കോമ്രേഡ് ഇൻ അമേരിക്ക – ⭐⭐ 


നിക്കാരഗ്വനാകാശം ഹോണ്ടുറാസ്ഭൂമി മെക്സിക്കൻകടൽ! – ⭐⭐

ദുൽഖർ സൽമാനും ബാഗും യാത്രകളും നവയുഗ സിനിമയിലെ അഭിവാജ്യ ഘടകങ്ങളായിരിക്കുകയാണ്. എ.ബി.സി.ഡി, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി തുടങ്ങിയ ദുൽഖറിന്റെ ആദ്യകാല സിനിമകൾ മുതൽ ചാർളി വരെയുള്ള സിനിമകളിലെ വിജയഘടഗങ്ങളായി ഉൾപ്പെടുത്തിയവയാണ് ബാഗും യാത്രകളും. എൺപതുകളുടെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ട സിനിമകളിലെ വിജയഘടകങ്ങളായിരുന്നു മമ്മൂട്ടിയും കുട്ടിയും പെട്ടിയും. തൊണ്ണൂറകളിലെ വിജയ ഫോർമുലയായിരുന്നു മോഹൻലാലും മീശപിരിയും വരിക്കാശ്ശേരി മനയും. അതിനു സമാനമായ ഒന്നായിരിക്കുകയാണ് ദുൽഖറും ബാഗും യാത്രകളും.

അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കോമ്രേഡ് ഇൻ അമേരിക്ക അഥവാ സിയാ എന്ന സിനിമയിലും ദുൽഖർ സൽമാനും ബാഗും യാത്രകളുമാണ് പ്രമേയമാകുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന അജി മാത്യു എന്ന പാലാക്കാരൻ നസ്രാണി ഒരു കാമുകനാണ്. അയാളുടെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ നടത്തേണ്ടിവരുന്ന യാത്രയാണ് അമൽ നീരദ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സാങ്കേതിക തികവുകൊണ്ടും അഭിനയ മികവുകൊണ്ടും രസകരമായ സംഭാഷണങ്ങളാലും ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയായി കോമ്രേഡ് ഇൻ അമേരിക്കയെ വിലയിരുത്താം.

പ്രമേയം: ⭐⭐
കോമ്രേഡ് ഇൻ അമേരിക്ക എന്ന ടൈറ്റിൽ കേൾക്കുമ്പോൾ ഇതൊരു ഇടതുപക്ഷ രാഷ്ട്രീയ സിനിമയാണോ എന്ന സംശയം ഏവർക്കും തോന്നാം. പോസ്റ്ററുകളിൽ കാണുന്ന ചിത്രങ്ങൾ കണ്ടാൽ ഇതൊരു സ്പോർട്സ് സിനിമയാണെന്നും തോന്നാം. കണ്ണിൽ കണ്ണിൽ എന്ന പാട്ടിന്റെ ചിത്രീകരണം കണ്ടാൽ ഒരു മുഴുനീള പ്രണയകഥയാണോ എന്നും സംശയിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മേല്പറഞ്ഞ ഘടകങ്ങളൊക്കെയുള്ള ഒരു യാത്രയാണ് ഈ സിനിമയുടെ പ്രമേയം. ഒരു റോഡ് മൂവി എന്നോ ട്രാവൽ മൂവി എന്നോ ഈ സിനിമയെ വിശേഷിപ്പിക്കാം. ഒറ്റവാചകത്തിൽ കേൾക്കുമ്പോൾ പുതുമയുള്ള പ്രമേയം എന്ന തോന്നിപ്പിക്കുമെങ്കിലും, അതിനോട് നീതിപുലർത്തുന്ന കഥയല്ല ഷിബിൻ ഫ്രാൻസിസ് എഴുതിയത്. അമൽ നീരദിന്റെ വിഷ്വൽ മാജിക്കിന് മുമ്പിൽ കഥയ്ക്കെന്തു പ്രസക്തി എന്ന തോന്നലാണോ ഇതിനു പിന്നിൽ?

തിരക്കഥ: ⭐⭐
പാവാട എന്ന സിനിമയ്ക്ക് ശേഷം ഷിബിൻ ഫ്രാൻസിസ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് കോമ്രേഡ് ഇൻ അമേരിക്ക. ഇടതുപക്ഷ രാഷ്ട്രീയവും സൗഹൃദവും, അപ്പൻ-മകൻ ആത്മബന്ധവും, പ്രണയവും സമന്വയിപ്പിച്ച ആദ്യപകുതിയിലെ കഥാസന്ദർഭങ്ങൾ അത്യന്തം രസകരമായ സംഭാഷണങ്ങളിലൂടെ എഴുതുവാൻ ഷിബിൻ ഫ്രാൻസീസിന് സാധിച്ചിട്ടുണ്ട്. പാർട്ടി ഓഫീസിലെത്തി സങ്കൽപ്പത്തിലെ ചെഗുവേരയോടും ലെനിനോടും കാൾ മാർക്സിനോടും തന്റെ യാത്രയുടെ കാരണം അജി മാത്യു വിശദീകരിക്കുന്ന രംഗവും സംഭാഷണങ്ങളും മികവുപുലർത്തി. അതുപോലെ, രണ്ടാം പകുതിയുടെ അവസാനമുള്ള അപ്പനുമായുള്ള അജി മാത്യുവിന്റെ ഫോൺ സംഭാഷണങ്ങളും ഹൃദയസ്പർശിയായി എഴുതുയിട്ടുണ്ട്. എന്നാൽ, ആദ്യാവസാനമുള്ള കഥാഗതി പ്രവചിക്കാനായതും അവിശ്വസനീയമായതും സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ കഥാസന്ദർഭങ്ങൾ എല്ലാംതന്നെ കണ്ടുമടുത്തവയാണ്. രണ്ടാം പകുതിയിലെ യാത്രകളിലെ സന്ദർഭങ്ങൾ പുതുമനിറഞ്ഞതായിരുന്നുവെങ്കിലും ഒരല്പം അവിശ്വസനീയവുമായിരുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ തിരക്കഥയായിരുന്നുവെങ്കിലും അവയൊന്നും സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ബോധ്യമാകുന്ന രീതിയിൽ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടില്ല. ദുൽഖർ സൽമാൻ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രസചേരുവകളെല്ലാം ഉള്ളതിനാൽ ഈ സിനിമയും വാണിജ്യവിജയം നേടുവാൻ സാധ്യതയുണ്ട്.

സംവിധാനം: ⭐⭐⭐
കുള്ളന്റെ ഭാര്യ എന്ന ലഘു ചിത്രത്തിലൂടെ ഒന്നിച്ച അമൽ നീരദും ദുൽഖർ സൽമാനും ആദ്യമായിട്ടാണ് ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നത്. ദുൽഖർ സൽമാന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും കൃത്യമായി ചേർക്കുവാൻ സംവിധായകൻ മറന്നില്ല എന്നിടത്താണ് ഈ സിനിമ വ്യത്യസ്തമാകുന്നത്. രണദേവ് എന്ന ഛായാഗ്രാഹകന്റെ അത്യുഗ്രൻ വിഷ്വൽസും പ്രവീൺ പ്രഭാകറിന്റെ കൃത്യതയുള്ള സന്നിവേശവും ദുൽഖർ സൽമാൻ എന്ന അഭിനേതാവിന്റെ ഊർജസ്വലമായ അഭിനയവും സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അമൽ നീരദ് സിനിമകളിൽ നിന്നും പ്രതീക്ഷിക്കുന്നതെല്ലാം ഈ സിനിമയിലുണ്ട്. പതിവിനു വിപരീതമായി സ്ലോ മോഷൻ രംഗങ്ങൾ ഇല്ലാത്ത ആദ്യ അമൽ നീരദ് സിനിമകൂടിയാണിത്. അമൽ നീരദിന്റെ മുൻകാല സിനിമകളെ അപേക്ഷിച്ചു പരീക്ഷണാർത്ഥത്തിൽ അവതരിപ്പിച്ച രണ്ടാം പകുതിയാണ് ഈ സിനിമയുടേത്. അവിശ്വസനീയമായ ഒരു കഥാപശ്ചാത്തലം അതിലും അവിശ്വസനീയമായ രീതിയിൽ വളരെ ലാഘവത്തോടെ അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകർക്ക് രസിച്ചില്ല. ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളുമുള്ള ആദ്യ പകുതിയിൽ നിന്ന് ഒട്ടും രസിപ്പിക്കാത്ത രണ്ടാം പകുതിയിലേക്കു കടന്നപ്പോൾ അവയെല്ലാം സിനിമയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലെ രംഗങ്ങൾ ഭീകരത സൃഷ്ടിക്കുമെന്നു സംഭാഷണങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും അവയൊക്കെ നിസ്സാരമായതുപോലെ പ്രേക്ഷകർക്ക് അനുഭവപെട്ടു. ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇതൊരു കോമ്രേഡിന്റെ കഥയുമല്ല അമേരിക്കൻ കാഴ്ചകളുമില്ല!

സാങ്കേതികം: ⭐⭐⭐⭐
രണദേവിന്റെ പുത്തനുണർവ് പകരുന്ന ഫ്രയിമുകൾ സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. കോട്ടയത്തിന്റെ ഗ്രാമീണതയും ലാറ്റിൻ അമേരിക്കയുടെ വരണ്ടഭൂമിയും മികവോടെ ചിത്രീകരിക്കുവാൻ രണദേവനായി. എന്നാൽ, രണ്ടാം പകുതിയിലെ രംഗങ്ങൾക്ക് വേണ്ടത്ര തീവ്രത ലഭിച്ചില്ല. ആക്ഷൻ രംഗങ്ങളോ ദുർകടമായ യാത്രകളോ കഥയാവശ്യപെടുന്ന ഭീതിജനിപ്പിക്കാനായില്ല എന്നതുമാത്രമാണ് ഒരു പോരായ്മയായി തോന്നിയത്. പ്രവീൺ പ്രഭാകറിന്റെ സന്നിവേശം കഥയാവശ്യപെടുന്ന വേഗത സിനിമയ്ക്ക് നൽകുവാനായി. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളോ കഥാപാത്രങ്ങളോ സിനിമയിലുണ്ടായിരുന്നില്ല. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിർവഹിച്ചത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചില രംഗങ്ങളിൽ മികവുപുലർത്തി. അജി മാത്യുവിന്റെ രംഗപ്രവേശനത്തിനായി ഉപയോഗിച്ച പശ്ചാത്തല സംഗീതം അതിനുദാഹരണം. റഫീഖ് അഹമ്മദ് എഴുതിയ രണ്ടു പാട്ടുകളിൽ “വാനം തിളതിളയ്ക്കണു” എന്ന മെക്സിക്കൻ പശ്ചാത്തലത്തിലുള്ള ഗാനം മികവുപുലർത്തി. സജി കൊരട്ടിയുടെ ചമയം കഥാപാത്രങ്ങൾക്ക് യോജിച്ചവയായിരുന്നു. രണ്ടാം പകുതിയിലെ യാത്രയ്ക്കിടയിലുള്ളവ പ്രത്യേകിച്ച് മികവുറ്റതായിരുന്നു. ചെഗുവേരയും മാർക്‌സും ലെനിനും സ്റ്റാലിനും അതിഗംഭീരമായി. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും കഥാപാത്രങ്ങൾക്ക് യോജിച്ചവയായി. തപസ് നായ്കിന്റെ ശബ്ദസംവിധാനം മോശമായിരുന്നു. അനിൽ അരസ്സ്‌ നിർവഹിച്ച പാലാ ബസ് സ്റ്റാൻഡിൽ ചിത്രീകരിച്ച സംഘട്ടനം ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്നതായിരുന്നു.

അഭിനയം: ⭐⭐⭐
അജി മാത്യു എന്ന സഖാവിനെയും അജി എന്ന കാമുകനെയും അജിപ്പനെന്ന മകനെയും സുഹൃത്തിനെയും കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ ദുൽഖർ സൽമാന് സാധിച്ചു. ആരാധകർക്ക് ആവേശമുണർത്തുന്ന ആക്ഷൻ രംഗങ്ങളിലും കൗമാരക്കാർക്ക് ഉണർവ്വ് പകരുന്ന കാമുകനായും ദുൽഖർ തിളങ്ങി. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിക്കാണ്‌. പാലാക്കാരൻ അച്ചായനായും സ്നേഹമുള്ള അപ്പനായും അഭിനയമികവ് പുലർത്താൻ സിദ്ദിഖിനായി. രസകരമായ അഭിനയം കാഴ്ചവെച്ചു ഏവരെയും ചിരിപ്പിക്കാൻ സൗബിൻ ഷാഹിറിനും ദിലീഷ് പോത്തനും ജോൺ വിജയ്ക്കും സാധിച്ചു. പി.കെ., സ്‌കൂൾ ബസ് എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകൾ കാർത്തിക മുരളീധരനാണ് ഈ സിനിമയിലെ നായിക. അമേരിക്കൻ മലയാളി പെൺകുട്ടിയെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കാർത്തികയ്ക്കു സാധിച്ചു. ഇവരെ കൂടാതെ ചാന്ദിനി ശ്രീധരൻ, ജിനു ജോസഫ്, മണിയൻപിള്ള രാജു, സുജിത് ശങ്കർ, അലൻസിയാർ, വി.കെ.ശ്രീരാമൻ, സുമിത് നവൽ, പാർവതി, സുരഭിലക്ഷ്മി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: എല്ലാത്തരം സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന എന്റർറ്റെയിനറാണ് കോമ്രേഡ് ഇൻ അമേരിക്ക!

നിർമ്മാണം, സംവിധാനം: അമൽ നീരദ്
രചന: ഷിബിൻ ഫ്രാൻസിസ്
ഛായാഗ്രഹണം: രണദേവ്
ചിത്രസന്നിവേശം: പ്രവീൺ പ്രഭാകർ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: റഫീഖ് അഹമ്മദ്, കരോലിന, മൻസൂർ
കലാസംവിധാനം: പ്രതാപ് രവീന്ദ്രൻ
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: അനൽ അരസ്സ്, മാർക്ക്
ശബ്ദസംവിധാനം: തപസ് നായക്
വിതരണം: എ ആൻഡ് എ റിലീസ്.