പുലിമുരുകൻ – ⭐⭐⭐


രോമാഞ്ചമുണർത്തുന്ന ആക്ഷൻ എന്റർറ്റെയിനർ! – ⭐⭐⭐

മുരുകാ മുരുകാ പുലിമുരുകാ…
ഇനി അമ്പരമുയരണം വേൽമുരുകാ…
പോരിനിറങ്ങിയ പോരഴകാ…
മിഴി ചെങ്കനലാകണം പുലിമുരുകാ…

(ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഗാനം).

യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളും നിലവാരമില്ലാത്ത സംഭാഷണങ്ങളും കൃത്യമായി സമന്വയിപ്പിച്ചു എഴുതിയ തിരക്കഥയെ അത്യുഗ്രൻ സാങ്കേതികമികവോടെ അവതരിപ്പിച്ച പക്കാ ആക്ഷൻ എന്റർറ്റെയിനറാണ് പുലിമുരുകൻ.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന പുലിമുരുകന്റെ രചന നിർവഹിച്ചത് ഉദയകൃഷ്ണയാണ്. പോക്കിരിരാജ, സീനിയേഴ്സ്, മല്ലു സിംഗ്‌, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് എന്നീ സിനിമകൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ പ്രശസ്തരായ സാങ്കേതികപ്രവർത്തകരും അഭിനേതാക്കളും ഒന്നിച്ചിരിക്കുന്നു. മുളകുപാടം ഫിലിംസാണ് ഈ സിനിമയുടെ വിതരണം.

മെയ്വഴക്കത്തിന്റെ മുരുകാവതാരം മോഹൻലാൽ, ആക്ഷൻ കുലപതി പീറ്റർ ഹെയ്ൻ, സംഗീത മാന്ത്രികൻ ഗോപി സുന്ദർ, ദൃശ്യവിരുന്നൊരുക്കിയ ഷാജി കുമാർ, ഇടിമുഴക്കം സൃഷ്ട്ടിച്ച ശബ്ദലേഖകൻ തപസ് നായക്, കാട്ടിലെ സെറ്റുകൾ ഒരുക്കിയ ജോസഫ് നെല്ലിക്കൽ, പണംമുടക്കിയ ടോമിച്ചൻ മുളകുപാടം, പുലിമുരുകനെ പുപ്പുലിമുരുകനാക്കിയ സംവിധായകൻ വൈശാഖ് എന്നിവർ കൈകോർത്തുകൊണ്ടു മലയാള സിനിമയുടെ യശസ്സ് വാനോളം ഉയർത്തിയിരിക്കുന്നു.

പ്രമേയം: ⭐⭐
നരഭോജികളായ പുലികളും കടുവകളും വാഴുന്ന പുലിയൂർ ഗ്രാമം. പുലികളെ അതിന്റെ മടയിൽ ചെന്ന് കൊല്ലുന്ന വേട്ടക്കാരൻ പുലിയൂർ മുരുകൻ. മൃഗവും(പുലിയും)മനുഷ്യനും (പുലിമുരുകനും)തമ്മിലുള്ള പോരാട്ടമാണ് പുലിമുരുകൻ എന്ന സിനിമയുടെ പ്രമേയം. പുലിയൂരിലെ പേടിസ്വപ്നമായി വരയൻ പുലികളെക്കാൾ വലിയ ശത്രുക്കൾ നാട്ടിലെ മനുഷ്യരാണെന്നു തിരിച്ചറിയുകയുന്ന പുലിമുരുകന്റെ കഥയാണിത്. ഉദയകൃഷ്ണ സ്വതന്ത്രമായി കഥയെഴുതുന്ന ആദ്യ സിനിമകൂടിയാണിത്. ലോഹിതദാസ്-ഐ.വി.ശശി-മമ്മൂട്ടി ടീമിന്റെ മൃഗയ എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ എഴുതപെട്ട പുലിവേട്ട പ്രമേയമാക്കിയ കഥയാണ് പുലിമുരുകൻ.

തിരക്കഥ: ⭐
ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താവുന്ന ആദ്യ സിനിമയുടെ തിരക്കഥയെ ഒറ്റവാക്കിൽ പരിതാപകരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കുവാനില്ല. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിന്റെയും വേട്ടയുടെയും കഥ പറയുന്നതിനിടയിൽ കാട്ടിലെ കഞ്ചാവ് കൃഷിയും ചന്ദന കള്ളക്കടത്തും മരുന്ന് നിർമ്മാണവും കുത്തിക്കയറ്റി യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങളാക്കിമാറ്റി. അതിനു മാറ്റുകൂട്ടുവാനായി അസഭ്യങ്ങൾ തിരുകികയറ്റിയ സംഭാഷണങ്ങളും അന്യഭാഷാ സിനിമകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള മസാല സംഘട്ടന രംഗങ്ങൾക്ക് വേണ്ടിയുള്ള കഥാസന്ദർഭങ്ങളും കോർത്തിണക്കിയ ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. സിനിമയുടെ രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളുടെ കഥാസന്ദർഭങ്ങളും ചില തെലുങ്ക് സിനിമകളെ ഓർമ്മിപ്പിച്ചു. പൂങ്കായ് ശശി, ജൂലി എന്നീ കഥാപാത്രങ്ങളുടെ ആവശ്യകത എന്താണെന്നു മനസ്സിലാകുന്നില്ല. അതുപോലെ കൃത്യമായ ഇടവേളകളിൽ മൂപ്പനെ കൊണ്ടുവന്നു മുരുകനെ പുകഴ്ത്തുന്നതും അരോചകമായി തോന്നി. പുലിയുമായുള്ള ആദ്യ സംഘട്ടന രംഗം മാത്രം മതിയായിരുന്നു പുലിമുരുകന്റെ സവിശേഷതയെന്തെന്നു പ്രേക്ഷകർക്ക് മനസ്സിലാക്കുവാൻ. ഇത്രയും സിനിമകൾക്ക് തിരക്കഥ എഴുതിയ പരിചയസമ്പത്തുള്ള ഒരു എഴുത്തുകാരനിൽ നിന്നും ഒരല്പംകൂടി നിലവാരം പ്രതീക്ഷിക്കുന്നു.

സംവിധാനം: ⭐⭐⭐⭐
രണ്ടു വർഷത്തെ പ്രയത്നത്തിനൊടുവിൽ സിനിമാ പ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിക്കുവാൻ സംവിധായകൻ വൈശാഖിനു സാധിച്ചു. നിലവാരമില്ലാത്ത തിരക്കഥയെ അസാധാരണ സിനിമാനുഭവമാക്കിയ വൈശാഖിനു അഭിനന്ദനങ്ങൾ! ഇന്ത്യൻ സിനിമയിലെ മികച്ച സങ്കേത്തിക പ്രവർത്തകരെ ഉൾപ്പെടുത്തി മികച്ചൊരു ആക്ഷൻ സിനിമയെടുക്കുവാൻ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. അനാവശ്യ കഥാപാത്രങ്ങളും ആക്ഷന് വേണ്ടി എഴുതപെട്ട രംഗങ്ങളും ഒഴുവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചിരുന്നുവെങ്കിൽ എല്ലാത്തരം പ്രേക്ഷകരെയും ഈ സിനിമ ആസ്വദിപ്പിക്കുമായിരുന്നു. മോഹൻലാൽ എന്ന നടനെയും താരത്തെയും സമീപകാലത്തു പൂർണമായി ഉപയോഗിച്ച സംവിധായകരിൽ ഒരാളാണ് വൈശാഖ്. ലാലേട്ടൻ എന്ന നടന്റെ കുടുംബ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്കും ആക്ഷൻ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്കും ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാകുന്ന എല്ലാ ചേരുവകളും പുലിമുരുകനിൽ വൈശാഖ് ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ആരംഭത്തിൽ മാസ്റ്റർ അജാസും പുലിയും തമ്മിലുള്ള സംഘട്ടന രംഗവും, സിനിമയുടെ അവസാനം വില്ലന്മാരും പുലിയും മുരുകനും നടത്തുന്ന സംഘട്ടന രംഗങ്ങളും അത്യുഗ്രനായി ചിത്രീകരിച്ചിരിക്കുന്നു. പീറ്റർ ഹെയ്ൻ, ഗോപി സുന്ദർ, ജോസഫ് നെല്ലിക്കൽ, ഷാജി കുമാർ, ജോൺകുട്ടി, തപസ് നായക് തുടങ്ങിയ തിരക്കേറിയവരെ ഈ സിനിമയിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചതാണ് ഈ സിനിമ ഇത്രയും വലിയ നിലയിലെത്തിയത്. നരസിംഹം, ദൃശ്യം എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലിൻറെ ആരാധകരെ ആവേശഭരിതരാക്കിയ മറ്റൊരു സിനിമയും അടുത്തകാലത്തുണ്ടായിട്ടില്ല. അഭിനന്ദനങ്ങൾ!

സാങ്കേതികം:⭐⭐⭐⭐⭐
മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്ത പീറ്റർ ഹെയ്ൻ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു. രണ്ടര മണിക്കൂർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനും സാധിച്ചു. കാടിന്റെ ദൃശ്യചാരുത ഒപ്പിയെടുത്തുകൊണ്ടു ഷാജി കുമാർ കണ്ണിന്നു കുളിർമയുള്ള വിരുന്നൊരുക്കി. അതിഗംഭീരമായ വിഷ്വൽസാണ് ഷാജി ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിയത്. ജോൺകുട്ടിയുടെ സന്നിവേശവും മികവ് പുലർത്തി. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി കഥാസന്ദർഭങ്ങൾ ഒഴുവാക്കാമായിരുന്നു. എന്നിരുന്നാലും അവയെല്ലാം ചിത്രീകരിച്ചിരിക്കുന്ന രീതി മികവുറ്റതായതിനാൽ പ്രേക്ഷകരെ മുഷിപ്പിച്ചില്ല. ഓരോ രംഗങ്ങളും മറ്റൊരു തലത്തിലെത്തിക്കുവാൻ തപസ് നായ്കിന്റെ ശബ്ദലേഖനത്തിനും കഴിഞ്ഞു. കാട്ടിലെ സെറ്റുകളും, മുരുകന്റെ വീടും, പുലിയെ കൊല്ലുന്ന ഗുഹയും തുടങ്ങി എല്ലാ സ്ഥലങ്ങളും വിശ്വസനീയമായി അനുഭവപ്പെട്ടത് ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാന മികവുകൊണ്ടാണ്. സജി കൊരട്ടിയുടെ ചമയവും അരുൺ മനോഹറിന്റെ വസ്ത്രാലങ്കാരവും മുരുകന് ഇതുവരെ കാണാത്ത വേഷപ്പകർച്ച നൽകി. മലയാള സിനിമയിൽ പഴശ്ശിരാജയ്ക്കു ശേഷം സാങ്കേതികമികവോടെ അവതരിപ്പിച്ച ഏക സിനിമയാണിത്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐⭐
മോഹൻലാൽ, ലാൽ, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ, കിഷോർ, സിദ്ദിക്ക്, ബാല, വിനു മോഹൻ, സുരാജ് വെഞ്ഞാറമൂട്, നോബി, ഹരീഷ് പരേഡി, സുധീർ കരമന, നന്ദുലാൽ, ഗോപകുമാർ, ശശി കലിങ്ക, ചെമ്പിൽ അശോകൻ, ഇടവേള ബാബു, വിജയകൃഷ്ണൻ, ചാലി പാലാ, ആന്റണി പെരുമ്പാവൂർ, കണ്ണൻ പട്ടാമ്പി, സന്തോഷ് കീഴാറ്റൂർ, വിനോദ് കെടാമംഗലം, മാസ്റ്റർ അജാസ്, കമാലിനി മുഖർജി, നമിത, സേതുലക്ഷ്മി, അഞ്ജലി ഉപാസന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അഭിനയമികവിന്റെ മെയ്വഴക്കത്തിന്റെ നടനവൈഭവത്തിന്റെ പര്യായമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഹാസ്യ രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഒരേ മികവോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ മോഹൻലാലിന് സാധിച്ചു. പൂവള്ളി ഇന്ദുചൂഢനും മേജർ മഹാദേവനും ശേഷം പ്രേക്ഷകർ ഹർഷാരവത്തോടെ നെഞ്ചിലേറ്റിയ കഥാപാത്രമാണ് പുലിയൂർ മുരുകൻ. ബലരാമൻ എന്ന കഥാപാത്രമായി ലാലും, ഡാഡി ഗിരിജ എന്ന വില്ലൻ വേഷത്തിൽ തെലുങ്ക് നടൻ ജഗപതി ബാബുവും, ആർ.കെ.യായി കിഷോറും അഭിനയമികവ് പുലർത്തി. മുരുകന്റെ ഭാര്യവേഷം അവതരിപ്പിച്ച കമാലിനി മുഖർജിയും പൂങ്കായ് ശശിയായി സുരാജ് വെഞ്ഞാറമൂടും, ജൂലിയായ് നമിതയും നിരാശപ്പെടുത്തി.

വാൽക്കഷ്ണം: സാങ്കേതികമികവിന്റെ പുതിയരോദ്ധ്യായം മലയാള സിനിമയ്ക്ക് സമ്മാനിച്ച പുലിമുരുകൻ തിയറ്ററുകളിൽ തന്നെ കാണുന്ന പ്രേക്ഷകരെ ഈ സിനിമ നിരാശപ്പെടുത്തില്ല.

സംവിധാനം: വൈശാഖ്
നിർമ്മാണം: ടോമിച്ചൻ മുളകുപാടം
ബാനർ: മുളകുപാടം ഫിലിംസ്
രചന: ഉദയകൃഷ്ണ
സംഘട്ടനം: പീറ്റർ ഹെയ്ൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ശബ്ദലേഖനം: തപസ് നായക്
ഛായാഗ്രഹണം: ഷാജി കുമാർ
ചിത്രസന്നിവേശം: ജോൺകുട്ടി
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
ഗാനരചന: റഫീഖ് അഹമ്മദ്, ബി.കെ.ഹരിനാരായണൻ
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: അരുൺ മനോഹർ
വിതരണം: മുളകുപാടം റിലീസ്.