിനുലാൽ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കലാഭവൻ പ്രജോദ്, പ്രശാന്ത്, സുനിൽ സുഖദ, വി.കെ.ബൈജു, ഐ.എം.വിജയൻ, ബാലാജി ശർമ്മ, ഡോക്ടർ റോണി ഡേവിഡ്, ഷാജി നടേശൻ, ദീപക് പറമ്പൊൾ, അനീഷ് മേനോൻ, മാളവിക മോഹൻ, അനു ജോസഫ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐
ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി കേൾക്കുന്ന പീഡന കഥകൾ ഞെട്ടിക്കുന്നതാണ്. എഴുപതു കഴിഞ്ഞ വൃദ്ധ മുതൽ ഏഴു മാസം പോലും തികയാത്ത കുട്ടികളെ വരെ പീഡിപ്പിക്കുന്ന മാനസിക രോഗികൾ ഉള്ള നാടായി മാറിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളം. അത്തരത്തിലുള്ള പശ്ചാത്തലത്തിൽ ഏറെ ഗൗരവമുള്ള ഒരു വിഷയമാണ് ഹനീഫ് അദേനി ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നത്. കുറച്ചു മാസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള സിനിമയിലും ഇതേ പ്രമേയമാണ് അവതരിപ്പിച്ചത്. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും അതിനൊത്തൊരു കഥയെഴുതുവാൻ ഹനീഫ് അദേനി ശ്രമിച്ചില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. മമ്മൂട്ടിയുടെ ആരാധകർക്കും കുടുംബകഥകൾ ഇഷ്ടപെടുന്നവർക്കും ആസ്വാദ്യകരമായ ഒരു കഥ കൃത്രിമമായി രൂപപെടുത്തി എടുക്കുകയാണ് ഹനീഫ് അദേനി ചെയ്തത്.

തിരക്കഥ: ⭐⭐
കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ കുടുംബത്തോടൊപ്പമാണ് സിനിമ കാണുവാൻ പോകുന്നത്. അതുകൂടാതെ, മമ്മൂട്ടിയുടെ ആരാധകർക്കായി എല്ലാ ചേരുവകളും ചേർത്തൊരു സിനിമ പുറത്തിറങ്ങിയിട്ട് കുറെ മാസങ്ങളുമായി. മേല്പറഞ്ഞ രണ്ടു വസ്തുതകളും മനസ്സിൽ കണ്ടെഴുതിയ കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിലുടനീളം. കുടുംബ പ്രേക്ഷകർക്കായി എഴുതിയ വൈകാരികത നിറഞ്ഞ രംഗങ്ങളാണ് ആദ്യ പകുതിയിലെങ്കിൽ, കൊലപാതകിയെ തേടിയിറങ്ങുന്ന സസ്പെൻസ് മുഹൂർത്തങ്ങളാണ് രണ്ടാം പകുതിയിൽ. ആദ്യ പകുതിയിലെ രംഗങ്ങൾ ഭൂരിഭാഗവും ഊഹിക്കാനാവുന്നതും കുറെ സിനിമകളിൽ കണ്ടുമടുത്തതുമാണ്. രണ്ടാം പകുതിയിലേക്കു കടക്കുമ്പോൾ, കൊലപാതികയേ തേടിയിറങ്ങുന്ന രംഗങ്ങളിൽ പുതുമയില്ലായെങ്കിലും കൊലപാതകിയെ ആരാണെന്ന സൂചനയൊന്നും നൽകാതെ സസ്പെൻസ് നിലനിർത്തിയിരുന്ന രീതി മികവ് പുലർത്തി. ആസ്വാദനത്തിനു വേണ്ടി എഴുതിയ കഥാസന്ദർഭങ്ങളിൽ അബദ്ധങ്ങൾ വേണ്ടുവോളമുണ്ട്. കൊലപാതകി നിരന്തരം മൊബൈൽ ഫോണിൽ നിന്ന് ഡേവിഡ് നൈനാനെയും മറ്റു പലരെയും ഫോൺ ചെയ്യുന്നുണ്ട്. അത്തരത്തിൽ പെരുമാറുന്ന ഒരാൾ വസിക്കുന്ന സ്ഥലം കണ്ടെത്താൻ ഡേവിഡും ആര്യ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രവും നെട്ടോട്ടമോടുന്നതു കാണുമ്പോൾ പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്. കഥാവസാനം കൊലപാതകിയോടു പ്രതികാരവും ചെയ്തു പോകുന്ന നായകനോട് പോലീസിന്റെ വക പ്രശംസയും. ഈ കുറവുകളൊക്കെ ക്ഷമിച്ചു സിനിമ കണ്ടവർക്ക് ആശ്വാസമായത് സംഭാഷണങ്ങളാണ്. ഡേവിഡും ആൻഡ്രുസും തമ്മിലുള്ള സംഭാഷണങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഒരല്പം പുതുമ അർഹിക്കുന്ന കഥാസന്ദർഭങ്ങൾ ഹനീഫ് അദേനി എഴുതാത്തത് ഒരു തിരിച്ചടിയാകുമോ എന്ന് വരും നാളുകളിൽ അറിയാം.

സംവിധാനം: ⭐⭐⭐
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചൂടേറിയ ഒരു വിഷയം, മമ്മൂട്ടി, ആര്യ എന്നിവരുടെ താരമൂല്യം, ഓഗസ്റ്റ് സിനിമാസ് പോലൊരു നിർമ്മാണ കമ്പിനി തുടങ്ങിയ ചേരുവകളൊക്കെ കൂടെയുണ്ടായിട്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ഒരുക്കുവാൻ ഹനീഫ് അദേനിയ്ക്ക് സാധിച്ചില്ല. മമ്മൂട്ടിയുടെ അഭിനയമികവും ആര്യയുടെ താരപ്പകിട്ടും, സസ്പെൻസ് നിലനിർത്തിയ രീതിയും, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവുമാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. തിരക്കഥയിലുള്ള ന്യൂനതകൾ പരിഹരിക്കപ്പെടുന്നത് സാങ്കേതിക മികവോടെയുള്ള അവതരണം ഒന്നുകൊണ്ടു മാത്രമാണ്. മികച്ചൊരു സസ്പെൻസ് സിനിമ ഒരുക്കണോ അതോ മമ്മൂട്ടിയുടെ ആരാധകരെ സന്തോഷിപ്പിക്കണോ എന്ന ആശയകുഴപ്പത്തിലായ ഹനീഫ് അദേനി ആദ്യത്തേത് തിരഞ്ഞെടുത്തിരുന്നുവെങ്കിൽ, യവനികയും ഈ തണുത്ത വെളുപ്പാൻ കാലത്തും ഉത്തരവും പോലെയൊരു ഉഗ്രൻ സസ്പെൻസ് സിനിമ പ്രേക്ഷകർക്ക് ലഭിക്കുമായിരുന്നു. സിനിമ കണ്ടിറങ്ങുന്ന മമ്മൂട്ടിയുടെ ആരാധകർ സംതൃപ്തരായതുകൊണ്ടു ഹനീഫിന് ആശ്വസിക്കാം.

സാങ്കേതികം: ⭐⭐⭐
റോബി വർഗീസ് രാജ് തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. മമ്മൂട്ടിയുടെ ആദ്യ കാർ ജമ്പ് രംഗം മുതൽ ക്‌ളൈമാക്‌സ് സംഘട്ടനം വരെ ആരാധകരെ ആവേശംകൊള്ളിക്കുന്ന രീതിയിലായിരുന്നു ഫ്രേയിമുകൾ. മഴ പെയ്യുന്ന രംഗങ്ങളിൽ കൃത്രിമത്വം തോന്നി എന്നതല്ലാതെ മറ്റൊരു കുറവും ഛായാഗ്രഹണത്തിൽ കണ്ടില്ല. ആദ്യാവസാനം സിനിമയ്ക്ക് ഒരു ഉണർവ്വ് പകരുവാൻ റോബി വർഗീസിന്റെ രംഗങ്ങൾക്കു സാധിച്ചു. ആദ്യ പകുതിയുടെ തുടക്കത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഒരല്പം ഇഴഞ്ഞു നീങ്ങുന്ന രീതിയിലായി രംഗങ്ങളുടെ സന്നിവേശം. പക്ഷെ, കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും ഈ സിനിമയിൽ കണ്ടില്ല എന്നതാണ് നൗഫൽ അബ്ദുള്ളയുടെ മികവ്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ഒരുപരിധിവരെ ആവേശഭരിതരാക്കുവാൻ സഹായിച്ചു. ഈ സിനിമയിലെ മമ്മൂട്ടിയുടെ ആദ്യ രംഗത്തിലെ പശ്ചാത്തല സംഗീതം ഇതിനുദാഹരണം. അതുപോലെ ക്‌ളൈമാക്‌സിൽ കൊലപാതകിക്ക് നൽകിയിരിക്കുന്ന പാശ്ചാത്യ ശൈലിയിലുള്ള പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ഹരി നാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദറാണ്. ഒരുവട്ടം കേട്ടുമറക്കാം എന്നതിനപ്പുറം സവിശേഷതയൊന്നും പാട്ടുകൾക്കില്ല. ജി നിർവഹിച്ച സംഘട്ടന രംഗങ്ങൾ തരക്കേടില്ലായിരുന്നു. കാർ ജമ്പ് രംഗങ്ങളും സിനിമയുടെ തുടക്കത്തിലെ കാർ അപകടവും മികവ് പുലർത്തി. എന്നാൽ, ക്‌ളൈമാക്‌സിലെ സംഘട്ടന രംഗം ശരാശരിയിലൊതുങ്ങി. സുബാഷിഷ് ആണ് കലാസംവിധാനം നിർവഹിച്ചത്. ക്‌ളൈമാക്‌സിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ രൂപം വിശ്വസനീയത നൽകുന്നതായിരുന്നു. അതിനൊപ്പം പ്രതിനായകന്റെ മുഖത്തുള്ള ചമയവും പുതുമയുള്ളതായിരുന്നു. റോണക്സ് സേവര്യറാണ് ചമയം. സ്നേഹയുടെ മുഖത്തെ മേക്കപ് ഒരല്പം കൂടുതലായതു പോലെയും തോന്നി. സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരത്തിൽ ഡേവിഡ് നൈനാൻ കൂടുതൽ പൗരുഷമുള്ള ഒരാളായി അനുഭവപെട്ടു.

അഭിനയം: ⭐⭐⭐
ഡേവിഡ് നൈനാൻ മമ്മൂട്ടിയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. ഡേവിഡ് നൈനാന്റെ പകയും സങ്കടവും ഒരുപോലെ ആദ്യാവസാനം മികവോടെ അവതരിപ്പിക്കുവാൻ മമ്മൂട്ടിയ്ക്ക് സാധിച്ചു. ബിലാൽ ജോൺ കുരിശിങ്കൽ ഏറെക്കുറെ ഇതേ മാനസിക വ്യഥ അനുഭവിക്കേണ്ടി വരുന്ന ഒരു കഥാപാത്രമാണ്. അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഡേവിഡ് നൈനാനെ മമ്മൂട്ടി അവതരിപ്പിച്ചത്. പ്രതീക്ഷ തെറ്റിക്കാതെ വളരെ മികവോടെ സാറാ ഡേവിഡിനെ ബേബി അനിഖ അവതരിപ്പിച്ചു. മലയാളത്തിലേക്കുള്ള ആര്യയുടെ രണ്ടാംവാരവും മികവ് പുലർത്തി. കഥാപാത്ര രൂപീകരണത്തിൽ പോരായ്മ ഉണ്ടെങ്കിലും, ആൻഡ്രുഡ് ഈപ്പനെ രസകരമായി ആര്യ അവതരിപ്പിച്ചിട്ടുണ്ട്. കലാഭവൻ ഷാജോണും ബാലാജിയും മിയയും തങ്ങളുടെ വേഷങ്ങളിൽ തിളങ്ങി. ഇവരെ കൂടാതെ ഈ സിനിമയിൽ വേഷമിട്ട എല്ലാവരും അവരവരുടെ വേഷങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: കാലികപ്രസക്തിയുള്ള പ്രമേയത്തിന്റെ കണ്ടുമടുത്ത അവതരണമാണ് ദി ഗ്രേറ്റ് ഫാദർ!

രചന, സംവിധാനം: ഹനീഫ് അദേനി
നിർമ്മാണം: പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ
ബാനർ: ഓഗസ്റ്റ് സിനിമാസ്
ഛായാഗ്രഹണം: റോബി വർഗീസ് രാജ്
ചിത്രസന്നിവേശം: നൗഫൽ അബ്ദുള്ള
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുഭാഷിഷ്‌
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
സംഘട്ടനം: ജി.
നൃത്തസംവിധാനം: ഷോബി പോൾരാജ്
ശബ്ദസംവിധാനം: രംഗനാഥ് രവി
വിതരണം: ഓഗസ്റ്റ് സിനിമ റിലീസ്.