ഗോദ – ⭐⭐⭐


ആസ്വാദനത്തിന്റെ ദൃതങ്കപുളകിത നിമിഷങ്ങൾ! – ⭐⭐⭐

ഹാസ്യരസാവഹമായ മുഹൂർത്തങ്ങളാലും നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങളാലും രസകരമായ ആഖ്യാന ശൈലിയാലും ഏവരെയും തൃപ്ത്തിപെടുത്തുവാൻ കഴിഞ്ഞതിൽ ബേസിൽ ജോസഫിനും കൂട്ടർക്കും അഭിമാനിക്കാം. കഥാപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും പുത്തുനുണർവ്വ് നൽകുന്ന അവതരണ മികവുകൊണ്ടും സാങ്കേതിക തികവുകൊണ്ടും അഭിനയ മികവുകൊണ്ടും ഒരുവട്ടം ആസ്വദിച്ചു കണ്ടിരിക്കുവാൻ കഴിയുന്ന സിനിമയാണ് ഗോദ.

കുഞ്ഞി രാമായണത്തിന്റെ വലിയ വിജയത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കിയ ഗോദയിൽ പഞ്ചാബി സുന്ദരി വാമിക്വ ഗബ്ബിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസും രഞ്ജിപണിക്കരും തുല്യപ്രധാന വേഷങ്ങളിൽ വാമിക്വയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇ ഫോർ എന്റെർറ്റെയിൻമെന്റ്സിനു വേണ്ടി മുകേഷ് ആർ. മേത്തയും സി.വി.സാരഥിയും എ.വി.എ.പ്രൊഡക്ഷൻസിനു വേണ്ടി എ.വി.അനൂപും സംയുക്തമായാണ് ഗോദ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐
സുൽത്താനും ദങ്കലും കേരളത്തിലെ സിനിമാപ്രേമികളെ ഏറെ സ്വാധീനിച്ച സിനിമകളാണ്. അതെ ശ്രേണിയിൽ ഉൾപെടുത്താവുന്ന പ്രമേയവും കേരളത്തിന്റെ സംസ്കാരം നിലനിർത്തിക്കൊണ്ടു മലയാള ഭാഷ സംസാരിക്കുന്ന രീതിയിലേക്ക് മാറ്റിയ ഒരു ഗുസ്തിമത്സര കഥയുമാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബിലെ ഗോദയിൽ മത്സരിക്കാൻ അനുമതി ലഭിക്കാത്ത ഒരുവൾ കേരളത്തിന് വേണ്ടി മത്സരിക്കുവാനെത്തുന്ന സാഹചര്യമാണ് കഥയിലെ ഏക പുതുമ. മലയാള സിനിമയിൽ നിർമ്മിക്കപ്പെട്ട ഒട്ടുമിക്ക കായികവിനോദങ്ങൾ പ്രേമേയമാക്കിയ സിനിമകളിലും പ്രേക്ഷകർ കണ്ടാസ്വദിച്ചവ തന്നെയാണ് ഗോദയിലും കഥാപശ്ചാത്തലമാകുന്നത്.

തിരക്കഥ: ⭐⭐⭐
വിനീത് ശ്രീനിവാസന്റെ തിരയുടെ തിരക്കഥ രചിച്ചുകൊണ്ടു മലയാള സിനിമയിലെത്തിയ രാകേഷ് മാന്തോടി രചന നിർവഹിച്ച രണ്ടാമത്തെ സിനിമയാണ് ഗോദ. ഗുസ്തി എന്ന കായികവിനോദത്തിനു വേണ്ടി തയ്യാറെടുക്കുന്നതും ജയ-പരാജയങ്ങളിലൂടെ ഒടുവിൽ സ്വന്തം നാടിനെ പ്രതിനിധികരിക്കുവാൻ സാധിക്കുന്ന ഒരു പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബി പെൺകുട്ടി കേരളത്തിന് വേണ്ടി മത്സരിക്കാനെത്തുന്ന സന്ദർഭങ്ങൾ മാത്രമാണ് പുതുമയുള്ളതായി അനുഭവപ്പെട്ടത്. ഗുസ്തി മത്സരത്തിനുള്ള തയ്യാറെടുപ്പുകളും വീറും വാശിയും നിറഞ്ഞ മത്സരങ്ങളും പ്രേക്ഷകർക്ക് സുപരിചിതമായ രീതിയിലുള്ള കഥാസന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ രസംകൊല്ലിയാകുന്നതും. പ്രണയത്തിനു സാധ്യതയുള്ള കഥാഗതിയായിരുന്നുവെങ്കിലും ഒട്ടും പൈങ്കിളിയാക്കാത്ത ആ സന്ദർഭങ്ങൾ കയ്യടക്കത്തോടെ എഴുതുവാൻ രാകേഷിനു സാധിച്ചു. നാട്ടിനുപുറവും മൈതാനവും ക്രിക്കറ്റ് കളിയുമൊക്കെ ആവർത്തന വിരസമായി അനുഭവപെട്ടു. ആദ്യ പകുതിയിലെ മേല്പറഞ്ഞ കഥാസന്ദർഭങ്ങൾ കണ്ടുമടുത്തതാണെങ്കിലും നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളാണ് പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തിയത്. അതുപോലെ രഞ്ജി പണിക്കർ അവതരിപ്പിച്ച ക്യാപ്റ്റന്റെ കഥാപാത്ര രൂപീകരണവും മികവ് പുലർത്തി. തിരയിലൂടെ ഓളങ്ങൾ സൃഷ്ടിക്കാൻ രാകേഷ് മാന്തോടിയ്ക്കു സാധിച്ചില്ലായെങ്കിലും ഗോദയിലൂടെ ശക്തമായ രണ്ടാംവരവിന്‌ കഴിഞ്ഞു.

സംവിധാനം: ⭐⭐⭐⭐
ഗുസ്തി എന്ന കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മവരുന്ന മുഖം ഒരുപക്ഷെ സുശീൽ കുമാറിന്റേതാകാം. ഗുസ്തി എന്ന കായികവിനോദത്തിലൂടെ കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ഗട്ടാ ഗുസ്തിക്കാരനാണ് ടി.ജെ.ജോർജ്ജ്. ഗുസ്തിക്കാരുടെ കഥയും ഗോദയിൽ മത്സരിക്കാനിറങ്ങുമ്പോഴുള്ള അവരുടെ വികാരങ്ങളും പോരാട്ടങ്ങളും പ്രേമേയമാക്കിയ സിനിമകളൊന്നും മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടില്ല. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിലും സിബി മലയിലിന്റെ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയിലും മാത്രമാണ് നമ്മൾ ഗുസ്തി കണ്ടിട്ടുള്ളത്. കുഞ്ഞിരാമായണം പോലെ കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഗോദയിലും ബേസിൽ അവതരിപ്പിച്ചത്. പുതുമയാർന്നതും ഉണർവ്വ് പകരുന്നതുമായ അവതരണമാണ് ഗോദയെ വ്യത്യസ്തമാക്കുന്നത്. വേഗതയോടെയുള്ള കഥപറച്ചിൽ സിനിമയുടെ ആസ്വാദനത്തിനു ഗുണകരമായി. ഏവർക്കുമറിയാവുന്ന കഥയും കഥയിലെ വഴിത്തിരുവുകളും ഈ സിനിമയുടെ ന്യൂനതകളിൽ ഉൾപ്പെടുന്നുവെങ്കിലും, അതൊന്നും പ്രേക്ഷകർക്ക് ചിന്തിച്ചെടുക്കാൻ കഴിയാത്ത വിധത്തിലുള്ള സന്നിവേശവും വിഷ്വൽസും പശ്ചാത്തല സംഗീതവും ഉപയോഗപ്പെടുത്തി അവതരിപ്പിക്കുവാൻ ബേസിൽ ജോസഫിന് സാധിച്ചിട്ടുണ്ട്. ബാഹുബലിയിൽ നിന്ന് മോചിതരായി ഇനിയുള്ള കുറച്ചു മാസങ്ങൾ പ്രേക്ഷകർ ഗോദക്ക് പിന്നാലെ പോകുമെന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐⭐
അഭിനവ് സുന്ദർ നായകും വിഷ്ണു ശർമ്മയും ഷാൻ റഹ്‌മാനും ചേർന്ന് അത്യുഗ്രൻ സാങ്കേത്തികമികവോടെ പ്രേക്ഷകരെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഗോതമ്പിന്റെ നിറമുള്ള കളർടോണുകൾ നൽകി ഇതുവരെ കണ്ടിട്ടില്ലാത്ത പഞ്ചാബിന്റെ മുഖം ഒപ്പിയെടുക്കുവാൻ വിഷ്ണു ശർമ്മയുടെ ക്യാമറക്കണ്ണുകൾക്കു സാധിച്ചു. അതുപോലെ കേരളത്തിലെ നാട്ടിൻപുറത്തെ കാഴ്ചകളും ക്‌ളൈമാക്‌സിലെ ഗുസ്തിമത്സരങ്ങളും മികവോടെ ചിത്രീകരിക്കുവാൻ വിഷ്ണുവിന് കഴിഞ്ഞു. ചടുലമായ സന്നിവേശമാണ് പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിച്ചിരുത്തിയത്. അഭിനവ് സുന്ദർ നായക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന എന്ന പാട്ടും അതിന്റെ സംഗീതവും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. സമീപകാലത്തു കേട്ടതിൽ ഏറ്റവും ഇമ്പമാർന്ന സംഗീതമാണ് ആ പാട്ടിനു ഷാൻ റഹ്മാൻ നൽകിയത്. ഗോദ ഒരുക്കിയത് ത്യാഗു തവന്നൂരാണ്. ഗുസ്തി മത്സരത്തിനായുള്ള ആഡംബര വേദിയൊരുക്കുന്നതിൽ ത്യാഗു വിജയിച്ചു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. ഗുസ്തി മത്സരങ്ങളുടെ സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ ശിവയും സംവിധായകൻ ബേസിൽ ജോസഫും ചേർന്നാണ്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐
വാമിക്വ ഗബ്ബി, രഞ്ജി പണിക്കർ, ടൊവിനോ തോമസ്, അജു വർഗീസ്, ഹരീഷ് പെരുമണ്ണ, ശ്രീജിത്ത് രവി, ധർമ്മജൻ ബോൾഗാട്ടി, മാമുക്കോയ, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, ഹരീഷ് പരേടി, ഷൈൻ ടോം ചാക്കോ, ദിനേശ് നായർ, പാർവതി എന്നിവരാണ് ഗോദയിലെ പ്രധാന അഭിനേതാക്കൾ. സമീപകാലത്തു കണ്ടതിൽ ഏറ്റവും പൗരുഷമുള്ള കഥാപാത്രത്തെ നൂറു ശതമാനം ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ രഞ്ജി പണിക്കർക്ക് സാധിച്ചു. ആഞ്ജനേയ ദാസ് എന്ന നായക കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു വിജയിപ്പിക്കുവാൻ ടൊവിനോ തോമസിനും കഴിഞ്ഞു. അദിതി സിംഗ് എന്ന ഗുസ്തിക്കാരിയായി വാമിക്വയും അഭിനയ മികവ് പുലർത്തി. അജു വർഗീസും ഹരീഷ് പെരുമണ്ണയും പാർവതിയും അവരവരുടെ വേഷങ്ങളിൽ തിളങ്ങി. നാട്ടിൻപുറത്തെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയത് മാമുക്കോയയും ധർമ്മജനും ബിജുക്കുട്ടനും ശ്രീജിത്ത് രവിയും ഹരീഷ് പരേടിയും ചേർന്നാണ്. ശുദ്ധമായ ഹാസ്യരംഗങ്ങളിലെ നിഷ്കളങ്കമായ ഇവരുടെ അഭിനയമാണ് പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്.

വാൽക്കഷ്ണം: കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ഒരുപിടി രസകരമായ മുഹൂർത്തങ്ങളിലൂടെ കോർത്തിണക്കിയ ഗുസ്തിക്കഥയാണ് ഗോദ!

സംവിധാനം: ബേസിൽ ജോസഫ്
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി
ബാനർ: ഇ ഫോർ എൻറ്റർറ്റെയിന്മെന്റ്സ്, എ.വി.എ. പ്രൊഡക്ഷൻസ്
രചന: രാകേഷ് മാന്തോടി
ഛായാഗ്രഹണം: വിഷ്ണു ശർമ്മ
ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്
സംഗീതം: ഷാൻ റഹ്‌മാൻ
ഗാനരചന: മനു മഞ്ജിത്, വിനായക് ശശികുമാർ
കലാസംവിധാനം: ത്യാഗു തവന്നൂർ
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദസംവിധാനം: രാജകൃഷ്ണൻ
വിതരണം: ഇ ഫോർ എന്ററെർറ്റെയിന്മെന്റ്സ്.