ആദ്യരാത്രി – ⭐️⭐️⭐️

ആദ്യരാത്രി – കുടുംബസമേതം കാണാം ഈ ആദ്യരാത്രി! ⭐️⭐️⭐️

കുടുംബസമേതം സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രസക്കൂട്ടുകൾ എന്തെല്ലാമാണെന്ന് കൃത്യമായി അറിയാവുന്ന നടനാണ് ബിജു മേനോൻ. കേരളത്തിലെ നാട്ടിൻപുറത്തു നടന്നേക്കാവുന്ന കഥയും, ആ കഥയിൽ പ്രേക്ഷകർക്ക് സുപരിചിതമായ കഥാപാത്രങ്ങളും, നായകന്റെ നിവർത്തികേടുകൊണ്ടു പെട്ടുപോകുന്ന അവസ്ഥകളും, അതുമൂലമുണ്ടാകുന്ന നർമ്മങ്ങളുമൊക്കെ കൂട്ടിയിണക്കിയിതായിരിക്കും ഒട്ടുമിക്ക ബിജു മേനോൻ സിനിമകളുടെയും കഥ. വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് ശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിച്ച ആദ്യരാത്രി എന്ന സിനിമയിലും മേല്പറഞ്ഞവയെല്ലാം കോർത്തിണക്കിയിട്ടുണ്ട്.

നവാഗതരായ ഷാരിസ് മുഹമ്മദ് – ജെബിൻ ജോസഫ് ആന്റണി എന്നിവരാണ് ആദ്യരാത്രിയുടെ കഥയും തിരക്കഥയും എഴുതിയത്. പുതുമുഖം സാദിഖ് കബീറാണ് ഛായാഗ്രഹണം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സെൻട്രൽ പിക്ചേഴ്സ് നിർമ്മാണവും വിതരണവും ഒരുമിച്ചു നിർവഹിച്ച സിനിമകൂടിയാണിത്.

പ്രമേയം ⭐️
പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത പ്രമേയവും കഥയും ഒരിക്കൽക്കൂടി ഒരു ബിജുമേനോൻ സിനിമയ്ക്ക് കാരണമാകുന്നു. ജന്മനാൽ തരികിട സ്വഭാവമുള്ള ഒരാൾ രാഷ്ട്രീയത്തിലെ പാരവെപ്പുകളെ എങ്ങനെ തരണം ചെയ്തു വിജയിക്കുന്നു എന്നതായിരുന്നു വെള്ളിമൂങ്ങ സിനിമയിലൂടെ പ്രേക്ഷകർ കണ്ടത്. പക്ഷെ, ആദ്യരാത്രി എന്ന സിനിമയുടെ കാര്യത്തിൽ കണ്ടുപരിചയമുള്ള പ്രശ്നങ്ങളായ ഒളിച്ചോട്ടവും പ്രേമം മുടക്കലും കല്യാണം നടത്തിലും ഒട്ടും പുതുമ സമ്മാനിക്കാതെപോയി. കണ്ടുമടുത്ത ഇത്തരം പ്രമേയങ്ങളും കഥകളും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമായേക്കുമെന്ന വിശ്വാസമായിരിക്കാം ഒരു പക്ഷെ സംവിധായകൻ ജിബു ജേക്കബിനെയും നായകൻ ബിജു മേനോനെയും നിർമ്മാതാക്കൾ സെൻട്രൽ പിക്ചേഴ്സ്സിനെയും ഈ സിനിമയിലേക്ക് ആകർഷിച്ചത്.

തിരക്കഥ ⭐️⭐️
മുല്ലക്കര എന്ന സാങ്കല്പിക ഗ്രാമത്തിലെ കണ്ണിലുണ്ണിയായ വ്യക്തിയാണ് വിവാഹ ബ്രോക്കർ മനോഹരൻ. നന്മയുള്ള ഒരു മനസ്സും ഒരല്പം തരികിടയും കൈവശമുള്ള മനോഹരൻ എന്ന വിവാഹ ബ്രോക്കറിൻറെ നാട്ടിലുണ്ടാകുന്ന ചില പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആദ്യരാത്രിയുടെ കഥ. ആ നാട്ടുകാർ വെറുമൊരു വിവാഹ ബ്രോക്കറായിട്ടല്ല മനോഹരനെ കാണുന്നത്. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും തീർപ്പുകൽപ്പിക്കുന്നതും മനോഹരൻ തന്നെ. മധ്യവയസ്കനായ മനോഹരൻ അവിവാഹിതനാണ്. 20 വർഷങ്ങൾക്കു മുമ്പ് ഒരു വിവാഹത്തിന്റെ അന്ന് പ്രത്യേക സാഹചര്യത്തിൽ ബ്രോക്കർ ആകേണ്ടി വന്ന മനോഹരൻ, അതൊരു തൊഴിലായി സ്വീകരിക്കുന്നു. അയാളുടെ കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപെട്ടു അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവങ്ങളാണ് ആദ്യരാത്രി എന്ന സിനിമയുടെ കഥാസന്ദർഭങ്ങൾ. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങൾ, നാട്ടിൻപുറത്തെ സ്ഥിരം കഥാപാത്രങ്ങൾ എന്നിവയെല്ലാം ഇന്നത്തെ സിനിമയുടെ വിജയ ഘടകങ്ങൾ ആണെന്നുള്ള വസ്തുത ദൗർഭാഗ്യകരം തന്നെ. മേല്പറഞ്ഞ കുറവുകളുണ്ടെകിലും, ബിജു മേനോനും മനോജ് ഗിന്നസും ചേർന്നുള്ള ചില രംഗങ്ങളിലെ തമാശ നിറഞ്ഞ സംഭാഷണങ്ങൾ ചിരിപ്പിക്കുന്നവയായിരുന്നു. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങൾ നിരവധിയുണ്ടെങ്കിലും, സാധാരണ പ്രേക്ഷകന് ഒരുതവണ ചിരിക്കാനും രസിക്കാനുമുള്ള ഘടകങ്ങളെല്ലാം തിരക്കഥയിൽ ചേർക്കുവാൻ ഷാരിസ്-ജെബിൻ സഖ്യം മറന്നില്ല എന്നത് ആശ്വാസകരം.

സംവിധാനം ⭐️⭐️⭐️
കുടുംബപ്രേക്ഷകർ ആരാധകരായുള്ള നടനെ അവർക്കു ഇഷ്ടമാകുന്ന രീതിയിൽ സിനിമയിൽ അവതരിപ്പിക്കുക എന്നത് ബുദ്ധിയുള്ള സംവിധായകനു മാത്രമേ സാധ്യമാകുകയുള്ളൂ. മേല്പറഞ്ഞ ബുദ്ധിയുള്ള സംവിധായകരിൽ ഒരാളാണ് ജിബു ജേക്കബ്. തരികിട കഥാപാത്രങ്ങൾ ഇണങ്ങുന്ന ബിജു മേനോന്റെ മാമച്ചനും, പ്രണയം തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിവുള്ള മോഹൻലാലിൻറെ ഉലഹന്നാനും അതിനുദാഹരണങ്ങൾ. കുഞ്ഞാറ്റ എന്ന കഥാപാത്രം അവതരിപ്പിക്കാൻ മനോജ് ഗിന്നസിനെ തിരഞ്ഞെടുത്തത് സംവിധായക മികവ് തന്നെ. എന്നാൽ, നായികയുടെ റോളിൽ അനശ്വര രാജനെ തിരഞ്ഞെടുത്തത് അനിയോജ്യമല്ലാതെ തോന്നുകയും ചെയ്തു. കുട്ടനാടിന്റെ ഗ്രാമീണ പശ്ചാത്തലവും, രസകരമായ തമാശകളും, ബിജു മേനോന്റെ തരികിടകളും, ഇമ്പമുള്ള പാട്ടുകളും രണ്ടേകാൽ മണിക്കൂർ ദൈർഘ്യത്തിൽ കഥപറഞ്ഞ രീതിയും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. എന്നാൽ മറുവശത്തു, വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്നു എന്ന അമിത പ്രതീക്ഷ ഒരുപരിധി വരെ സിനിമയ്ക്ക് ദോഷം ചെയ്തിട്ടുമുണ്ട്. വെള്ളിമൂങ്ങയോളം പ്രേക്ഷകരെ രസിപ്പിക്കുന്നിലെങ്കിലും, സമീപകാല ബിജു മേനോൻ സിനിമകളെ അപേക്ഷിച്ചു ഭേദമായ അനുഭവമായിരുന്നു ആദ്യരാത്രി.

സാങ്കേതികം ⭐️⭐️⭐️
കുട്ടനാടൻ ഗ്രാമീണത ഓരോ ഫ്രേയിമിലും ഉൾപ്പെടുത്തുവാൻ ഛായാഗ്രാഹകൻ സാദിഖ് കബീറിന് കഴിഞ്ഞിട്ടുണ്ട്. അജു വർഗീസും അനശ്വര രാജനും പാടിയഭിനയിച്ച ഗാനരംഗത്തിന്റെ ചിത്രീകരണം രസകരമായിരുന്നു. സൂരജ് ഈ എസ് ആണ് ചിത്രസന്നിവേശം നിർവഹിച്ചത്. പ്രേക്ഷരെ ബോറടിപ്പിക്കാതെ രണ്ടേകാൽ മണിക്കൂർ ദൈർഘ്യത്തിൽ കഥ പറയുവാൻ സാധിച്ചത് സന്നിവേശകന്റെ മികവ് തന്നെ. ബംഗളൂരു നഗരത്തിലെ കോളേജിൽ അരങ്ങേറുന്ന സംഭവങ്ങളിൽ ചിലതു ഒഴിവാക്കാമായിരുന്നു. കഥയിൽ പിന്നീട് യാതൊരു ഗുണവുമില്ലാത്തവയായിരുന്നു ആ രംഗങ്ങൾ. ബിജിബാൽ ഈണമിട്ട ഗാനങ്ങൾ കേൾക്കാൻ രസമുള്ളവയായിരുന്നു. ബാഹുബലിയുടെ സ്പൂഫ് ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു. അജയൻ മങ്ങാടാണ് കലാസംവിധാനം നിർവഹിച്ചത്. ബ്രോക്കർ മനോഹരന്റെ ജുബ്ബയും മുണ്ടും ബിജു മേനോന് അനിയോജ്യമായ രീതിയിൽ തോന്നി. എന്നാൽ, അനശ്വര രാജനെ ഒരല്പം പ്രായം തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളെങ്കിലും നൽകാമായിരുന്നു. സുനിൽ ജോർജാണ്‌ വസ്ത്രാലങ്കാരം നിർവഹിച്ചത്.

അഭിനയം ⭐️⭐️⭐️
30 വർഷങ്ങൾക്ക് മുമ്പായിരുന്നുവെങ്കിൽ മനോഹരൻ എന്ന കഥാപാത്രം അവതരിപ്പിക്കാൻ ജയറാമും മുകേഷും അനിയോജ്യരായായിരുന്നു. 15 വർഷങ്ങൾക്കു മുമ്പായിരുന്നുവെങ്കിൽ ദിലീപിനും അനിയോജ്യമായ വേഷം തന്നെ. എന്നാൽ ഇപ്പോൾ ഈ കഥാപാത്രം അവതരിപ്പിക്കുവാൻ ബിജു മേനോനല്ലാതെ മറ്റാർക്കും സാധ്യമല്ല. വെള്ളിമൂങ്ങയിലെ മാമച്ചനെ അനുസ്മരിപ്പിക്കുന്ന സ്ഥിരം ബിജു മേനോൻ അഭിനയ ശൈലിയാണ് ഈ സിനിമയിലും അദ്ദേഹം കാഴ്ചവെച്ചതെങ്കിലും, അതൊന്നും പ്രേക്ഷകർക്ക് അരോചകമായി തോന്നിയില്ല എന്നതാണ് ആ നടന്റെ വിജയം. കുഞ്ഞാറ്റ എന്ന കഥാപാത്രത്തെ രസകരമായി അവതരിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിക്കാൻ മനോജ് ഗിന്നസിനും സാധിച്ചു. വ്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണ് അജു വർഗീസ് ഈ സിനിമയിൽ അവതരിപ്പിച്ചത്. നെഗറ്റിവ് കഥാപാത്രമായി പോളി വിത്സണും അഭിനയ മികവ് പുലർത്തി. ഇവരെ കൂടാതെ, അനശ്വര രാജൻ, സർജാനോ ഖാലിദ്, വിജയരാഘവൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ, ജയൻ ചേർത്തല, അശ്വിൻ ജോസ്, വിനോദ് കെടാമംഗലം, നസീർ സംക്രാന്തി, പ്രസാദ് മുഹമ്മ, ഹരിപ്രശാന്ത്, ശ്രീലക്ഷ്മി, സ്നേഹ ബാബു, ഷൈനി രാജൻ, വീണ നായർ എന്നിവരും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: ബിജുമേനോൻ സിനിമയിൽ നിന്ന് കുടുംബ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വിഭവങ്ങളെല്ലാം ചേർത്ത ആദ്യരാത്രി ഒരുവട്ടം കണ്ടിരിക്കാം.

സംവിധാനം: ജിബു ജേക്കബ്
രചന: ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി
നിർമ്മാണം: സെൻട്രൽ പിക്ചേഴ്സ്
ഛായാഗ്രഹണം: സാദിഖ് കബീർ
ചിത്രസന്നിവേശം: ഈ.എസ്.സൂരജ്
സംഗീതം: ബിജിബാൽ
വരികൾ: സന്തോഷ് വർമ്മ, ഡി.ബി. അജിത്കുമാർ
കലാസംവിധാനം: അജയ് മാങ്ങാട്
വസ്ത്രാലങ്കാരം: സുനിൽ ജോർജ്
വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്

മനോഹരം – ⭐️⭐️⭐️

മനോഹരം – വിനീതം മനോഹരം! ⭐️⭐️⭐️

ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരനാണ് മനു (മനോഹരൻ). ചുമർ ചിത്രങ്ങൾക്ക് വെല്ലുവിളിയായ ഫ്ലെക്സ് പ്രിന്റുകൾ പരസ്യത്തിനായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ, മനോഹരനെ പോലെയുള്ള ചിത്രകാരന്മാരുടെ തൊഴിലും ജീവിതവും എത്തരത്തിൽ ബാധിക്കുന്നു എന്നവതരിപ്പിക്കുന്ന കഥയാണ് മനോഹരത്തിന്റേത്.

ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് ശേഷം അൻവർ സാദിക്ക് സംവിധാനം ചെയ്ത മനോഹരത്തിൽ വിനീത് ശ്രീനിവാസൻ, അപർണ്ണ ദാസ്, ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ദീപക് പറമ്പൊൾ, ഹരീഷ് പരേഡി, ഡൽഹി ഗണേഷ്, നിസ്താർ സേട്ട്, അഹമ്മദ് സിദ്ദിക്ക്, ജൂഡ് ആന്തണി, വി.കെ. പ്രകാശ്, നന്ദുലാൽ, ശ്രീലക്ഷ്മി, നീന കുറുപ്പ്, നന്ദിനി നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രമേയം ⭐️⭐️
കലാകാരന്മാർ സാങ്കേതികപരമായി പിന്നോട്ടാണെന്നുള്ള മിഥ്യാധാരണ നമ്മടെ നാട്ടിൽ ചിലർക്കുണ്ട്. ഏതൊരു കലാകാരനും തന്റെ സ്വതസിദ്ധമായ കഴിവിനെ സാങ്കേതികപരമായി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ വിജയപരാജയങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിൽ തോറ്റുകൊടുക്കാതെ വീണ്ടും വിജയിക്കുവാൻ പരിശ്രമിക്കുന്നയിടത്താണ് യഥാർത്ഥ വിജയം തുടങ്ങുന്നത്. അന്ന്യം നിന്നുപോകുന്ന കലയും ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമായ സാങ്കേതിക അറിവും ഒരുപോലെ ഉപയോഗപ്പെടുത്തുവാൻ കഷ്ടപ്പെടുന്ന ഒരു കലാകാരൻ, തന്റെ ന്യൂനതകളെ അതിജീവിച്ചു വിജയം കൈവരിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. പുതുമയുള്ള പ്രമേയമല്ലെങ്കിലും, ഈ സിനിമയിലൂടെ നൽകുന്ന സന്ദേശം ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് സാധിക്കുമെന്നുറപ്പ്!

തിരക്കഥ ⭐️⭐️⭐️
സംവിധായകൻ അൻവർ സാദിഖ് തന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഒരു ഫീൽ ഗുഡ് സിനിമ എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയാണിതെങ്കിലും, കഥയിലുള്ള ചെറിയ വഴിത്തിരുവകൾ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതാണ്. കഥാസന്ദർഭങ്ങളും കഥാഗതിയും കണ്ടുപരിചിതമാണെങ്കിലും, അവയൊന്നും പ്രേക്ഷകരെ മുഷിപ്പിക്കുന്നതല്ല. സത്യസന്ധമായ നർമ്മവും അവയുടെ അവതരണവുമാണ് സിനിമയുടെ മറ്റൊരു ആകർഷണ ഘടകം. ഏറെ നാളുകൾക്കു ശേഷം അതിശയോക്തിയില്ലാത്ത പാലക്കാടൻ ഭാഷ ഈ സിനിമയിലെ സംഭാഷണങ്ങളിലൂടെ കേൾക്കുവാൻ സാധിച്ചു. മനോഹരൻ എന്ന കഥാപാത്രത്തെ ഇന്നത്തെ തലമുറയിലുള്ള യുവാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതും കഥാപാത്ര സൃഷ്ടിയുടെ മികവ് തന്നെയാണ്.

സംവിധാനം ⭐️⭐️⭐️
ഓരോ കഥാസന്ദർഭങ്ങളും രസകരമായ രീതിയിൽ ചടുലതയോടെ അവതരിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. അതിൽ നൂറു ശതമാനം വിജയിക്കുവാൻ അൻവർ സാദിക്കിന് സാധിച്ചു. ഈ സിനിമയിലെ ഒരു കഥാസന്ദർഭം പോലും അനാവശ്യമായി വലിച്ചുനീട്ടി സ്പൂൺ ഫീഡിങ് രീതിയിൽ അവതരിപ്പിച്ചിട്ടില്ല. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഓരോ കഥാസന്ദർഭങ്ങളും അതിശയോക്തിയില്ലാതെയാണ് അവതരിപ്പിച്ചത്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും സംവിധായകൻ മികവ് തെളിയിച്ചു. സ്ഥിരം അമ്മാവൻ വേഷങ്ങളിൽ കണ്ടുവരാറുള്ള സിദ്ദിഖിനും വിജയരാഘവനും രഞ്ജി പണിക്കർക്കും പകരം, വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ഹരീഷ് പരേഡിയുടെ അഭിനയം തന്നെ അതിനു ഉദാഹരണം. ഈ സിനിമയോടെ അൻവർ സാദിഖിന്റെ മുഖം മലയാള സിനിമ പ്രേമികൾക്ക് ഓർമ്മയുണ്ടാകും!

സാങ്കേതികം ⭐️⭐️⭐️
താരതമ്യേനെ പുതുമുഖങ്ങളാണ് ഈ സിനിമയുടെ പ്രധാനപെട്ട സാങ്കേതിക വശങ്ങളായ ഛായാഗ്രഹണവും ചിത്രസന്നിവേശവും സംഗീതവും കൈകാര്യം ചെയ്തത്. ഇനി മലയാള സിനിമയിൽ ശ്രദ്ധ നേടാൻ സാധ്യതയുള്ള ഒരു പേരായിരിക്കും നിഥിൻ രാജ് അരോൾ. സമീപകാലത്തിറങ്ങിയ സിനിമകളിൽ കണ്ടതിൽ മികച്ച സന്നിവേശമാണ് ഈ സിനിമയുടേത്. ചടുലതയുള്ള അവതരണത്തിന് ഏറെ സഹായകമായത് നിഥിന്റെ സന്നിവേശമാണ്. ജിബിൻ ജെക്കബിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത ഘടകങ്ങളിൽ ഒന്നാണ്. സഞ്ജീവ് തോമസ് ചിട്ടപ്പെടുത്തിയ ഗാനങ്ങളും കേൾക്കാൻ രസമുള്ളവയായിരുന്നു. മനു മഞ്ജിത്തും ജോ പോളുമാണ് പാട്ടുകളുടെ വരികൾ എഴുതിയത്. നിമേഷ് താനൂരിന്റെ കലാസംവിധാനവും മികവ് പുലർത്തി.

അഭിനയം ⭐️⭐️⭐️
അപകർഷതാബോധം നിറഞ്ഞ യുവാവിന്റെ വേഷം കൈയടക്കത്തോടെ മിതത്വമാർന്ന രീതിയിൽ അവതരിപ്പിക്കുവാൻ വിനീത് ശ്രീനിവാസന് സാധിച്ചു. മനോഹരനെ പുച്ഛത്തോടെ പരിഹസിക്കുന്ന അമ്മാവനായി ഹരീഷും തന്റെ റോൾ മികച്ചതാക്കി. സുഹൃത്തിന്റെ റോളിൽ ബേസിൽ ജോസഫും അച്ഛന്റെ സുഹൃത്തും വഴികാട്ടിയുമായ വർക്കി എന്ന വേഷത്തിൽ ഇന്ദ്രൻസും തിളങ്ങി. താരതമ്യേനെ പുതുമുഖമാണെങ്കിലും അപർണ്ണ ദാസ് നായികയുടെ റോൾ പക്വതയോടെ അവതരിപ്പിച്ചു. സദാസമയം പാരവെപ്പു നടത്തുന്ന സുഹൃത്തിന്റെ വേഷം ദീപക് പറമ്പൊൾ മികവുറ്റതാക്കി. ഏറെ നാളുകൾക്കു ശേഷം അലിഭായ് എന്ന കഥാപാത്രമായി പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷും തന്റെ കഥാപാത്രം മികവോടെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ചടുലമായ അവതരണശൈലിയാലും അഭിനേതാക്കളുടെ പക്വതയുള്ള പ്രകടനത്താലും മനോഹരമായ ഒരു സിനിമ!

രചന, സംവിധാനം: അൻവർ സാദിക്ക്
നിർമ്മാണം: ജോസ് ചക്കാലക്കൽ, സുനിൽ എ.കെ
ഛായാഗ്രഹണം: ജിബിൻ ജേക്കബ്
ചിത്രസന്നിവേശം: നിഥിൻ രാജ് അരോൾ
സംഗീതം: സഞ്ജീവ് തോമസ്
വരികൾ: മനു മൻജിത്, ജോ പോൾ
കലാസംവിധാനം: നിമിഷ് താനൂർ
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: അരുൺ മനോഹർ
വിതരണം: സെഞ്ച്വറി ഫിലിംസ്.

ലവകുശ – ⭐️⭐️

ലവകുശ – ന്യു ജനറേഷൻ നാടോടിക്കാറ്റ്! ⭐️⭐️

പ്രേ ബോ കൊ ഞ! പ്രേക്ഷകരെ ബോറടിപ്പിച്ചു കൊല്ലും ഞങ്ങൾ എന്ന ലക്ഷ്യത്തോടെ ലവലേശം ഗുണമില്ലാത്ത സന്ദർഭങ്ങളും സംഭാഷണങ്ങളും അവതരണവും സമാസം ചേർത്തു അവതരിപ്പിച്ച സിനിമയാണ് ലവകുശ.

നി കൊ ഞ ചാ! എന്ന സിനിമയക്ക് ശേഷം ഗിരീഷ് മനോ സംവിധാനം നിർവഹിച്ച ഈ ന്യു ജനറേഷൻ നാടോടിക്കാറ്റിന്റെ രചന നിർവഹിച്ചത് നടൻ നീരജ് മാധവാണ്. ലവനും കുശനുമായി നീരജ് മാധവും അജു വർഗീസും മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്തു എന്ന് മാത്രമാണ് ലവകുശയിലെ ഏക സവിശേഷത. ബിജു മേനോനും നായകതുല്യ വേഷത്തിൽ ഈ സിനിമയിലുണ്ട്.

ആർ.ജെ.ഫിലിംസിനു വേണ്ടി ജെയ്സൺ ഇളംകുളം നിർമ്മിച്ച ലവകുശ,കാർട്ടൂൺ പരമ്പരകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഹാസ്യരംഗങ്ങളാൽ കോർത്തിണക്കിയ രണ്ടരമണിക്കൂർ കോമാളിത്തരമാണ്. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പുതിയ രീതിയിൽ അവതരിപ്പിച്ചതാണ് ലവനും കുശനും.

പ്രമേയം: ⭐️
മലയാള സിനിമ ചരിത്രത്തിലെ നാഴികല്ലുകളാണ് ദാസനും വിജയനും. നാടോടിക്കാറ്റ് എന്ന സിനിമയുടെ മൂന്ന് ഭാഗങ്ങളും കണ്ടുചിരിക്കാത്ത മലയാളികളുണ്ടാകില്ല. ദാസനും വിജയനും, CID മൂസയും അബദ്ധത്തിൽ കുറ്റങ്ങൾ തെളിയിക്കുന്നത് രസകരമായ പ്രമേയങ്ങളായിരുന്നു. എന്നാൽ, മേല്പറഞ്ഞ സിനിമകളുമായി നിരവധി സാദൃശ്യങ്ങളുള്ള കഥ എന്നതാണ് ലവകുശയുടെ പ്രധാന ന്യൂനതകളിൽ ഒന്ന്. സാധാരണക്കാരായ രണ്ടു ചെറുപ്പക്കാർ അസാധാരണ സംഭവങ്ങൾക്കു സാക്ഷിയാകുകയും സമൂഹ നന്മക്കു വഴിതെളിയിക്കുകയും ചെയ്യുക എന്നത് പ്രമേയപരമായി പുതുമയൊന്നും സമ്മാനിക്കുന്നില്ല.

തിരക്കഥ: ⭐️
നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതിയ സിനിമയാണ് ലവകുശ. ഒരു നവാഗത തിരക്കഥാരചയിതാവിന്റെ പരിചയക്കുറവൊന്നും കഥാസന്ദർഭങ്ങളിലോ സംഭാഷണങ്ങളിലോ കണ്ടില്ല. കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമായ രീതിയിലായിരുന്നു അവയിൽ ഓരോന്നും. ലവനും കുശനും ബിജു മേനോന്റെ ജോൺ കാപ്പ എന്ന കഥാപാത്രവുമെല്ലാം കണ്ടുമടുത്തവ തന്നെ. ആദ്യ പകുതിയിലെ ഹാസ്യ രംഗങ്ങളിൽ ചിലതൊക്കെ പ്രേക്ഷകർ ആസ്വദിച്ചിരുന്നു. ട്രെയിനിലെ യാത്രക്കിടയിൽ സംഭവിക്കുന്നതെല്ലാം രസകരമായിരുന്നു. എന്നാൽ, രണ്ടാം പകുതിയിലെ നീന്തൽ പരിശീലനവും മേക്കപ്പും അസഹനീയ ഹാസ്യ രംഗങ്ങളായിരുന്നു. രണ്ടാം പകുതിയിൽ കുറെ ട്വിസ്റ്റുകളും സസ്‌പെൻസും കുത്തിനിറച്ചു കഥ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുവാൻ തുടങ്ങി. എൺപതുകളിലെ പ്രിയദർശൻ സിനിമകളിലെ പോലെ കുറെ കഥാപാത്രങ്ങളും മണ്ടന്മാരായ വില്ലന്മാരും അടിപിടിയും അബദ്ധങ്ങളും എല്ലാം സമന്വയിപ്പിച്ചു അവതരിപ്പിച്ചു. അവസാനം, ലവകുശന്മാരുടെ സഹായത്തോടെ കുറ്റാന്വേഷണം പൂർത്തിയാക്കുന്നു. ഊഹിക്കാനാവുന്ന കഥയും സസ്പെൻസുകളുമായി സിനിമ അവസാനിക്കുന്നു. നല്ലൊരു നർത്തകനും അഭിനേതാവുമായി കഴിവ് തെളിയിച്ച നീരജിന്റെ കെട്ടുറപ്പുള്ള ഒരു തിരക്കഥക്കായി പ്രേക്ഷകർ കാത്തിരിക്കുന്നു.

സംവിധാനം: ⭐️⭐️
പുതുമയുള്ള കഥയും പേരും അവതരണവുമായി മലയാള സിനിമയിൽ തുടക്കം കുറിച്ച സംവിധായകനാണ് ഗിരീഷ് മനോ.എന്നാൽ രണ്ടാമത്തെ സിനിമയിലെത്തുമ്പോൾ,പുതുമയില്ലാത്ത പ്രമേയവും അവതരണ രീതിയും സ്വീകരിച്ചു പ്രേക്ഷകരെ ബോറടിപ്പിച്ചു. ആദ്യപകുതി ചടുലതയോടെ അവതരിപ്പിച്ചപ്പോൾ, രണ്ടാം പകുതി ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലെത്തി. ഒരുപക്ഷെ ഇത്തരത്തിലുള്ള സിനിമകൾ വേഗത നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുമ്പോൾ ആയിരിക്കണം അവ പ്രേക്ഷകരെ രസിപ്പിക്കുന്നത്.ഹാസ്യ രംഗങ്ങൾ കണ്ടുമടുത്തവ ആയതുകൊണ്ട് ഈ കഥ പുതുമയുള്ള ഒരു കഥാപശ്ചാത്തലത്തിൽ അവതരിപ്പിക്കാമായിരുന്നു.ഓരോ ട്വിസ്റ്റുകൾക്കു ശേഷം മറ്റൊരു ട്വിസ്റ്റുകൾ വന്നുചേരുന്നത് പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന വിധത്തിലുള്ള സാങ്കേതിക മികവ് ആ രംഗങ്ങളിൽ കണ്ടില്ല. ഗോപി സുന്ദറിന്റെ ശബ്ദകോലാഹലങ്ങൾ വേണ്ടുവോളം പശ്ചാത്തലത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിട്ടുണ്ട്!

സാങ്കേതികം: ⭐️⭐️
ഒരു മെക്സിക്കൻ അപരതയ്ക്കു ശേഷം പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയാണ് ലവകുശ.ട്രെയിൻ യാത്രക്കിടയിലുള്ള രംഗങ്ങളെല്ലാം കൃത്രിമത്വം നിറഞ്ഞതായിരുന്നു എന്നത് വ്യക്തം.ട്രെയിൻ യാത്രക്കിടയിൽ നീര്ജും അജു വർഗീസും വാതലിനടുത്തു ചെന്ന് നിൽക്കുന്ന രംഗങ്ങൾ ഒഴിവാക്കാമായിരുന്നു. സ്വിമ്മിങ് പൂളിനടിയിലുള്ള രംഗങ്ങളും കൃത്രിമത്വം വ്യക്തമായിരുന്നു.ഒരു ഹാസ്യ സിനിമക്ക് അനിയോജ്യമായ കളർഫുൾ വിഷ്വൽസ് പോലും ഈ സിനിമയിൽ കണ്ടില്ല. അയ്യപ്പന്റെ ‘അമ്മ നെയ്യപ്പം ചുട്ടു എന്ന ഗാനത്തിന്റെ ചിത്രീകരണം രസകരമായിരുന്നു. ഗോപി സുന്ദർ ഈണമിട്ട ആ ഗാനം രസകരമായിരുന്നു. ഗോപി സുന്ദറിന്റെ മുൻകാല സിനിമകളിലെ പശ്ചാത്തല സംഗീതം കൂട്ടികൊഴച്ചു വീണ്ടും അവതരിപ്പിച്ചു ശബ്ദകോലാഹലങ്ങൾ സൃഷ്ട്ടിച്ചു. ചിലയിടങ്ങളിൽ അയ്യപ്പൻറെ അമ്മ എന്ന പാട്ടിന്റെ സംഗീതം ഉപയോഗിച്ചത് നന്നായിരുന്നു. ജോൺകുട്ടിയുടെ സന്നിവേശം സമ്പൂർണ്ണ നിരാശ സമ്മാനിച്ചു. ഇഴഞ്ഞുനീങ്ങുന്ന മന്ദഗതിയിലാണ് രണ്ടാംപകുതി അവസാനിച്ചത്. ലവനും കുശനും എയർ ഹോസ്ട്രെസ്സ് സ്‌കൂളിൽ ചെന്ന് കാണിച്ചുകൂട്ടുന്നത് കോമാളിത്തരങ്ങളിലൂടെ കണ്ടെത്തുന്ന ചില സത്യങ്ങൾ ഹാസ്യത്തിന് വേണ്ടി മാത്രം ഉപയോഗിച്ചവയാണ്. നാഥൻ കണ്ണൂരിന്റെ കലാസംവിധാനം ശരാശരിയിലൊതുങ്ങി.പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ മെയിൻ സ്വിച്ച് ഉൾപ്പടെയുള്ള സജ്ജീകരണങ്ങളും,പകൽ പോലെ പ്രകാശം പരത്തുന്ന വെളിച്ചവും അവിശ്വസനീയമായിരുന്ന.സമീറ സനീഷിന്റെ വസ്ത്രാലങ്കാരം പതിവുപോലെ മികവ് പുലർത്തി.

അഭിനയം: ⭐️⭐️⭐️
ലവനായി നീരജ് മാധവും കുശനായി അജു വർഗീസും മികച്ച അഭിനയം കാഴ്ചവെച്ചു. അജു വർഗീസിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഹാസ്യ കഥാപാത്രം ഇതുതന്നെയായിരിക്കും. ജോൺ കാപ്പ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ബിജു മേനോനും തിളങ്ങി.ചില രംഗങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിലുള്ള അഭിനയ മുഹൂർത്തങ്ങളുണ്ട് ഈ സിനിമയിലുണ്ട്. വിജയ് ബാബു തനിക്കു ലഭിച്ച വേഷം രസകരമായി അവതരിപ്പിച്ചു. പലപ്പോഴും മുദ്ദ്ഗവ് സിനിമയിലെ റാംബോയെ ഓർമ്മിപ്പിച്ചു. നിർമ്മൽ പാലാഴിയുടെ കോഴിക്കോടൻ ഭാഷ രസകരമായിരുന്നു. ഇവരെ കൂടാതെ, മേജർ രവി, ബാലാജി ശർമ്മ, അശ്വിൻകുമാർ, വിഷ്ണു ഗോവിന്ദൻ, ദീപ്തി സതി, അദിതി രവി, അഞ്ജലി നായർ, തെസ്നി ഖാൻ, ബേബി അക്ഷര എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: കഥയിൽ കഴമ്പില്ലാത്ത ഹാസ്യ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒരുപരിധിവരെ ലവനും കുശനും തൃപ്തിപെടുത്തിയേക്കാം!

സംവിധാനം: ഗിരീഷ് മനോ
നിർമ്മാണം: ജെയ്സൺ ഇളംകുളം
എഴുത്ത്: നീരജ് മാധവ്
ഛായാഗ്രഹണം: പ്രകാശ് വേലായുധൻ
സന്നിവേശം: ജോൺ കുട്ടി
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ബി.കെ.ഹരിനാരായണൻ
കലാസംവിധാനം: നാഥൻ കണ്ണൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: റോണക്സ് സേവ്യർ
വിതരണം: ആർ.ജെ.ഫിലിം

ഷെർലക് ടോംസ് – ⭐️⭐️

ഷെർലക് ടോംസ് – കുറ്റാന്വേഷണ വിഢിത്തരങ്ങൾ! ⭐️⭐️

മലയാളത്തിൽ ഹാസ്യ സിനിമകൾ അണിയിച്ചൊരുക്കിയ ഷാഫി, ജനപ്രിയതാരം ബിജു മേനോൻ, ബുദ്ധിമാനായ എഴുത്തുകാരൻ സച്ചി എന്നിവർ ഒന്നിച്ച സിനിമയാണ് ഷെർലക് ടോംസ്.

വിശ്വവിഘ്യാതനായ ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകനെ പോലെ കുറ്റാന്വേഷണം ഇഷ്ടപെടുന്ന ടോംസ് എന്ന് വിളിപ്പേരുള്ള തോമസ് എന്നയാൾ കള്ളപ്പണക്കാരെ തേടിയിറങ്ങുന്നു. ഇന്ത്യൻ റെവന്യൂ സർവീസിലെ ഉദ്യോഗസ്ഥൻ തോമസ് എന്ന ടോംസിന്റെ കഥയാണ് നജീം കോയ-സച്ചി-ഷാഫി ടീമിന്റെ ഷെർലക് ടോംസ് എന്ന സിനിമ.

കെട്ടിച്ചമച്ച കുറ്റാന്വേഷണ കഥ വിഡ്ഢിത്തരങ്ങൾ നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെയും അസഭ്യ സംഭാഷണങ്ങളിലൂടെയും പഴഞ്ചൻ സംവിധാന രീതിയാലും അവതരിപ്പിക്കപ്പെട്ട സിനിമയാണിത്. ക്‌ളൈമാക്‌സിലെ ട്വിസ്റ്റ് മാത്രമാണ് ഷെർലക്‌ ടോംസിന്റെ ഏക സവിശേഷത.

പ്രമേയം: ⭐
ഷെർലക് ഹോംസ്ന്റെ ആരാധകൻ ഇന്ത്യൻ റവന്യു സർവീസിലെ ഉദ്യോഗസ്ഥനാകുന്നു. അയാളുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ ഔദ്യോഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വലിയ പുതുമകളൊന്നുമില്ലാതെ കഥയുടെ രൂപത്തിലാക്കിയത് നജീം കോയയാണ്. 2 കണ്ട്രീസിന് ശേഷം നജീം കോയ എഴുതുന്ന കഥ എന്നത് പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന ഒന്നായിരുന്നു. എന്നാൽ, ഈ സിനിമയുടെ കാര്യത്തിൽ വിശ്വസനീയമായ ഒരു കഥ രൂപപെടുത്തിയെടുക്കാൻ നജീമിന് സാധിച്ചില്ല. രസകരമായ കഥാതന്തുവിനെ അവിശ്വസനീയമായ കഥാഗതിയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത് പ്രതികൂലമായി ബാധിച്ചു. ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകന്റെ വിളിപ്പേരുണ്ട് എന്നുള്ളതല്ലാതെ ബിജു മേനോൻ അവതരിപ്പിക്കുന്ന തോമസിന് സാക്ഷാൽ ഹോംസിനോട് ഉപമിക്കാവുന്ന ഒരു സവിശേഷതയുമില്ല. മാൻ ഓൺ എ ലെഡ്‌ജ്‌ എന്ന ഇംഗ്ലീഷ് സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നജീം കോയ ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയത്.

തിരക്കഥ: ⭐⭐
നജീം കോയയും ഷാഫിയും സച്ചിയും ചേർന്നാണ് ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ എഴുതിയത്. അതീവ ബുദ്ധിമാനായ തോമസിന്റെ കുറ്റാന്വേഷക കഴിവുകൾ കഥാസന്ദർഭങ്ങളാക്കുന്നതിന് പകരം, മദ്യപാനവും അസഭ്യവും പാട്ടും കുടുംബപ്രശ്നങ്ങളും സമന്വയിപ്പിച്ചു പ്രേക്ഷകരെ ബോറടിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ ആയിരുന്നു ആദ്യ പകുതിയിലുടനീളം. കാറ്റഴിച്ചുവിട്ട ബലൂൺ പോലെ അന്തവും കുന്തവുമില്ലാതെ രണ്ടാം പകുതി കോമാളിത്തരങ്ങൾ കൊണ്ട് കുത്തിനിറച്ചു. ആത്മഹത്യാ ശ്രമവും അത് കാണാനെത്തുന്ന മണ്ടന്മാരായ നാട്ടുകാരും, രക്ഷിക്കാനെത്തുന്ന പോലീസും ഫയർ ഫോഴ്‌സും തുടങ്ങി എല്ലാവിധ കോപ്രായങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു രണ്ടാം പകുതി. അവസാനം,ഷെർലക് ടോംസ് എന്ന സിനിമയുടെ ശീർഷകത്തോട്‌ നീതിപുലർത്തുവാൻ വേണ്ടി കണ്ടുപിടിച്ച ക്‌ളൈമാക്‌സും.മേല്പറഞ്ഞ കഥാസന്ദർഭങ്ങൾക്കു മാറ്റുകൂട്ടുന്നു അസഭ്യ സംഭാഷണങ്ങൾ എഴുതിയത് സച്ചിയാണ്. സച്ചിയോളം കഴിവുള്ള ഒരു തിരക്കഥാകൃത്തിൽ നിന്നും വിഡ്ഡിത്തരങ്ങൾ മാത്രമുള്ള ഇതുപോലൊരു തിരക്കഥ ബിജു മേനോൻ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

സംവിധാനം: ⭐⭐
ഹാസ്യ സിനിമയ്ക്ക് വേണ്ടി എഴുതപെട്ട ഒരു തിരക്കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും, നടീനടന്മാരെയും ലഭിച്ചപ്പോൾ ഷാഫി സ്ഥിരം അവതരണ രീതി തന്നെ സ്വീകരിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുവട്ടം കണ്ടുമറക്കാവുന്ന ഒരു സിനിമ എന്നതിലുപരി പ്രാധാന്യം ഷാഫി ഈ സിനിമയ്ക്ക് നൽകിയതായി തോന്നിയില്ല.ഷെർലക് ടോംസ് അഥവാ തോമസിന്റെ കുടുംബജീവിത പ്രശ്നങ്ങൾ പലയാവർത്തി പറഞ്ഞു പ്രേക്ഷകരെ വെറുപ്പിച്ചു. രണ്ടാം പകുതിയിൽ ടോംസ് ആത്മഹത്യാ ചെയ്യുന്നതായിരുന്നു നല്ലതു എന്നുവരെ തോന്നിപ്പിക്കുന്ന അത്രയും വെറുപ്പ് പ്രേക്ഷകർക്ക് ഒന്നടങ്കം സിനിമയോട് തോന്നി. സലിംകുമാറും ജോബിയും ഹരീഷും കോട്ടയം നസീറും മികവോടെ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ടു പ്രേക്ഷകർ രണ്ടേകാൽ മണിക്കൂർ പ്രദർശനശാലകളിൽ തന്നെ ഇരുന്നു.

സാങ്കേതികം: ⭐⭐
ആൽബിയുടെ ഛായാഗ്രഹണം സിനിമയ്ക്ക് അനിയോജ്യമായിരുന്നു. പുതുമയുള്ള ഷോട്ടുകൾ ഒന്നുമില്ലായിരുന്നുവെങ്കിലും, ഒരു ഹാസ്യ ചിത്രത്തിനു വേണ്ട രസകരമായ വിഷ്വൽസ് ചിത്രീകരിക്കുവാൻ ആൽബിക്ക് സാധിച്ചു. വി.സാജന്റെ സന്നിവേശം ആദ്യപകുതിയിൽ സമ്പൂർണ്ണ നിരാശയാണ് സമ്മാനിച്ചത്. ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായിരുന്നു ആദ്യപകുതിയിൽ രംഗങ്ങളിൽ ഭൂരിഭാഗവും. ഷെർലക് ടോംസിന്റെ ചെറുപ്പകാലം ചിത്രീകരിക്കാതെ തന്നെ അയാളുടെ സ്വഭാവം മനസിലാക്കികൊടുക്കുവാൻ സാധിക്കുമായിരുന്നു. അതുപോലെ, ആദ്യ പകുതിയിലെ മദ്യം വിൽക്കുന്ന കടയിൽ നിന്ന് തോമസിന്റെ സുഹൃത്തുക്കൾ മദ്യം മോഷ്ടിക്കാനുപയോഗിക്കുന്ന വിദ്യ ശ്രദ്ധിച്ചവർക്കെല്ലാം, ക്‌ളൈമാക്‌സ് ഊഹിക്കാനാവുന്നതായിരുന്നു. ഹരിനാരായണൻ എഴുതി ബിജിബാൽ ഈണമിട്ട പള്ളിക്കലച്ചന്റെ മോളെ എന്ന ഗാനം രസകരമായിരുന്നു. രാഹുൽ രാജാണ് പശ്ചാത്തല സംഗീതം നൽകിയത്. ഷെർലക് ടോംസിനു അനിയോജ്യമായ ഒരു കോമഡി പശ്ചാത്തല സംഗീതം ബിജു മേനോന്റെ കഥാപാത്രത്തിന് നൽകാമായിരുന്നു. സുജിത് രാഘവാണ് കലാസംവിധാനം നിർവഹിച്ചത്. 1993 കാലഘട്ടത്തിലെ സ്ക്കൂളും പുസ്തകങ്ങളും ചായക്കടയും വിശ്വസനീയത നൽകി. റോഷൻ നിർവഹിച്ച ചമയം ഓരോ കഥാപാത്രങ്ങൾക്കും അനിയോജ്യമായിരുന്നു. അതിൽ പ്രധാനമായിരുന്നു കലാഭവൻ ഷാജോണിന്റെ മേക്കപ്പ്. പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ആ കഥാപാത്രത്തിനും അയാളുടെ അവസ്ഥക്കും യോജിച്ചതായിരുന്നു മേക്കപ്പ്. എസ്.ബി.സതീഷ് ആണ് വസ്ത്രാലങ്കാരം നിർവഹിച്ചത്.

അഭിനയം: ⭐⭐
ഷെർലക് ടോംസെന്ന കഥാപാത്രത്തെ തന്റെ സ്വദസിദ്ധമായ ശൈലിയിൽ ബിജു മേനോൻ അവതരിപ്പിച്ചു. ഏറെ നാളുകൾക്കു ശേഷം സലിം കുമാർ അമിതാഭിനയം കാഴ്ചവെക്കാതെ ആശാൻ കഥാപാത്രം അവതരിപ്പിച്ചു. സുരേഷ് കൃഷ്ണയും ഹരീഷും കോട്ടയം നസീറും റാഫിയും ജോബിയും ഷാജോണും ഹാസ്യ കഥാപാത്രങ്ങളിൽ തിളങ്ങി. ഏറെ പ്രയാസമുള്ള ഒരു കഥാപാത്രത്തെ ശ്രിന്ദ കയ്യടക്കത്തോടെ അവതരിപ്പിച്ചു. അമിതാഭിനയത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുള്ള ഒന്നായിരുന്നു സദാസമയം വഴക്കു കൂടുന്ന ഭാര്യ കഥാപാത്രം. ഇവരെ കൂടാതെ വിജയരാഘവൻ, മിയ ജോർജ്, വിജയകുമാർ, പ്രശാന്ത് അലക്‌സാണ്ടർ, രാജേഷ് പറവൂർ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വിനുത ലാൽ, ദിനേശ് പ്രഭാകർ, മോളി കണ്ണമാലി, നെൽസൺ, കലാഭവൻ ഹനീഫ്, വിനോദ് കെടാമംഗലം, അനിയപ്പൻ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ഷെർലക് ടോംസ് സിനിമയുടെ രണ്ടാം പകുതിയിൽ പ്രേക്ഷകരോടെന്ന പോലെ ബിജു മേനോൻ ചോദിക്കുന്ന ചോദ്യമുണ്ട്. “നിങ്ങൾക്ക് വേറെ പണിയൊന്നുമില്ല?, മണ്ടന്മാർ!” ആ ചോദ്യത്തിന്റെ പൊരുൾ പ്രേക്ഷകർ തിരിച്ചറിഞ്ഞത് രണ്ടേകാൽ മണിക്കൂറുകൾക്കു ശേഷം പ്രദർശന ശാലകളിൽ നിന്നെറങ്ങുബോഴാണ്!

സംവിധാനം: ഷാഫി
കഥ: നജീം കോയ
തിരക്കഥ: സച്ചി, നജീം കോയ, ഷാഫി
സംഭാഷണങ്ങൾ: സച്ചി
നിർമ്മാണം: പ്രേം മേനോൻ
ബാനർ: ഗ്ലോബൽ യുണൈറ്റഡ് മീഡിയ
ഛായാഗ്രഹണം: ആൽബി
സന്നിവേശം: സാജൻ
സംഗീതം: ബിജിബാൽ
പശ്ചാത്തല സംഗീതം: രാഹുൽ രാജ്
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: റോഷൻ
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്
വിതരണം: സെഞ്ച്വറി ഫിലിംസ്.

അവരുടെ രാവുകൾ – ⭐


പ്രേക്ഷകരുടെ ദുരിത രാവുകൾ! – ⭐

മൂന്ന് ലക്ഷ്യങ്ങളുമായി കൊച്ചിയിലെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ഷാനിൽ മുഹമ്മദ് അവതരിപ്പിച്ച അവരുടെ രാവുകൾ. അവതരണത്തിലെ പുതുമ ഒഴിച്ചുനിർത്തിയാൽ കണ്ടുമടുത്ത കേട്ടുപഴകിയ കഥ തന്നെയാണ് അവരുടെ രാവുകളും.

ആത്മവിശ്വാസം നഷ്ടപെടുന്ന ആഷിക്(ആസിഫ് അലി),സിദ്ധാർഥ്(ഉണ്ണി മുകുന്ദൻ),വിജയ്(വിനയ് ഫോർട്ട്) എന്നിവർ അപരിചിതനായ മധ്യവയസ്കനെ(നെടുമുടി വേണു) പരിചയപ്പെടുന്നു. അയാളിലൂടെ മൂവരും പലതും പുതുതായി പഠിക്കുകയും അവരവരുടെ ആത്മവിശ്വാസം വീണ്ടെടുത്ത് ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.

പ്രമേയം: ⭐⭐
ആത്മവിശ്വാസം നഷ്ടപ്പെട്ട് ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കാതെ മനോവിഷമം നേരിടുന്ന ഒട്ടനവധി ചെറുപ്പക്കാരെ നമ്മൾ ദിനംതോറും കാണുന്നതാണ്. ആത്മവിശ്വാസം വീണ്ടെടുക്കുവാനായി വിജയിക്കുന്നതുവരെ പരിശ്രമിക്കുക എന്നും ആത്മവിശ്വാസത്തിനു തടസ്സം നിൽക്കുന്ന മനസ്സിന്റെ ചിന്തയെ അകറ്റി നിർത്തുക എന്നതാണ് ഷാനിൽ മുഹമ്മദ് അവരുടെ രാവുകളിലൂടെ അവതരിപ്പിക്കുന്ന വിഷയം. മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് ജോൺസൺ എന്ന മധ്യവയസ്ക്കൻ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അവർക്കു പ്രചോദനമാവുകയും സ്വന്തം ജീവിതത്തിൽ അത് പ്രയോഗിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐
ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്ന ആദ്യ സിനിമയ്ക്ക് ശേഷം ഷാനിൽ മുഹമ്മദ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണിത്. രണ്ടു സിനിമകളിലും അവതരിപ്പിക്കുന്ന അടിസ്ഥാന പ്രമേയം എന്നത് ജീവിത വിജയത്തിന് ആത്മവിശ്വാസം അനിവാര്യമാണെന്നാണ്. ആദ്യ സിനിമയിൽ കുട്ടികളിലൂടെ അവതരിപ്പിച്ച അതെ പ്രമേയം രൂപമാറ്റങ്ങളോടെ മുതിർന്നവരിലേക്കു പറിച്ചു നട്ടതാണ് അവരുടെ രാവുകളുടെ കഥാംശം. മൂന്ന് ലക്ഷ്യങ്ങളുള്ള മൂന്ന് ചെറുപ്പക്കാർ ഒരേ കുടക്കീഴിൽ എത്തുന്നു. അവരെ നേർവഴിക്കു നടത്തുവാൻ ശ്രമിക്കുന്ന ജോൺസൺ എന്ന കഥാപാത്രം. ഒറ്റ വാചകത്തിൽ കേൾക്കുമ്പോൾ രസകരമാണെങ്കിലും, കഥയ്ക്ക് അനിയോജ്യമായ സന്ദർഭങ്ങൾ എഴുതുവാൻ ഷാനിലിനു സാധിച്ചില്ല എന്നതാണ് എഴുതക്കാരാണെന്ന നിലയിൽ ഷാനിലിന്റെ പരാജയം. സിനിമാനടനാകുവാൻ പരിശ്രമിക്കുന്ന നായക കഥാപാത്രത്തെ പല സിനിമകളിലും പ്രേക്ഷകർ കണ്ടു മടുത്തതാണ്. ക്രിക്കറ് പ്രേമിയായ വ്യക്തിക്കു ഒരു അപകടം സംഭവിക്കുമ്പോൾ അയാൾ സ്ത്രീ ലമ്പടനാകുന്നതും പ്രേക്ഷകരെ രസിപ്പിച്ചില്ല. അറിയാതെ ചെയ്തുപോയ ഒരു തെറ്റിന്റെ കുറ്റബോധത്താൽ ജീവിക്കുന്ന മൂന്നാമത്തവന്റെ കഥ മാത്രമാണ് ഒരല്പം ആശ്വാസം നൽകിയത്. ഒരു ലഘു സിനിമയിലൂടെ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ വലിച്ചുനീട്ടി അവതരിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. കഥാസന്ദർങ്ങൾക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനിയോജ്യമായ സംഭാഷണങ്ങളായിരുന്നു സിനിമയിലുടനീളം എന്നത് ആശ്വാസകരം. നെടുമുടി വേണു അവതരിപ്പിക്കുന്ന ജോൺസൺ എന്ന കഥാപാത്രം പൂർണതയില്ലാത്തതായി അനുഭവപെട്ടു. ഒരു കാരണവുമില്ലാതെ കുറെ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരാൾ എന്ന ദുരൂഹതയോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

സംവിധാനം: ⭐
അവതരണത്തിലുള്ള പുതുമ എന്നത് മാത്രമാണ് അവരുടെ രാവുകളെ വ്യത്യസ്തമാകുന്നത്. നോൺ ലീനിയർ അവതരണ രീതി മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും, അതിന്റെ പുതുമ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം. മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിലെ ആത്മവിശ്വാസം നഷ്ടപെടാനുണ്ടായ സാഹചര്യങ്ങൾ നോൺ ലീനിയർ അവതരണ ശൈലിയിലാണ് ഷാനിൽ അവതരിപ്പിച്ചത്. പക്ഷെ, പ്രേക്ഷകരെ ഒന്നടങ്കം ആശയ കുഴപ്പത്തിലാക്കി ഈ അവതരണ ശൈലി എന്ന് വേണം കരുതാൻ. അതിനോടൊപ്പം ഇഴഞ്ഞു നീങ്ങുന്ന കഥപറച്ചിൽ കൂടിയായപ്പോൾ സമ്പൂർണ ദുരന്തമായി ഈ പരീക്ഷണം. ആത്മവിശ്വാസം നേടിയെടുക്കുന്ന രംഗങ്ങളൊന്നും വിശ്വസനീയമായിരുന്നില്ല. അരമണിക്കൂറിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ രണ്ടു മണിക്കൂറുകൊണ്ട് വലിച്ചുനീട്ടി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന നിലവാരത്തിലേക്ക് സിനിമയെ മാറ്റിയതിനു പൂർണ്ണ ഉത്തരവാദിത്വം സംവിധായകനാണ്.

സാങ്കേതികം: ⭐⭐
വിഷ്ണു നാരായണൻ പകർത്തിയ ദൃശ്യങ്ങൾ ശരാശരി നിലവാരം പുലർത്തി. പാട്ടുകളുടെ ചിത്രീകരണം ഒരല്പം പുതുമ നൽകിയെന്നല്ലാതെ മറ്റൊരു സവിശേഷതയും ഛായാഗ്രഹണത്തിൽ കണ്ടില്ല. പ്രജീഷ് പ്രകാശിന്റെ സന്നിവേശം സിനിമയെ മന്ദഗതിയിലാക്കി. ഇഴഞ്ഞു നീങ്ങുന്നതും കഥയിൽ പ്രാധാന്യമില്ലാത്തതുമായ ഒട്ടനവധി കഥാസന്ദർഭങ്ങൾ ആദ്യാവസാനം മുഴച്ചുനിന്നു. നോൺ ലീനിയർ അവതരണ രീതി പ്രേക്ഷകരെ ഒന്നടങ്കം ആശയകുഴപ്പത്തിലാക്കുകയും ചെയ്തു. ശങ്കർ ശർമ്മ ഈണമിട്ട ഏതേതോ സ്വപ്നമോ എന്ന പാട്ടും സംഗീതവും ഇമ്പമുള്ളതായിരുന്നു. വിനീഷ് ബംഗ്ലന്റെ കലാസംവിധാനം കഥാസന്ദർഭങ്ങൾക്കു അനിയോജ്യമായിരുന്നില്ല. ആസിഫ് അലി അവതരിപ്പിച്ച ആഷിക് എന്ന കഥാപാത്രത്തിന്റെ വീടും പരിസരവും എഴുപതുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. വയനാട്ടിലെ ഉൾഗ്രാമങ്ങൾ പോലും വികസനത്തിന്റെ പാതയിലാണ് എന്ന കാര്യം ബംഗ്ലൻ അറിയാഞ്ഞതാണോ ഇതിനു കാരണം?. അതേപോലെ, ആ രംഗങ്ങളിലുള്ള നാട്ടുകാരുടെ വസ്ത്രധാരണവും കഥ നടക്കുന്ന കാലഘട്ടവുമായി ഒത്തുചേർന്നു പോകുന്നില്ല.

അഭിനയം: ⭐⭐⭐
ആഷിക് എന്ന സിനിമാ മോഹിയായി സ്ഥിരം ശൈലി ആവർത്തിച്ച് പിടിച്ചുനിൽക്കുവാൻ ആസിഫ് അലിക്ക് സാധിച്ചു. വിനയ് ഫോർട്ട് പതിവ് രീതിയിൽ വിജയ് ആയി ഭേദപെട്ട പ്രകടനം കാഴ്ചവെച്ചു. ഉണ്ണി മുകുന്ദൻ നന്നേ ബുദ്ധിമുട്ടി സിദ്ധാർത്ഥ് എന്ന സ്ത്രീ ലംബടനെ അവതരിപ്പിച്ചു. മുകേഷും അജു വർഗീസും നെടുമുടി വേണുവും അവരവരുടെ രംഗങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു. ഹണി റോസും, ലെനയും, മിലാനയും വന്നുപോകുന്നു. ഇവരെ കൂടാതെ സുധി കോപ്പ, കിരൺ അരവിന്ദാക്ഷൻ, അംബിക മോഹൻ, നിഷ സാരംഗ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, സഞ്ജു ശിവറാം എന്നിവർ അതിഥി താരങ്ങളായി അവസാനാമെത്തുന്നുണ്ട്.

വാൽക്കഷ്ണം: ആത്മവിശ്വാസം വീണ്ടെടുക്കുന്നത് ക്ഷമയോടെ കണ്ടിരിക്കാമെങ്കിൽ ഒരുവട്ടം അവരുടെ രാവുകൾ കാണാം!

രചന, സംവിധാനം: ഷാനിൽ മുഹമ്മദ്
നിർമ്മാണം: അജയ് കൃഷ്ണൻ
ബാനർ: അജയ് എൻറ്റർറ്റെയിമെൻറ്റ്സ്
ഛായാഗ്രഹണം: വിഷ്ണു നാരായണൻ
ചിത്രസന്നിവേശം: പ്രജീഷ് പ്രകാശ്
സംഗീതം: ശങ്കർ ശർമ്മ
കലാസംവിധാനം: വിനീഷ് ബംഗ്ലൻ
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
ചമയം: അമൽ
വിതരണം: സോപാനം എൻറ്റർറ്റെയിമെൻറ്റ്സ്

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ – ⭐


ക്ഷമപരീക്ഷിക്കുന്ന അതിസാഹസികത! – ⭐

താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാനാരാണെന്നു എനിക്കറിയാമോ എന്ന് താനെന്നോട് ചോദിക്ക് അപ്പൊ ഞാൻ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും!

ഓമനക്കുട്ടന്റെ മൂന്ന് മണിക്കൂർ സാഹസിക യാത്ര കണ്ടിറങ്ങുന്ന ശരാശരി പ്രേക്ഷകന്റെ
അവസ്ഥയെ തേന്മാവിൻ കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്റെ സംഭാഷണം കേട്ട മോഹൻലാലിന്റെ അവസ്ഥയോടു ഉപമിക്കാം.

അന്യഭാഷയിൽ നിർമ്മിക്കപ്പെടുന്ന പരീക്ഷണ സിനിമകളെ വിജയിപ്പിക്കുന്ന മലയാളികൾ മാതൃഭാഷയിലുള്ള പരീക്ഷണ സിനിമകളെ തിരസ്ക്കരിക്കുന്നു എന്ന ആക്ഷേപം ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും പുതുമയുള്ള പരീക്ഷണ സിനിമകളായിരുന്നു മൈഡിയർ കുട്ടിച്ചാത്തനും വൈശാലിയും തൂവാനത്തുമ്പികളും ഞാൻ ഗന്ധർവനും. മേല്പറഞ്ഞ സിനിമകൾ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. അവരുടെ മുമ്പിലേക്ക് യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു കഥയും പുതുമയുള്ള അവതരണമെന്ന പൊള്ളയായ വാദമുന്നയിച്ചു അവതരിപ്പിച്ച ഓമനക്കുട്ടന്റെ അതിസാഹസിക യാത്രയും സ്വീകരിക്കാത്തതിൽ അത്ഭുതമില്ല. ഭീരുവായി ജീവിച്ചിരുന്ന ഒരാൾ തന്റെ ഓർമ്മ നഷ്ടപ്പെടുമ്പോൾ ധീരനായി മാറുന്നു എന്ന പ്രമേയം പുതുമയുള്ളതാണ് എന്നത് സത്യം. എന്നാൽ, ഈ പ്രമേയം യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിച്ചാൽ അത് പരീക്ഷണമായി കണ്ടിരിക്കുന്നവരല്ല ബുദ്ധിയുള്ള പ്രേക്ഷകർ.

മലയാള സിനിമയിൽ പരിചയസമ്പത്തോ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്തവരായ ഒരുകൂട്ടം പുതുമുഖങ്ങൾ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ പോലൊരു സിനിമയുണ്ടാക്കി എന്നത് പ്രശംസനീയമാണ്. സംവിധായകൻ രോഹിത് വി.എസ്., തിരക്കഥാരചയിതാവ് സമീർ അബ്ദുൾ, നിർമ്മാതാക്കളായ ആന്റണി ബിനോയ്-ബിജു പുളിയോക്കൽ, ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, സന്നിവേശകൻ ലിവിങ്സ്റ്റൺ, സംഗീത സംവിധായകൻ ഡോൺ വിൻസെന്റ് എന്നിവരാണ് ആ നവാഗത സുഹൃത്തുക്കൾ.

പ്രമേയം: ⭐⭐
ഇന്നോളം മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടനിലൂടെ രോഹിതും സമീറും പറയുന്നത്. പാശ്ചാത്യ സിനിമകളിൽ മാത്രം പരീക്ഷിച്ചിട്ടുള്ള കഥകൾ മലയാള സിനിമയിലും കാണുമ്പോൾ പ്രേക്ഷകർക്ക് കൗതുകമാണ് തോന്നുന്നത്. സിനിമയുടെ പേരോളം തന്നെ സാഹസികമായ ഒരു കഥ രൂപപെടുത്തിയെടുക്കുവാൻ ഇരുവർക്കും സാധിച്ചു. കഥയിൽ ചോദ്യമില്ല എന്ന പഴമൊഴി സ്മരിച്ചുകൊണ്ട് കഥയിലെ മണ്ടത്തരങ്ങൾ ഇവിടെ എഴുതുന്നില്ല. പുതുമയുള്ളതും വ്യത്യസ്തവുമായൊരു പ്രമേയം ആസ്വാദനത്തിനു വകയുള്ള ഒരു കഥയായി എഴുതുവാൻ നവാഗത കൂട്ടത്തിനു കഴിഞ്ഞില്ല എന്നിടത്ത് തന്നെ അവർക്കു കാലിടറി.

തിരക്കഥ: ⭐
സമീർ അബ്ദുൾ എഴുതിയ തിരക്കഥ വ്യത്യസ്തമായിരുന്നെങ്കിലും അവയൊന്നും വിശ്വസനീയമായിരുന്നില്ല. തന്റെ ഓർമ്മ നഷ്ടപ്പെട്ടു എന്ന് സ്വയം തിരിച്ചറിയുമ്പോൾ, അയാൾ ആദ്യം ചെയ്യേണ്ട പ്രവർത്തി പോലീസിന്റെ സഹായം തേടുക എന്നതാകും. ഓമനക്കുട്ടന്റെ സുഹൃത്തുക്കൾ പോലും അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുകയോ പിന്നീട് ഒരവസരത്തിൽ കാണുമ്പോൾ എവിടെയായിരുന്നുവെന്നു അന്വേഷിക്കുകയോ ചെയ്യുന്നില്ല. ഇത്തരത്തിലുള്ള മണ്ടത്തരങ്ങളാണ് സിനിമയുടെ ആദ്യാവസാനം എഴുതിയിരിക്കുന്നത്. പ്രിയദർശൻ സിനിമകൾ പോലെ സ്ലാപ്സ്റ്റിക്ക് ഹ്യുമറായിരുന്നു സമീർ അബ്ദുൾ ഉദ്ദേശിച്ചതെങ്കിൽ, ഉത്തരത്തിൽ നിന്നെടുക്കാൻ സാധിച്ചതുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു എന്ന് വേണം കരുതാൻ. ഒരല്പം ഫാന്റസി കലർന്നൊരു കഥാസന്ദർഭങ്ങളായിരുന്നു എങ്കിൽ പ്രേക്ഷകർ യുക്തിയുള്ള രംഗങ്ങൾക്ക് വേണ്ടി കാത്തിരിക്കില്ലായിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം ആശയ കുഴപ്പത്തിലാക്കുന്ന കഥാഗതിയും കൂടി ചേർന്നപ്പോൾ സമ്പൂർണ സാഹസികമായി തിരക്കഥ രചന. ഈ കുറവുകൾക്കു ഒരാശ്വാസമെന്നത് ഓമനക്കുട്ടന്റെ കഥാപാത്ര രൂപീകരണമാണ്. ഭീരുവായ ഒരാൾ സാഹചര്യങ്ങൾ മൂലം ധീരനായി മാറുന്ന കഥാപാത്രത്തിന്റെ സഞ്ചാരം വിശ്വസനീയമായിരുന്നു. സമീർ എഴുതിയ സംഭാഷണങ്ങൾ രസകരമായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിലെ അജു വർഗീസും സിദ്ദിക്കും പറയുന്ന സംഭാഷണങ്ങൾ.

സംവിധാനം: ⭐⭐
സിനിമ സംവിധാനം സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക്‌ എന്നും ഒരു പ്രചോദനമാകും രോഹിത്തിനെ പോലുള്ളവർ. ഹൃസ്വ സിനിമകൾ മാത്രം സംവിധാനം ചെയ്ത പരിചയസമ്പത്തിന്റെ ആത്മവിശ്വാസത്തിൽ ഇത്തരത്തിലുള്ളൊരു പരീക്ഷണ സിനിമ സംവിധാനം ചെയ്യാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ! അവിശ്വസനീയ രംഗങ്ങൾ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ചപ്പോൾ ഇരട്ടി ദുരന്തമായി. ഓമനക്കുട്ടന്റെ യാത്ര രസകരമായി അവതരിപ്പിച്ചിരുന്നെങ്കിൽ ആസിഫ് അലിയുടെ ജീവിതത്തിലെ വഴിതിരുവാകുമായിരുന്നു ഈ സിനിമയും ഓമനകുട്ടനെന്ന കഥാപാത്രവും. സിനിമ കണ്ടിറങ്ങുന്ന ഭൂരിഭാഗം പ്രേക്ഷകരും കഥയെന്താണെന്നു പോലും മറ്റുള്ളവരോട് ചോദിക്കുന്ന കാഴ്ചയാണ് കണ്ടത്. അന്തവും കുന്തവുമില്ലാതെ ദിശതെറ്റി സഞ്ചരിക്കുന്നതും വലിച്ചു നീട്ടിയതുമായ രംഗങ്ങളാൽ സമ്പന്നമാണ് ആദ്യപകുതി. രണ്ടാം പകുതിയിൽ ഒരല്പം വേഗത കൈവരിക്കുന്ന സിനിമ കണ്ടിരിക്കാവുന്ന അവസ്ഥയിലായി. അതിനു രോഹിതിനെ സഹായിച്ചത് അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവും ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതവുമാണ്. അതോടൊപ്പം ആസിഫ് അലി, ഭാവന, സിദ്ദിഖ്, അജു വർഗീസ് എന്നിവരുടെ അഭിനയവും. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമാണ്‌ ഓമനക്കുട്ടന്റെ സാഹസിക യാത്രക്ക് വിനയായ മറ്റൊരു ഘടകം. ഒരു മണിക്കൂറിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ നെടുനീളൻ രംഗങ്ങളാൽ അവതരിപ്പിച്ച രോഹിതിന്റെ സംവിധാനം പൂർണ പരാജയമായിരുന്നു. യുക്തിയില്ലാത്ത സന്ദർഭങ്ങൾ സാധാരണക്കാർക്ക് ദഹിക്കാത്ത രീതിയിൽ അവതരിപ്പിക്കുന്നതാണോ പുതുമ? അങ്ങനെയാണെങ്കിൽ ഓമനക്കുട്ടൻ പുതുമയുള്ള സിനിമ തന്നെ.

സാങ്കേതികം: ⭐⭐⭐
ഓമനക്കുട്ടന്റെ യാത്ര ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ അഖിൽ ജോർജ്ജിന്റേതാണ്. പുതുമകൾ നിറഞ്ഞ ഒട്ടനവധി ഫ്രയിമുകൾ സിനിമയിലുടനീളം കാണുവാൻ സാധിച്ചു. ഒരാളുടെ സ്വഭാവത്തെ കേന്ദ്രികരിച്ചു നടക്കുന്ന കഥയായതിനാൽ അയാളുടെ ഭാവാഭിനയവും ശരീരഭാഷയും പ്രേക്ഷകർക്ക് മനസിലാകുന്ന രീതിയിലാകണം രംഗങ്ങൾ ചിത്രീകരിക്കാൻ. ഓമനക്കുട്ടന്റെ ഇമചിമ്മുന്നതും കൈകൾ ചുരുട്ടിപിടിച്ചു നടക്കുന്നതും അടുത്തടുത്ത രംഗങ്ങളിൽ കാണിച്ചത് സ്വഭാവ വിവരണത്തിന് എളുപ്പമായി. ലിവിങ്സ്റ്റൺ മാത്യുവിന്റെ സന്നിവേശം ഇഴഞ്ഞു നീങ്ങുന്ന രീതിയിലായി. ചില രംഗങ്ങളുടെ ദൈർഘ്യം സാധാരണ സിനിമകളിൽ കാണുന്നതിലും കൂടുതലായിരുന്നു. ഇത്രയും രസകരമായ ഒരു കഥയ്ക്ക് എന്തുകൊണ്ടാണ് പതിഞ്ഞ താളത്തിലുള്ള സന്നിവേശ രീതി സ്വീകരിച്ചത് എന്ന് മനസിലാകുന്നില്ല. മനു മഞ്ജിത്, ഹരിനാരായണൻ, ഗുരു എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരനും ഡോൺ വിൻസെന്റും ചേർന്നാണ് സംഗീതം നൽകിയത്. ഓർത്തിരിക്കാവുന്ന വരികളോ സംഗീതമോ ഒരു ഗാനത്തിന് പോലും സൃഷ്ടിക്കാനായില്ല. ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതം മികവ് പുലർത്തി. പ്രേക്ഷകരെ ഉറങ്ങിപോകാതെ പിടിച്ചിരുത്തിയതിന്റെ ഏറെ പങ്കും വഹിച്ചത് പശ്ചാത്തല സംഗീതത്തിന്റെ ഗുണമൊന്നുകൊണ്ടു മാത്രമാണ്. ഉണ്ണി വിശ്വനാഥിന്റെ കലാസംവിധാനം തരക്കേടില്ലായിരുന്നു. ഓമനക്കുട്ടന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഒരു വസ്തുവും ഓമനക്കുട്ടൻ താമസിക്കുന്ന മുറിയിൽ കണ്ടില്ല. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. ആദ്യ പകുതിയിലെ ഓമനക്കുട്ടന്റെ വേഷവിധാനവും രണ്ടാം പകുതിയിലെ വേഷങ്ങളും അയാളുടെ സ്വഭാവത്തിന്റെ പ്രതിഫലനങ്ങളായിരുന്നു.

അഭിനയം: ⭐⭐
ആസിഫ് അലി, ഭാവന, സിദ്ദിഖ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, ശിവജി ഗുരുവായൂർ, വി.കെ.പ്രകാശ്, രാഹുൽ മാധവ്, ഫിറോസ്, ശ്രിന്ദ അഷബ്, അദിതി രവി, ആര്യ രോഹിത് എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഭീരുവായ ഓമനക്കുട്ടനെ മോശമാക്കാതെ അവതരിപ്പിക്കുവാൻ ആസിഫ് അലിക്ക് സാധിച്ചു. ഇമ ചിമ്മുന്നതും ശരീര ഭാഷയിലുള്ള വ്യസ്തസ്ഥയും ഓമനക്കുട്ടന്റെ ഭീരുത്വത്തിനു വിശ്വസനീയത നൽകി. പക്ഷെ, സിനിമയുടെ തുടക്കത്തിൽ നിർത്താതെ ഇമ ചിമ്മിയിരുന്ന ഓമനക്കുട്ടൻ പിന്നീട് എപ്പോഴും അങ്ങനെ ചെയ്യുന്നത് കണ്ടതുമില്ല. ഇടയ്ക്കെപ്പോഴോ ഒഴിമുറിയിലെ ആസിഫ് അലിയുടെ കഥാപാത്രം അഭിനയത്തിൽ സ്വാധീനം ചെലുത്തിയതുപോലെ അനുഭവപെട്ടു. പല്ലവി എന്ന കന്നഡികയായി ഭാവന അഭിനയ മികവ് പുലർത്തി. സിദ്ദിക്കും അജു വർഗീസും അവരവരുടെ രംഗങ്ങൾ രസകരമായി അവതരിപ്പിച്ചു. മറ്റെല്ലാ നടീനടന്മാരും മോശമാക്കാതെയുള്ള അഭിനയം കാഴ്ചവെച്ചു.

വാൽക്കഷ്ണം: വിശ്വസനീയമായ കഥയോ രസകരമായ അവതരണമോയില്ലാത്ത മൂന്ന് മണിക്കൂർ മുഷിപ്പിക്കുന്ന ഓമനക്കുട്ടന്റെ യാത്ര അത്യന്തം അതിസാഹസികമായി.

സംവിധാനം: രോഹിത് വി.എസ്.
നിർമ്മാണം: ആന്റണി ബിനോയ്, ബിജു പുളിയോക്കൽ
ബാനർ: ഫോർ എം എന്ററെർറ്റെയിന്മെന്റ്സ്
രചന: സമീർ അബ്‌ദുൾ
ഛായാഗ്രഹണം: അഖിൽ ജോർജ്ജ്
സന്നിവേശം: ലിവിങ്സ്റ്റൺ മാത്യു
സംഗീതം: അരുൺ മുരളീധരൻ, ഡോൺ വിൻസെന്റ്
പശ്ചാത്തല സംഗീതം, ശബ്ദസംവിധാനം: ഡോൺ വിൻസെന്റ്
ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, ഗുരു
കലാസംവിധാനം: ഉണ്ണി വിശ്വനാഥൻ
ചമയം: രാജേഷ് നെന്മാറ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
സംഘട്ടനം: മാഫിയ ശശി
വിതരണം: ഫോർ എം റിലീസ്.

അച്ഛായൻസ് – ⭐


അറുബോറൻ അച്ഛായന്മാർ – ⭐

അറുബോറൻ കാഴ്ച്ചകളിലൂടെ വികസിക്കുന്നതും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതുമായ സിനിമയാണ് അച്ഛായൻസ്. അവർത്തനവിരസമാണെങ്കിലും ഒരു മസാല സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം കൃത്യമായി ചേർക്കപ്പെട്ട തിരക്കഥയുടെ മുഷിപ്പിക്കുന്ന അവതരണമാണ് സംവിധായകൻ കണ്ണൻ താമരക്കുളം സ്വീകരിച്ചത്. ജയറാമിന്റെ സീനിയേഴ്സ് എന്ന സിനിമയുടെ ചുവടുപിടിച്ചു മുൻപോട്ടു നീങ്ങുന്ന കഥാഗതിയാണ് അച്ഛായൻസിലും കാണാൻ കഴിയുന്നത്. സേതുവാണ്‌ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്.

ഡി.എൻ.വി.പി. ക്രിയേഷൻസിനു വേണ്ടി സി.കെ.പത്മകുമാർ നിർമ്മിച്ച അച്ഛായൻസ് വിതരണം ചെയ്തിരിക്കുന്നത് രജപുത്ര ഫിലിംസാണ്. പ്രദീപ് നായർ ഛായാഗ്രഹണവും, രജിത് കെ.ആർ. സന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, അൻപ് അറിവ് സംഘട്ടനങ്ങളും, സഹസ് ബാല കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
ജീവിതം ആഘോഷമാക്കി നടക്കുന്ന മൂന്ന് സഹോദരങ്ങളും അവരുടെ സുഹൃത്തും ഒരു പ്രത്യേക സാഹചര്യത്തിൽ ദൂരയാത്ര പോകുന്നു. ആ യാത്രക്കിടയിൽ അച്ഛായൻസ് സംഘം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. സേതു എഴുതിയ ഈ സിനിമയുടെ കഥയിൽ തമാശകൾ, സസ്പെൻസ്, ട്വിസ്റ്റ്, യാത്ര തുടങ്ങിയ ചേരുവകളെല്ലാം കൃത്യമായി ചേർത്തിട്ടുണ്ട്. സീനിയേഴ്‌സിന്റെ കഥാഗതി അതേപടി സ്വീകരിച്ചു അവസാന നിമിഷംവരെ സസ്പെൻസ് നിലനിർത്തിയ കഥയാണ് അച്ഛായൻസിന്റേതും. സസ്പെൻസിനു വേണ്ടി എഴുതിയുണ്ടാക്കിയ സസ്പെൻസും കഥയിലെ പ്രവചിക്കാനാവുന്ന വഴിത്തിരുവകളും കുട്ടികൾക്ക് വരെ ഊഹിക്കാവുന്നതാണ്.

തിരക്കഥ: ⭐
പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളും ദ്വയാർത്ഥ പ്രയോഗമുള്ള സംഭാഷണങ്ങളും ഊഹിക്കാനാവുന്ന സസ്‌പെൻസും മലമുകളിലേക്കുള്ള യാത്രകളും ചിരിവരാത്ത വളിപ്പുകളും കൃത്യമായി തുന്നിച്ചേർത്ത തിരക്കഥയാണ് ഈ സിനിമയുടേത്‌. ഇന്നത്തെ കാലഘട്ടത്തിലെ തട്ടുപൊളിപ്പൻ സിനിമകളിൽ അഭിവാജ്യഘടകമായിരിക്കുന്ന ഒന്നാണ് വെള്ളമടി രംഗങ്ങൾ. അത് ആവശ്യത്തിനും അനാവശ്യത്തിനും കഥാസന്ദർഭങ്ങളിൽ വന്നുപോകുന്നുണ്ട്. ആഘോഷങ്ങൾക്ക് വേണ്ടിയുള്ള അസഭ്യ തമാശകളും, വെള്ളമടിയും, പാട്ടുകളും, ഡാൻസുകളും, യാത്രകളും അങ്ങനെ ഒരു അന്തവും കുന്തവുമില്ലാതെ പോകുന്ന ആദ്യപകുതി. പ്രശ്നങ്ങൾക്ക് നടുവിൽ ചെന്നെത്തുന്ന നാൽവർ സംഘവും അവരെ ചുറ്റിപറ്റി നടക്കുന്ന കുറെ പ്രശ്നങ്ങളും, നിജസ്ഥിതി അറിയുവാനായി നെട്ടോട്ടമോടുന്ന പോലീസും നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന അച്ഛായൻസും. ഒടുവിൽ സത്യം തെളിയിക്കുകയും കുറ്റവാളിയെ കണ്ടെത്തുന്ന രംഗങ്ങളുള്ള രണ്ടാംപകുതിയും. സീനിയേഴ്സ് സിനിമയുടെ തിരക്കഥ മറ്റൊരു രീതിയിലാക്കി നിർമ്മതിവിനെയും അഭിനേതാക്കളെയും പറ്റിക്കാം. പക്ഷെ, പ്രേക്ഷകരെ മണ്ടന്മാരാക്കാൻ സാധിക്കുകയില്ല എന്ന് സേതു മനസിലാക്കിയാൽ നന്ന്!

സംവിധാനം: ⭐
തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ സിനിമകൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം നിർവഹിച്ച അച്ഛായൻസ് സംവിധായകന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമാണ്. എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ അത് പൂർണ പരാജയമായി. കണ്ടുമടുത്ത പഴഞ്ചൻ അവതരണ ശൈലിയാണ് സിനിമയിലുടനീളം കാണാൻ കഴിഞ്ഞത്. അതിനു മാറ്റുക്കൂട്ടുവാൻ രജിത്തിന്റെ സന്നിവേശവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന് പിഴവുപറ്റി. പ്രകാശ് രാജിനെ പോലെ കഴിവുള്ള ഒരു നടനെ ലഭിച്ചിട്ടും അത് പൂർണമായി ഉപയോഗപ്പെടുത്തുവാൻ കണ്ണൻ താമരക്കുളത്തിനു സാധിച്ചില്ല. സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയും സസ്പെൻസിനു വേണ്ടി കണ്ടെത്തിയ വിഷയവും യാതൊരു പുതുമയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നില്ല. കളർഫുൾ പോസ്റ്ററുകൾ ഒരു വിപണനതന്ത്രം മാത്രമായിരുന്നു എന്ന് പ്രേക്ഷകർ തിരിച്ചറിയുന്ന ഒരു കാലം വിദൂരമല്ല. ഇനിയുള്ള ഒരുമാസക്കാലം വമ്പൻ സിനിമകളൊന്നും പ്രദർശനത്തിന് വരുന്നില്ല എന്നത് ഈ സിനിമയ്ക്ക് ഗുണകരമാകാൻ സാധ്യതയുണ്ട് എന്ന് കരുതി ജയറാമിനും കണ്ണൻ താമരക്കുളത്തിനും സി.കെ.പത്മകുമാറിനും രജപുത്ര രഞ്ജിത്തിനും ആശ്വസിക്കാം.

സാങ്കേതികം: ⭐⭐
കളർഫുൾ വിഷ്വൽസിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പ്രദീപ് നായരുടെ ഛായാഗ്രഹണത്തിനു സാധിച്ചു. പാട്ടുകളുടെ ചിത്രീകരണമായാലും മൂന്നാറിലെ ദുരൂഹത നിറഞ്ഞ രംഗങ്ങളായാലും സംവിധായകന്റെ മനസ്സറിഞ്ഞു രംഗങ്ങൾ ചിത്രീകരിക്കുവാൻ പ്രദീപിന് സാധിച്ചു. രതീഷ് വേഗ ഈണമിട്ട അഞ്ചു പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനമൊഴികെ മറ്റൊന്നും നിലവാരം പുലർത്തിയില്ല. കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരിനാരായണൻ എന്നിവരാണ് ഗാനരചന. സഹസ് ബാലയുടെ കലാസംവിധാനം കഥയോട് ചേർന്നുപോകുന്നവയായിരുന്നു. ഈ സിനിമയുടെ സന്നിവേശം തലവേദന മാത്രം സൃഷ്ടിച്ച ഒന്നായിരുന്നു. രജിത് കെ.ആർ. എന്ന പുതുമുഖമാണ് സന്നിവേശം നിർവഹിച്ചത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സമ്പൂർണ നിരാശയാണ് സമ്മാനിച്ചത്. തെലുങ്ക് സിനിമകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു പശ്ചാത്തല സംഗീതം. അൻപ് അറിവിന്റെ സംഘട്ടന രംഗങ്ങളും അന്യഭാഷാ സിനിമകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

അഭിനയം ⭐⭐⭐
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമല പോൾ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, അനു സിത്താര, ശിവദാ നായർ, സിദ്ദിഖ്, രമേശ് പിഷാരടി, പി.സി.ജോർജ്ജ്, ധർമ്മജൻ, സാജു നവോദയ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, ജയൻ ചേർത്തല, സോഹൻ സീനുലാൽ, കുമരകം രഘുനാഥ്, വിജയകൃഷ്ണൻ, കവിയൂർ പൊന്നമ്മ, പൊന്നമ്മ ബാബു, മായാ വിശ്വനാഥ്, തെസ്നി ഖാൻ, സുജ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. കാർത്തിക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തനതായ അഭിനയ ശൈലികൊണ്ട് വ്യത്യസ്തമാക്കാൻ പ്രകാശ് രാജിന് സാധിച്ചു. ഈ സിനിമയിൽ ഒരല്പം ആശ്വാസമായതും പ്രകാശ് രാജിന്റെ സാന്നിധ്യം മാത്രമാണ്. റോയ് എന്ന കഥാപാത്രത്തെ ജയറാം സ്ഥിരം മാനറിസങ്ങൾ ഉപയോഗിച്ച് അവതരിപ്പിച്ചു. ചെറിയ വേഷമാണെങ്കിലും സിദ്ദിക്കും തന്റെ റോളിൽ തിളങ്ങി. അമല പോളിന് സമീപകാലത്തു ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത്. തനിക്കാവുന്ന വിധം മോശമാക്കാതെ അമല ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ടോണി എന്ന മുഴുകുടിയന്റെ കഥാപാത്രം പോലും നന്നേ കഷ്ടപ്പെട്ട് അഭിനയിച്ചത് പോലെ തോന്നി. ആദിൽ ഇബ്രാഹിമും സഞ്ജു ശിവറാമും നിരാശപ്പെടുത്തിയില്ല. മാലിനിയായി രാമന്റെ ഏദൻതോട്ടത്തിൽ അഭിനയിച്ചത് അനു സിത്താരയായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന അഭിനയമാണ് ഈ സിനിമയിൽ കണ്ടത്. മറ്റെല്ലാ നടീനടന്മാരും ഒട്ടും താല്പര്യമില്ലാത്ത രീതിയിലാണ് അഭിനയം കാഴ്ചവെച്ചത് എന്ന് തോന്നി.

വാൽക്കഷ്ണം: കേട്ടറിവിനേക്കാൾ വലുതാണ് അച്ഛായൻസ് എന്ന ദുരന്തം!

സംവിധാനം: കണ്ണൻ താമരക്കുളം
നിർമ്മാണം: സി.കെ.പത്മകുമാർ
ബാനർ: ഡി.എൻ.വി.പി. ക്രിയേഷൻസ്
രചന: സേതു
ഛായാഗ്രഹണം: പ്രദീപ് നായർ
ചിത്രസന്നിവേശം: രജിത് കെ.ആർ.
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
സംഗീതം: രതീഷ് വേഗ
ഗാനരചന: കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരിനാരായണൻ
കലാസംവിധാനം: സഹസ് ബാല
വസ്ത്രാലങ്കാരം: അരുൺ മനോഹർ
ചമയം: സജി കാട്ടാക്കട
സംഘട്ടനം: അൻപ് അറിവ്
ശബ്ദസംവിധാനം: ജിജുമോൻ ടി. ബ്രൂസ്
വിതരണം: രജപുത്ര റിലീസ്.

ഗോദ – ⭐⭐⭐


ആസ്വാദനത്തിന്റെ ദൃതങ്കപുളകിത നിമിഷങ്ങൾ! – ⭐⭐⭐

ഹാസ്യരസാവഹമായ മുഹൂർത്തങ്ങളാലും നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങളാലും രസകരമായ ആഖ്യാന ശൈലിയാലും ഏവരെയും തൃപ്ത്തിപെടുത്തുവാൻ കഴിഞ്ഞതിൽ ബേസിൽ ജോസഫിനും കൂട്ടർക്കും അഭിമാനിക്കാം. കഥാപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും പുത്തുനുണർവ്വ് നൽകുന്ന അവതരണ മികവുകൊണ്ടും സാങ്കേതിക തികവുകൊണ്ടും അഭിനയ മികവുകൊണ്ടും ഒരുവട്ടം ആസ്വദിച്ചു കണ്ടിരിക്കുവാൻ കഴിയുന്ന സിനിമയാണ് ഗോദ.

കുഞ്ഞി രാമായണത്തിന്റെ വലിയ വിജയത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കിയ ഗോദയിൽ പഞ്ചാബി സുന്ദരി വാമിക്വ ഗബ്ബിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസും രഞ്ജിപണിക്കരും തുല്യപ്രധാന വേഷങ്ങളിൽ വാമിക്വയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇ ഫോർ എന്റെർറ്റെയിൻമെന്റ്സിനു വേണ്ടി മുകേഷ് ആർ. മേത്തയും സി.വി.സാരഥിയും എ.വി.എ.പ്രൊഡക്ഷൻസിനു വേണ്ടി എ.വി.അനൂപും സംയുക്തമായാണ് ഗോദ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐
സുൽത്താനും ദങ്കലും കേരളത്തിലെ സിനിമാപ്രേമികളെ ഏറെ സ്വാധീനിച്ച സിനിമകളാണ്. അതെ ശ്രേണിയിൽ ഉൾപെടുത്താവുന്ന പ്രമേയവും കേരളത്തിന്റെ സംസ്കാരം നിലനിർത്തിക്കൊണ്ടു മലയാള ഭാഷ സംസാരിക്കുന്ന രീതിയിലേക്ക് മാറ്റിയ ഒരു ഗുസ്തിമത്സര കഥയുമാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബിലെ ഗോദയിൽ മത്സരിക്കാൻ അനുമതി ലഭിക്കാത്ത ഒരുവൾ കേരളത്തിന് വേണ്ടി മത്സരിക്കുവാനെത്തുന്ന സാഹചര്യമാണ് കഥയിലെ ഏക പുതുമ. മലയാള സിനിമയിൽ നിർമ്മിക്കപ്പെട്ട ഒട്ടുമിക്ക കായികവിനോദങ്ങൾ പ്രേമേയമാക്കിയ സിനിമകളിലും പ്രേക്ഷകർ കണ്ടാസ്വദിച്ചവ തന്നെയാണ് ഗോദയിലും കഥാപശ്ചാത്തലമാകുന്നത്.

തിരക്കഥ: ⭐⭐⭐
വിനീത് ശ്രീനിവാസന്റെ തിരയുടെ തിരക്കഥ രചിച്ചുകൊണ്ടു മലയാള സിനിമയിലെത്തിയ രാകേഷ് മാന്തോടി രചന നിർവഹിച്ച രണ്ടാമത്തെ സിനിമയാണ് ഗോദ. ഗുസ്തി എന്ന കായികവിനോദത്തിനു വേണ്ടി തയ്യാറെടുക്കുന്നതും ജയ-പരാജയങ്ങളിലൂടെ ഒടുവിൽ സ്വന്തം നാടിനെ പ്രതിനിധികരിക്കുവാൻ സാധിക്കുന്ന ഒരു പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബി പെൺകുട്ടി കേരളത്തിന് വേണ്ടി മത്സരിക്കാനെത്തുന്ന സന്ദർഭങ്ങൾ മാത്രമാണ് പുതുമയുള്ളതായി അനുഭവപ്പെട്ടത്. ഗുസ്തി മത്സരത്തിനുള്ള തയ്യാറെടുപ്പുകളും വീറും വാശിയും നിറഞ്ഞ മത്സരങ്ങളും പ്രേക്ഷകർക്ക് സുപരിചിതമായ രീതിയിലുള്ള കഥാസന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ രസംകൊല്ലിയാകുന്നതും. പ്രണയത്തിനു സാധ്യതയുള്ള കഥാഗതിയായിരുന്നുവെങ്കിലും ഒട്ടും പൈങ്കിളിയാക്കാത്ത ആ സന്ദർഭങ്ങൾ കയ്യടക്കത്തോടെ എഴുതുവാൻ രാകേഷിനു സാധിച്ചു. നാട്ടിനുപുറവും മൈതാനവും ക്രിക്കറ്റ് കളിയുമൊക്കെ ആവർത്തന വിരസമായി അനുഭവപെട്ടു. ആദ്യ പകുതിയിലെ മേല്പറഞ്ഞ കഥാസന്ദർഭങ്ങൾ കണ്ടുമടുത്തതാണെങ്കിലും നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളാണ് പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തിയത്. അതുപോലെ രഞ്ജി പണിക്കർ അവതരിപ്പിച്ച ക്യാപ്റ്റന്റെ കഥാപാത്ര രൂപീകരണവും മികവ് പുലർത്തി. തിരയിലൂടെ ഓളങ്ങൾ സൃഷ്ടിക്കാൻ രാകേഷ് മാന്തോടിയ്ക്കു സാധിച്ചില്ലായെങ്കിലും ഗോദയിലൂടെ ശക്തമായ രണ്ടാംവരവിന്‌ കഴിഞ്ഞു.

സംവിധാനം: ⭐⭐⭐⭐
ഗുസ്തി എന്ന കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മവരുന്ന മുഖം ഒരുപക്ഷെ സുശീൽ കുമാറിന്റേതാകാം. ഗുസ്തി എന്ന കായികവിനോദത്തിലൂടെ കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ഗട്ടാ ഗുസ്തിക്കാരനാണ് ടി.ജെ.ജോർജ്ജ്. ഗുസ്തിക്കാരുടെ കഥയും ഗോദയിൽ മത്സരിക്കാനിറങ്ങുമ്പോഴുള്ള അവരുടെ വികാരങ്ങളും പോരാട്ടങ്ങളും പ്രേമേയമാക്കിയ സിനിമകളൊന്നും മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടില്ല. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിലും സിബി മലയിലിന്റെ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയിലും മാത്രമാണ് നമ്മൾ ഗുസ്തി കണ്ടിട്ടുള്ളത്. കുഞ്ഞിരാമായണം പോലെ കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഗോദയിലും ബേസിൽ അവതരിപ്പിച്ചത്. പുതുമയാർന്നതും ഉണർവ്വ് പകരുന്നതുമായ അവതരണമാണ് ഗോദയെ വ്യത്യസ്തമാക്കുന്നത്. വേഗതയോടെയുള്ള കഥപറച്ചിൽ സിനിമയുടെ ആസ്വാദനത്തിനു ഗുണകരമായി. ഏവർക്കുമറിയാവുന്ന കഥയും കഥയിലെ വഴിത്തിരുവുകളും ഈ സിനിമയുടെ ന്യൂനതകളിൽ ഉൾപ്പെടുന്നുവെങ്കിലും, അതൊന്നും പ്രേക്ഷകർക്ക് ചിന്തിച്ചെടുക്കാൻ കഴിയാത്ത വിധത്തിലുള്ള സന്നിവേശവും വിഷ്വൽസും പശ്ചാത്തല സംഗീതവും ഉപയോഗപ്പെടുത്തി അവതരിപ്പിക്കുവാൻ ബേസിൽ ജോസഫിന് സാധിച്ചിട്ടുണ്ട്. ബാഹുബലിയിൽ നിന്ന് മോചിതരായി ഇനിയുള്ള കുറച്ചു മാസങ്ങൾ പ്രേക്ഷകർ ഗോദക്ക് പിന്നാലെ പോകുമെന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐⭐
അഭിനവ് സുന്ദർ നായകും വിഷ്ണു ശർമ്മയും ഷാൻ റഹ്‌മാനും ചേർന്ന് അത്യുഗ്രൻ സാങ്കേത്തികമികവോടെ പ്രേക്ഷകരെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഗോതമ്പിന്റെ നിറമുള്ള കളർടോണുകൾ നൽകി ഇതുവരെ കണ്ടിട്ടില്ലാത്ത പഞ്ചാബിന്റെ മുഖം ഒപ്പിയെടുക്കുവാൻ വിഷ്ണു ശർമ്മയുടെ ക്യാമറക്കണ്ണുകൾക്കു സാധിച്ചു. അതുപോലെ കേരളത്തിലെ നാട്ടിൻപുറത്തെ കാഴ്ചകളും ക്‌ളൈമാക്‌സിലെ ഗുസ്തിമത്സരങ്ങളും മികവോടെ ചിത്രീകരിക്കുവാൻ വിഷ്ണുവിന് കഴിഞ്ഞു. ചടുലമായ സന്നിവേശമാണ് പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിച്ചിരുത്തിയത്. അഭിനവ് സുന്ദർ നായക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന എന്ന പാട്ടും അതിന്റെ സംഗീതവും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. സമീപകാലത്തു കേട്ടതിൽ ഏറ്റവും ഇമ്പമാർന്ന സംഗീതമാണ് ആ പാട്ടിനു ഷാൻ റഹ്മാൻ നൽകിയത്. ഗോദ ഒരുക്കിയത് ത്യാഗു തവന്നൂരാണ്. ഗുസ്തി മത്സരത്തിനായുള്ള ആഡംബര വേദിയൊരുക്കുന്നതിൽ ത്യാഗു വിജയിച്ചു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. ഗുസ്തി മത്സരങ്ങളുടെ സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ ശിവയും സംവിധായകൻ ബേസിൽ ജോസഫും ചേർന്നാണ്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐
വാമിക്വ ഗബ്ബി, രഞ്ജി പണിക്കർ, ടൊവിനോ തോമസ്, അജു വർഗീസ്, ഹരീഷ് പെരുമണ്ണ, ശ്രീജിത്ത് രവി, ധർമ്മജൻ ബോൾഗാട്ടി, മാമുക്കോയ, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, ഹരീഷ് പരേടി, ഷൈൻ ടോം ചാക്കോ, ദിനേശ് നായർ, പാർവതി എന്നിവരാണ് ഗോദയിലെ പ്രധാന അഭിനേതാക്കൾ. സമീപകാലത്തു കണ്ടതിൽ ഏറ്റവും പൗരുഷമുള്ള കഥാപാത്രത്തെ നൂറു ശതമാനം ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ രഞ്ജി പണിക്കർക്ക് സാധിച്ചു. ആഞ്ജനേയ ദാസ് എന്ന നായക കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു വിജയിപ്പിക്കുവാൻ ടൊവിനോ തോമസിനും കഴിഞ്ഞു. അദിതി സിംഗ് എന്ന ഗുസ്തിക്കാരിയായി വാമിക്വയും അഭിനയ മികവ് പുലർത്തി. അജു വർഗീസും ഹരീഷ് പെരുമണ്ണയും പാർവതിയും അവരവരുടെ വേഷങ്ങളിൽ തിളങ്ങി. നാട്ടിൻപുറത്തെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയത് മാമുക്കോയയും ധർമ്മജനും ബിജുക്കുട്ടനും ശ്രീജിത്ത് രവിയും ഹരീഷ് പരേടിയും ചേർന്നാണ്. ശുദ്ധമായ ഹാസ്യരംഗങ്ങളിലെ നിഷ്കളങ്കമായ ഇവരുടെ അഭിനയമാണ് പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്.

വാൽക്കഷ്ണം: കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ഒരുപിടി രസകരമായ മുഹൂർത്തങ്ങളിലൂടെ കോർത്തിണക്കിയ ഗുസ്തിക്കഥയാണ് ഗോദ!

സംവിധാനം: ബേസിൽ ജോസഫ്
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി
ബാനർ: ഇ ഫോർ എൻറ്റർറ്റെയിന്മെന്റ്സ്, എ.വി.എ. പ്രൊഡക്ഷൻസ്
രചന: രാകേഷ് മാന്തോടി
ഛായാഗ്രഹണം: വിഷ്ണു ശർമ്മ
ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്
സംഗീതം: ഷാൻ റഹ്‌മാൻ
ഗാനരചന: മനു മഞ്ജിത്, വിനായക് ശശികുമാർ
കലാസംവിധാനം: ത്യാഗു തവന്നൂർ
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദസംവിധാനം: രാജകൃഷ്ണൻ
വിതരണം: ഇ ഫോർ എന്ററെർറ്റെയിന്മെന്റ്സ്.

രക്ഷാധികാരി ബൈജു (ഒപ്പ്) – ⭐⭐⭐


ഗൃഹാതുരത്വ ഓർമ്മകളിലൂടെ ഒരല്പനേരം – ⭐⭐⭐

ഓരോ തലമുറയിലെ കുട്ടികൾക്കും അവരുടേതായ പ്രിയപ്പെട്ട വിനോദങ്ങളുണ്ടാകും. മൊബൈൽ ഫോണും കംപ്യൂട്ടർ ഗെയിമുകളും ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ജീവിതം ആസ്വദിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വിനോദ ഉപാദികളാണ്. ഒന്നോ രണ്ടോ തലമുറ മുമ്പുള്ള, ഇന്നത്തെ യുവാക്കളായ അന്നത്തെ കുട്ടികൾ സമയം ചിലവഴിച്ചുകൊണ്ടിരുന്നതും ഓരോ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നതും പാടത്തും പറമ്പിലും നാട്ടിൻപുറത്തെ കൊച്ചു മൈതാനങ്ങളിലുമായാണ്. കാലമെത്ര കഴിഞ്ഞാലും അവയെല്ലാം ഒരുപിടി മനോഹരമായ ഓർമ്മകളായി എന്നും അവരുടെ ഉള്ളിൽ അവശേഷിക്കുന്നു. അത്തരത്തിലുള്ള കുറെ സുന്ദര നിമിഷങ്ങൾ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് മനസിലാക്കുവാനും പഴയ തലമുറയിലുള്ളവർക്കു അവരുടെ ബാല്യകാലസ്മരണങ്ങൾ ഓർത്തെടുക്കുവാനും സാധിക്കുന്ന സിനിമയാണ് രക്ഷാധികാരി ബൈജു(ഒപ്പ്‌).

റോസ് ഗിറ്റാറിനാൽ എന്ന സിനിമയ്ക്ക് ശേഷം രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് രക്ഷാധികാരി ബൈജു. പുതുമുഖം ടി.എസ് അർജുനാണ് ഈ സിനിമയുടെ കഥ എഴുതിയത്. 100ത് മങ്കി മൂവീസിനു വേണ്ടി അലക്‌സാണ്ടർ മാത്യുവും സതീഷ് കോലവും നിർമ്മിച്ച രക്ഷാധികാരി ബൈജു ഇറോസ് ഇൻറ്റർനാഷണലാണ് വിതരണം ചെയ്തിരിക്കുന്നത്.

പ്രമേയം: ⭐⭐
കേരളത്തിലെ ഏതു കൊച്ചു ഗ്രാമപ്രദേശത്ത് ചെന്നാലും അവിടെയൊക്കെ ബൈജുവിനെ പോലെയുള്ള ആളുകളെ കാണാൻ സാധിക്കും. ആ പ്രദേശത്തുള്ള നിവാസികളൊക്കെ ഏതു പ്രധാനപ്പെട്ട കാര്യത്തിനും സമീപിക്കുന്നത് ബൈജുവിനെ പോലെയുള്ളവരെയായിരിക്കും. അതുപോലെ ഗ്രാമനിവാസികളായ യുവാക്കളും കുട്ടികളും ദിവസേന വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന ഒരു ചായക്കടയോ കവലയോ മൈതാനമോ ഉണ്ടാകും. അവരുടെ ദിനചര്യകളിൽ പ്രത്യേകിച്ചു മാറ്റങ്ങൾ ഒന്നുമുണ്ടാകില്ല. അവിടെയുള്ളവരുടെ വിനോദത്തിനായി ആരംഭിക്കുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അതിന്റെ പ്രവർത്തനങ്ങളും കായിക വിനോദങ്ങളും എല്ലാ പ്രദേശങ്ങളിലും കാണപെടുന്നതാണ്. കുമ്പളം എന്ന കൊച്ചുഗ്രാമത്തിൽ ബൈജുവിന്റേയും കൂട്ടരുടെയും നേതൃത്വത്തിൽ തുടങ്ങുന്ന കുമ്പളം ബ്രദേഴ്സ് എന്ന ക്ലബ്ബും കായികവിനോദങ്ങളുടെ കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ആരംഭിക്കുന്നത്. മേല്പറഞ്ഞ കുമ്പളം ഗ്രാമനിവാസികളുടെയും അവരുടെ ഒരേയൊരു മൈതാനത്തിന്റ രക്ഷാധികാരി ബൈജുവിന്റെയും കഥയാണ് രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെ രഞ്ജൻ പ്രമോദ് പറയുന്നത്.

തിരക്കഥ: ⭐⭐⭐⭐
രണ്ടാം ഭാവവും, മീശമാധവനും, മനസ്സിനക്കരയും, നരനും എഴുതിയ രഞ്ജൻ പ്രമോദിന്റെ തൂലികയിൽ പിറന്ന ഗംഭീര തിരക്കഥയാണ് രക്ഷാധികാരി ബൈജു. ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ അത്യന്തം രസകരമായി കോർത്തിണക്കിയ കഥാസന്ദർഭങ്ങളാണ് സിനിമയുടെ ആദ്യാവസാനം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തിരക്കഥയ്ക്ക് ശേഷം ഇത്രയും ഹൃദയത്തോട് ചേർന്ന് നിന്നെഴുതിയ തിരക്കഥയൊന്നും അടുത്തകാലത്തു മലയാള സിനിമയിൽ കണ്ടിട്ടില്ല. ഹാസ്യത്തിന്റെ മേമ്പൊടിയോടെ ദ്വയാർത്ഥ പ്രയോഗമില്ലാത്ത ശുദ്ധമായ നർമ്മ സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ച രംഗങ്ങളെല്ലാം പ്രേക്ഷകർ ആസ്വദിച്ചു. ഓരോ കഥാപാത്രങ്ങളുടെയും രൂപീകരണമാണ് തിരക്കഥയുടെ മറ്റൊരു സവിശേഷതയായി തോന്നിയത്. അവരിലെ പലരിലും നമ്മളെ തന്നെ കാണുവാൻ സാധിക്കുമായിരുന്നു. വിശ്വസനീയതയുള്ള സന്ദർഭങ്ങൾ, ഏച്ചുകെട്ടലുകളില്ലാത്ത സംഭാഷണങ്ങൾ, സുപരിചതരായ കഥാപാത്രങ്ങൾ, ഹൃദയസ്പർശിയായ ക്‌ളൈമാക്‌സ് തുടങ്ങിയവയാണ് തിരക്കഥയിലെ പ്രത്യേകതകൾ. കുട്ടിക്കാലം മുതൽ നമുക്ക് ചുറ്റും കണ്ട കാഴ്ചകളെല്ലാം കുട്ടികൾക്കും കുടുംബത്തിനൊപ്പം വീണ്ടും കാണുമ്പോളുള്ള സന്തോഷം പ്രേക്ഷകരിൽ പ്രകടമായിരുന്നു. ഇനിയും ഇതുപോലെ രസകരമായ തിരക്കഥകൾ എഴുതുവാൻ രഞ്ജൻ പ്രമോദിന് കഴിയട്ടെ.

സംവിധാനം: ⭐⭐⭐⭐
കഥാസന്ദർഭങ്ങളുടെ കൃത്രിമത്വമില്ലാത്ത അവതരണമാണ് ഓരോ സിനിമയെയും പ്രേക്ഷകരുടെ പ്രിയപെട്ടതാകുന്നത്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ചെന്നാൽ നേരിൽ കാണുന്ന കാഴ്ചകൾ അതേപടി വിശ്വസനീയമായി അവതരിപ്പിച്ച രഞ്ജൻ പ്രമോദിന്റെ സംവിധാന രീതി പ്രശംസനീയമാണ്. കഥാപശ്ചാത്തലത്തിനു അനിയോജ്യമായ ഒരു ലൊക്കേഷനിൽ ഈ സിനിമ ചിത്രീകരിക്കാനായി എന്നത് കഥയുടെ വിശ്വസനീയതയ്ക്കു ആക്കം കൂട്ടിയിട്ടുണ്ട്. അഭിനേതാക്കളുടെ മിതമാർന്ന പ്രകടനവും, സിങ്ക് സൗണ്ട് ഉപയോഗിച്ചുള്ള സംഭാഷണങ്ങളുടെ റെക്കോർഡിങ്ങും സിനിമയുടെ അവതരണത്തിന് ഗുണം ചെയ്തിട്ടുണ്ട്. ആ ഗ്രാമനിവാസികളുടെ മൈതാനത്തിന്റെ കഥയോടൊപ്പം ബൈജുവിന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിലുള്ളവരുടെയും ജീവിതത്തിലെ വിഷമങ്ങളും സന്തോഷങ്ങളും കഷ്ടപ്പാടുകളും പ്രണയവും വിരഹവും കൃത്യമായി സമന്വയിപ്പിച്ചാണ് രഞ്ജൻ പ്രമോദ് അവതരിപ്പിച്ചത്. എൺപതുകളുടെ അവസാനം നിർമ്മിക്കപ്പെട്ടിട്ടുള്ള ചില സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമകളെ ഓർമ്മിപ്പിക്കിന്നവിധമാണ് ഈ സിനിമയുടെ അവതരണം. ഒരുപാട് നാളുകൾക്കു ശേഷമുള്ള രഞ്ജൻ പ്രമോദ് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും രണ്ടാംവരവ് ഗംഭീരമായി.

സാങ്കേതികം: ⭐⭐⭐⭐
സിനിമയുടെ ദൈർഘ്യം കഥയാവശ്യപെടുന്നതിലും ഒരല്പം കൂടുതലായിരുന്നു എന്നത് ആസ്വാദനത്തെ ദോഷകരമായി ബാധിച്ചു. സംജിത് മുഹമ്മദ് തന്റെ സ്ഥിരം ശൈലി കൈവിടാതെ സൂക്ഷമമായി രംഗങ്ങൾ കോർത്തിണക്കിയിട്ടുണ്ട്. കഥയിൽ പ്രാധാന്യമില്ലാത്ത ഒന്ന് രണ്ടു കഥാപാത്രങ്ങളെ ഒഴുവാക്കിയിരുന്നുവെങ്കിൽ ദൈർഘ്യം കുറയ്ക്കാമായിരുന്നു. പ്രശാന്ത് രവീന്ദ്രനാണ് രംഗങ്ങൾ ക്യാമറയിൽ പകർത്തിയത്. ഓരോ ഫ്രയിമുകളും നൂറു ശതമാനം വിശ്വസനീയതയോടെയാണ് ചിത്രീകരിച്ചത്. ക്യാമറ ഗിമ്മിക്‌സുകളോ കൃത്രിമത്വ ലൈറ്റുകളോ ഒന്നും ഉപയോഗിക്കാതെ ചിത്രീകരിച്ച ഈ സിനിമയിലെ ഓരോ രംഗങ്ങളും ഹൃദ്യമായിരുന്നു. എടുത്തു പറയേണ്ട പ്രശംസിക്കേണ്ട ഒന്നാണ് ബിജിബാലിന്റെ പശ്ചാത്തല സംഗീതം. ഓരോ കഥാസന്ദർഭങ്ങളോടും ഇഴുകിച്ചേർന്ന പശ്ചാത്തല സംഗീതമായിരുന്നു ബിജിബാൽ ചിട്ടപ്പെടുത്തിയത്. ഹരിനാരായണൻ എഴുതി ബിജിബാൽ ഈണമിട്ട ആകാശം പന്തലുകെട്ടി എന്ന പാട്ടും മികവുറ്റതായിരുന്നു. പ്രമോദ് തോമസാണ് സിങ്ക് സൗണ്ട് രീതിയിലുള്ള ശബ്ദമിശ്രണത്തിനു നേതൃത്വം നൽകിയത്. രംഗങ്ങളുടെ വിശ്വസനീയതയ്ക്കു മാറ്റുകൂട്ടുവാൻ സഹായിച്ച ഘടകങ്ങളിൽ ഒന്നാണ് ചിത്രീകരണത്തിനിടയിലുള്ള ശബ്ദമിശ്രണം. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് യോജിച്ചവയായിരുന്നു. ശ്രീജിത്ത് ഗുരുവായൂരാണ് ചമയം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐⭐
ഒരു സിനിമയിലെ എല്ലാ അഭിനേതാക്കളും തനതായ ശൈലിയിൽ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിരളം മാത്രം സംഭവിക്കുന്ന ഒന്നാണ്. ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കവാൻ ബിജു മേനോനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാനാകില്ല. അത്രയ്ക്ക് രസകരമായ രീതിയിൽ അലസതയുള്ള ഒരു ചെറുപ്പക്കാരന്റെ കഥാപാത്രം മികവോടെ ബിജു മേനോൻ അവതരിപ്പിച്ചു. മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ഹരീഷ് പെരുമണ്ണയാണ്. അധികം സംഭാഷണങ്ങൾ ഒന്നുമില്ലാത്ത വിനീത് എന്ന ചെറുപ്പക്കാരനെ ഹാസ്യരസമുള്ള ഭാവാഭിനയത്തിലൂടെ ഹരീഷ് അവതരിപ്പിച്ചു. അജു വർഗീസിന്റെ ജോഡിയായി അഭിനയിച്ച പുതുമുഖം ശ്രീകലയുടെ അഭിനയം വളരെ മികച്ചുനിന്നു. മനോജ് എന്ന വേഷത്തിൽ ദീപക് പറമ്പോളും തിളങ്ങി. സ്വതസിദ്ധമായ അഭിനയമാണ് വിജയരാഘവന്റെ അച്ഛൻ കഥാപാത്രത്തെ മികവുറ്റതാക്കിയത്. അജു വർഗീസും ജനാർദ്ദനനും ഇന്ദ്രൻസും അലൻസിയാറും മണികണ്ഠനും ദിലീഷ് പോത്തനും ഹന്നാ റെജിയും അവരവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ഇവരെ കൂടാതെ പത്മരാജ് രതീഷ്, ശശി കലിങ്ക, ആബിദ്, നെബീഷ്, ഹക്കിം, ചേതൻ ലാൽ, മാസ്റ്റർ വിശാൽ, അഞ്ജലി അനീഷ്, ശ്രീധന്യ, അംബിക മോഹൻ, അനഘ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ കോർത്തിണക്കിയ കുടുംബചിത്രമാണ് രക്ഷാധികാരി ബൈജു!

രചന, സംവിധാനം: രഞ്ജൻ പ്രമോദ്
കഥ: ടി.എസ്.അർജുൻ
നിർമ്മാണം: അലക്‌സാണ്ടർ മാത്യു, സതീഷ് കോലം
ബാനർ: 100ത് മങ്കി മൂവീസ്
ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ
ചിത്രസന്നിവേശം: സംജിത് മുഹമ്മദ്
ഗാനരചന: ഹരിനാരായണൻ
സംഗീതം: ബിജിബാൽ
കലാസംവിധാനം: അജയ് മാങ്ങാട്
ശബ്ദസംവിധാനം: പ്രമോദ് തോമസ്
ചമയം: ശ്രീജിത്ത് ഗുരുവായൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഇറോസ് ഇൻറ്റർനാഷണൽ.

ജോർജ്ജേട്ടൻസ് പൂരം – ⭐⭐


പൊട്ടാത്ത ചളുപ്പടക്കങ്ങളും ആളൊഴിഞ്ഞ പൂരപ്പറമ്പും! – ⭐⭐

ജനപ്രിയനായകന്റെ അവധിക്കാല സിനിമകൾ കുട്ടികൾക്ക് ആസ്വദിക്കാനുള്ളതാണെന്ന് അദ്ദേഹവും ആരാധകരും അവകാശപെടാറുള്ളതാണ്. ദിലീപിന്റെ മുൻകാല വിഷു ചിത്രങ്ങളുടെ പട്ടികയെടുത്താൽ അത് വ്യക്തമാകും. പാപ്പി അപ്പച്ചയും, മായാമോഹിനിയും, റിംഗ് മാസ്റ്ററും, കിംഗ് ലയറുമൊക്കെ അവധിക്കാലത്ത് പ്രദർശനത്തിനെത്തിയ സിനിമകളാണ്. മേല്പറഞ്ഞ സിനിമകൾ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കിൽ ജോർജ്ജേട്ടൻസ് പൂരവും നിങ്ങളെ രസിപ്പിച്ചേക്കാം. അതല്ലാതെ ശുദ്ധമായ ഹാസ്യ രംഗങ്ങളുള്ള ആസ്വാദ്യകരമായ സിനിമ ആഗ്രഹിക്കുന്നവർ ജോർജ്ജേട്ടൻസ് പൂരം ഒഴിവാക്കുന്നതാകും ഭേദം.

ഡോക്ടർ ലൗ എന്ന കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് ശേഷം കെ.ബിജു സംവിധാനം ചെയ്ത ജോർജ്ജേട്ടൻസ് പൂരത്തിന്റെ രചന നിർവഹിച്ചത് വൈ.വി.രാജേഷാണ്. കഥയെഴുതിയത് സംവിധായകൻ ബിജു തന്നെയാണ്. ശിവാനി സുരാജും അജയ് ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ് ജോർജ്ജേട്ടൻസ് പൂരം നിർമ്മിച്ചത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
സാമൂഹിക സേവനം ചെയ്യുന്നു എന്ന തട്ടിപ്പിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നാൽവർ സംഘം. അവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മത്തായി പറമ്പ്. ഉടമസ്ഥ അവകാശമില്ലെങ്കിലും ജോർജ്ജേട്ടനും സുഹൃത്തുക്കളും അറിയാതെ മത്തായി പറമ്പിൽ ഒന്നും നടക്കില്ല. ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശി വരുന്നതോടെ കഥ മറ്റൊരു ദിശയിലേക്കു തിരിയുന്നു. കാലാകാലങ്ങളായി കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലും കാഴ്ച്ചയാകുന്നത്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയതൊന്നും ഈ സിനിമയുടെ അണിയറപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. പൂരത്തിന് കുട്ടികളെങ്കിലും കയറുമോ എന്ന് കണ്ടറിയാം!

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ് എന്ന തിരക്കഥാകൃത്തിന്റെ മുൻകാല സിനിമകളുടെ വിജയ ചേരുവകൾ തെറ്റാതെ എഴുതിയ തിരക്കഥയാണ് ജോർജ്ജേട്ടൻസ് പൂരത്തിന്റേതും. പുതുമയില്ലാത്ത കഥാസന്ദർഭങ്ങൾ, പരിചിതമായ കഥാപാത്രങ്ങൾ, പ്രവചിക്കാനാവുന്ന കഥാഗതി, ചിരിവരാത്ത സംഭാഷണങ്ങൾ എന്നിവ സമന്വയിപ്പിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ. പതിവ് രീതിയിൽ നിന്ന് മാറ്റിപ്പിടിച്ച ഒരേയൊരു ഘടകം കഥാവസാനമുള്ള കബഡി കളിയാണ്. അവധികാലം ആഘോഷിക്കുവാൻ വേണ്ടി സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ചിരിപ്പിക്കുക എന്നതായിരുന്നു വൈ.വി.രാജേഷിന്റെ ഉദ്ദേശമെങ്കിൽ, അസഭ്യങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുമുള്ള സംഭാഷണങ്ങളെങ്കിലും ഈ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. സെൻട്രൽ ജയിൽ എന്ന ക്രൂര സിനിമാപീഡനം കണ്ട ജനപ്രിയ നായകന്റെ ആരാധകർക്ക് ഒരു ആശ്വാസമായിരിക്കാം ജോർജ്ജേട്ടൻസ് പൂരം.

സംവിധാനം: ⭐⭐
ആറു വർഷങ്ങൾക്കു മുമ്പ് കെ. ബിജു സംവിധാനം ചെയ്ത ഡോക്ടർ ലൗ എന്ന സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച അതെ അവതരണ രീതിയാണ് ഈ സിനിമയ്ക്ക് വേണ്ടിയും സ്വീകരിച്ചത്. ഒരുപാട് മാറ്റങ്ങൾ സിനിമയുടെ അവതരണ രീതിയിൽ സംഭവിച്ചു എന്ന വസ്തുത അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് കരുതാം. കൊച്ചുകുട്ടികൾക്ക് പോലും പ്രവചിക്കാനാവുന്ന അവതരണമാണ് ഈ സിനിമയുടെ പോരായ്മകളിൽ പ്രധാനം. ജനപ്രിയ നായകന്റെ സമ്മതവും, പണം മുടക്കാൻ നിർമ്മാതാക്കളെയും ലഭിച്ചതിനു ശേഷമാണ് ഈ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരക്കഥയും അവതരണ രീതിയും മുൻകൂറായി മനസ്സിലായിക്കാൽ പുതുമുഖ നടന്മാർ പോലും ഈ സിനിമയിൽ അഭിനയിക്കുവാൻ സാധ്യത കാണുന്നില്ല. അവധിക്കാലത്തെ വൻകിട സിനിമകൾക്ക് മുമ്പിൽ പൊട്ടാത്ത ചളുപടക്കങ്ങളുള്ള ഈ പൂരക്കാഴ്ച കാണുവാൻ ജനങ്ങൾ വരുമോയെന്നു വരുംനാളുകളിൽ അറിയാം. ജനപ്രിയനായകനു ഭാഗ്യം തുണച്ചില്ലെങ്കിൽ, പ്രദർശനശാലകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകാനാണ് സാധ്യത!

സാങ്കേതികം: ⭐⭐⭐
വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. കണ്ടുമടുത്ത തൃശൂർ കാഴ്ച്ചകൾ തന്നെയാണ് ഈ സിനിമയിലും. പാട്ടുകളുടെ ചിത്രീകരണം കളർഫുള്ളായിരുന്നു എന്നത് ഒരു സവിശേഷതയല്ലെങ്കിലും സിനിമയിലെ മറ്റു രംഗങ്ങളെ അപേക്ഷിച്ചു ഭേദമായിരുന്നു. ലിജോ പോളിന്റെ സന്നിവേശം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിച്ചില്ല. രണ്ടാം പകുതിയുടെ അവസാന ഭാഗത്തിലുള്ള കബഡികളികൾ സ്ലോ മോഷനിൽ അവതരിപ്പിച്ചതുകൊണ്ടു പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനായില്ല. രംഗങ്ങൾക്ക് ഒരല്പമെങ്കിലും ഉണർവ്വ് പകർന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കാരണമാണ്. അതുപോലെ, ഗോപി സുന്ദർ ഈണമിട്ട പാട്ടുകൾ കേൾക്കാനും ഏറ്റുപാടാനും തോന്നുന്നവയായിരുന്നു. ജോലീം കൂലീം എന്ന പാട്ടും ഓമൽ ചിരിയോ എന്ന പാട്ടും എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഷോബി പോൾരാജിന്റെ നൃത്ത സംവിധാനം മികവ് പുലർത്തിയിരുന്നു. ഏറെ നാളുകൾക്കു ശേഷം ദിലീപിന്റെ രസകരമായ നൃത്തം കണ്ടത് ഓമൽ ചിരിയോ എന്ന ഗാന ചിത്രീകരണത്തിലാണ്. അൻപറീവിന്റെ സംഘട്ടന രംഗങ്ങൾ ജനപ്രിയ നായകന്റെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിലായിരുന്നു. പി.എൻ.മണിയുടെ ചമയം പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. നിസ്സാർ റഹ്മത്തിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് ചേരുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ജനപ്രിയനായകൻ ദിലീപ്, രജീഷ വിജയൻ, ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ, ടീ.ജി.രവി, വിനയ് ഫോർട്ട്, ഷറഫുദ്ധീൻ, തിരു ആക്ട്ലാബ്, അസീം ജമാൽ, ജയരാജ് വാര്യർ, സുനിൽ സുഖദ, ശശി കലിങ്ക, ജനാർദ്ദനൻ, കെ.ൽ.ആന്റണി, ജയശങ്കർ, ഹരികൃഷ്ണൻ, കലാഭവൻ ഹനീഫ്, ഗണപതി, മാസ്റ്റർ ജീവൻ, കലാരഞ്ജിനി, സതി പ്രേംജി, കുളപ്പുള്ളി ലീല എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ദിലീപ് തന്റെ സ്ഥിരം ശൈലിയിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ജോർജ്ജേട്ടനായി അഭിനയിച്ചു. അശ്ലീലം ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞു ഷറഫുദ്ധീൻ വെറുപ്പിക്കൽ തുടർന്നു. വിനയ് ഫോർട്ടും രഞ്ജി പണിക്കരും ചെമ്പൻ വിനോദും അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ വെറുതെ വന്നുപോയി. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒട്ടനവധി അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ജനപ്രിയനായകന്റെ കുട്ടി ആരാധകർക്കായി ഒരുക്കിയ പൂരകാഴ്ച്ചകൾ മുതിർന്നവരെ തൃപ്തിപ്പെടുത്തില്ല.

കഥ, സംവിധാനം: കെ.ബിജു
നിർമ്മാണം: അജയ് ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സുരാജ്
ബാനർ: ചാന്ദ് വി. ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: വൈ.വി.രാജേഷ്
ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: പി.എൻ.മണി
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
സംഘട്ടനം: അൻപറിവ്
നൃത്തസംവിധാനം: ഷോബി പോൾരാജ്
വിതരണം: ചാന്ദ് വി. റിലീസ്.