വികൃതി – ⭐️⭐️⭐️

വികൃതി – വികൃതിയിൽ ഒരല്പം കാര്യം! ⭐️⭐️⭐️

ട്രോളന്മാർ ജാഗ്രതൈ! ഒരു വ്യക്തിയുടെ മാനസിക അവസ്ഥയുടെയോ അയാൾ പറഞ്ഞ വാചകങ്ങളുടെയോ നിജസ്ഥിതി അറിയാതെ എന്തിനെയും പരിഹാസത്തോടെ മാത്രം കാണുന്ന നിങ്ങൾക്കൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ.

കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ വികൃതിയിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിനു നൽകുവാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചു. നമ്മടെ ചുറ്റും നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ ആക്ഷേപഹാസ്യരൂപേണ മറ്റുള്ളവരിലേക്കെത്തിക്കുക എന്നത് ഏവരെയും രസിപ്പിക്കുന്ന കാര്യം തന്നെ. അതൊരിക്കലും ഒരു വ്യക്തിയെ അപമാനിക്കുന്ന തരത്തിലാകാതെ ശ്രദ്ധിക്കേണ്ടത് ഇത്തരത്തിലുള്ള ട്രോളുകൾ ഉണ്ടാക്കുന്ന ആളുകൾ തന്നെയാകണം. ട്രോളുകളിലൂടെ പരിഹസിക്കപെടുന്ന കാര്യത്തിന്റെ സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ടാകണം അത് പരിഹസിക്കപ്പെടേണ്ട കാര്യമാണോ എന്ന നിഗമനത്തിൽ എത്തേണ്ടത്. നിർഭാഗ്യവശാൽ ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് ഒരല്പം ക്രൂരം തന്നെ. അതിനാൽ, എല്ലാ ട്രോളന്മാർക്കും ഈ സിനിമ ഒരു ഓർമ്മപ്പെടുത്തലാകട്ടേ!

സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി സംവിധാനം ചെയ്തത് എംസി ജോസഫ് എന്ന നവാഗതനാണ്. അജീഷ് പി. തോമസാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ആൽബി ഛായാഗ്രഹണവും അയൂബ് ഖാൻ ചിത്രസന്നിവേശവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം ⭐️⭐️⭐️
ഇന്നത്തെ കാലഘട്ടത്തിനും ഈ തലമുറയിലെ കുട്ടികൾക്കും നല്ലൊരു സന്ദേശം നൽകുന്ന ശക്തമായ ഒരു പ്രമേയമാണ് വികൃതിയിലൂടെ ചർച്ചചെയ്യപ്പെടുന്നത്. ഒരു യഥാർത്ഥ സംഭവം സിനിമയ്ക്ക് ഉതകുന്ന കഥയാക്കുക എന്നത് ശ്രമകരമായ കാര്യങ്ങളിൽ ഒന്നാണ്. എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകനും ഈ സിനിമയുടെ കഥയും അതിലൂടെ അവരെ ചിന്തിപ്പിക്കുന്ന വിഷയവും മനസ്സിനെ സ്പർശിക്കുമെന്നു കരുതാം. സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കപ്പെട്ട സംഭവത്തിന്റെ നിജസ്ഥിതി, സിനിമ എന്ന മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രമിച്ച സംവിധായകൻ എംസി ജോസഫിനും ഈ സിനിമയുടെ നിർമ്മാതാക്കളായ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി മേനോൻ എന്നിവർക്കും അഭിനന്ദനങ്ങൾ!

തിരക്കഥ ⭐️⭐️⭐️
ഒരു യഥാർത്ഥ സംഭവം സിനിമയാക്കുമ്പോൾ, അവയിൽ ചില കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ഉൾപ്പെടുത്തേണ്ടി വന്നേക്കാം. അത്തരത്തിൽ എഴുതപെട്ട തിരക്കഥ വിശ്വസനീയമായി പ്രേക്ഷകർക്ക് തോന്നുക എന്നതാണ് എഴുത്തുകാരന്റെ വിജയം. വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന അപരിചിതരായ രണ്ടു വ്യക്തികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ സിനിമയുടെ ആസ്വാദനത്തിനായി എഴുതപ്പെട്ടവയാണ്. അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയം മാത്രമാണ് യഥാർത്ഥ സംഭവത്തിൽ നിന്നും എഴുതപ്പെട്ടത്. ചില രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നതും മറ്റുചിലത് ചിന്തിപ്പിക്കുന്നതും ക്‌ളൈമാക്‌സ് രംഗങ്ങൾ കരയിപ്പിക്കുന്നതുമായിരുന്നു. സുപരിചിതമായ സന്ദർഭങ്ങളിലൂടെയാണ് ഈ കഥ വികസിക്കുന്നത് എന്നത് ഒഴികെ മറ്റു കുറവുകളൊന്നും തിരക്കഥയിലില്ല.

സംവിധാനം ⭐️⭐️⭐️
നവാഗതനായ സംവിധായകന്റെ പരിചയക്കുറവൊന്നും എംസി ജോസഫ് എന്ന സംവിധായകനിൽ കണ്ടില്ല. ഓരോ രംഗവും വിശ്വസനീയതയോടെ അവതരിപ്പിക്കുവാൻ ജോസഫിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്ന ചില രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ സംവിധായകന് സാധിച്ചു. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തതും സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും സൗബിനും പൂർണ്ണമായി യോജിക്കുന്ന കഥാപാത്രങ്ങളാണ് സംവിധായകൻ നൽകിയത്. ഈ സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനപെട്ടതാണ് സൂരജ് വെഞ്ഞാറമൂടും സൗബിനും അവതരിപ്പിച്ച കഥാപാത്രങ്ങൾ. ചില രംഗങ്ങൾക്ക് അതർഹിക്കുന്നതിലും ദൈർഘ്യം നൽകി വലിച്ചുനീട്ടി എന്നതൊഴികെ ആദ്യ സിനിമ സംരംഭം വിജയകരമാക്കുവാൻ എംസി ജോസഫിന് സാധിച്ചു.

സാങ്കേതികം ⭐️⭐️
ആൽബി പകർത്തിയ ദൃശ്യങ്ങൾ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്തവ ആയിരുന്നു. അയൂബ് ഖാൻ നിർവഹിച്ച സന്നിവേശവും ശരാശരിയൊലൊതുങ്ങി. ബിജിബാൽ ഈണമിട്ട പാട്ടുകൾ തരക്കേടില്ലാത്തവയായിരുന്നു. സന്തോഷ് വർമ്മ, ഷാഹുൽ മേഴത്തൂർ എന്നിവരാണ് ഗാനരചയ്താക്കൾ. ബിജിബാൽ തന്നെയാണ് പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചത്. ചില രംഗങ്ങളിൽ പശ്ചാത്തല സംഗീതം മികവ് പുലർത്തി. സുജിത് രാഘവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും അമൽ ചന്ദ്രൻ ചമയവും നിർവഹിച്ചു.

അഭിനയം ⭐️⭐️⭐️
സമീപകാലത്തിറങ്ങിയ മലയാള സിനിമകളിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കണ്ടത് വികൃതിയിലായിരിക്കും. സംസാര ശേഷിയില്ലാത്ത എൽദോ എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു സുരാജ്. ക്‌ളൈമാക്‌സ് രംഗത്തിലെ അഭിനയം പ്രേക്ഷരുടെ കണ്ണുനനയിപ്പിക്കുന്ന രീതിയിലായിരുന്നു. ഇതിലും മികച്ച രീതിയിൽ നിസ്സയകാവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ല എന്നൊരിക്കൽ കൂടി സുരാജ് തെളിയിച്ചു. സമീർ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ സൗബിനും സാധിച്ചു. ചില രംഗങ്ങളിൽ പക്വതയില്ലാത്തവനായും മറ്റു ചിലതിൽ ഭീരുവായും സിനിമയുടെ രണ്ടാം പകുതിയിൽ സംഘർഷം നിറഞ്ഞ അവസ്ഥയുമെല്ലാം മികവോടെ സൗബിൻ അവതരിപ്പിച്ചു. സൗബിന്റെ അമ്മയുടെ റോളിൽ അഭിനയിച്ച ഗ്രെയ്‌സി എന്ന നടിയും മികച്ച അഭിനയം കാഴ്ചവെച്ചു. ഇവരെ കൂടാതെ ബാബുരാജ്, ജാഫർ ഇടുക്കി, സുധി കൊപ, മാമുക്കോയ, സുരഭി ലക്ഷ്മി, വിൻസി അലോഷ്യസ്, ഭഗത് മാനുവൽ, ഇർഷാദ്, മേഘനാഥൻ, സുധീർ കരമന, ബാലു വർഗീസ്, മറീന മൈക്കൽ, റിയ സാറാ, അദിതി മനോജ്, പോളി വിത്സൺ, ബിനീഷ് ബിൻസൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: വിനോദോപാദിയായി സിനിമയെ സമീപിക്കുന്ന ഒരു സാധാരണ മലയാള സിനിമ പ്രേക്ഷകന് ഇഷ്ടമാകുന്ന ചേരുവകളെല്ലാം ഉൾപ്പെടുത്തിയ നല്ലൊരു കുടുംബചിത്രമാണ് വികൃതി.

സംവിധാനം: എംസി ജോസഫ്
രചന: അജീഷ് പി. തോമസ്
നിർമ്മാണം: എ. ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ
ഛായാഗ്രഹണം: ആൽബി
സന്നിവേശം: അയൂബ് ഖാൻ
സംഗീതം: ബിജിബാൽ
ഗാനരചന: സന്തോഷ് വർമ്മ, ഷാഹുൽ മേഴത്തൂർ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: അമൽ ചന്ദ്രൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെഞ്ച്വറി ഫിലിംസ്

കോമ്രേഡ് ഇൻ അമേരിക്ക – ⭐⭐ 


നിക്കാരഗ്വനാകാശം ഹോണ്ടുറാസ്ഭൂമി മെക്സിക്കൻകടൽ! – ⭐⭐

ദുൽഖർ സൽമാനും ബാഗും യാത്രകളും നവയുഗ സിനിമയിലെ അഭിവാജ്യ ഘടകങ്ങളായിരിക്കുകയാണ്. എ.ബി.സി.ഡി, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി തുടങ്ങിയ ദുൽഖറിന്റെ ആദ്യകാല സിനിമകൾ മുതൽ ചാർളി വരെയുള്ള സിനിമകളിലെ വിജയഘടഗങ്ങളായി ഉൾപ്പെടുത്തിയവയാണ് ബാഗും യാത്രകളും. എൺപതുകളുടെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ട സിനിമകളിലെ വിജയഘടകങ്ങളായിരുന്നു മമ്മൂട്ടിയും കുട്ടിയും പെട്ടിയും. തൊണ്ണൂറകളിലെ വിജയ ഫോർമുലയായിരുന്നു മോഹൻലാലും മീശപിരിയും വരിക്കാശ്ശേരി മനയും. അതിനു സമാനമായ ഒന്നായിരിക്കുകയാണ് ദുൽഖറും ബാഗും യാത്രകളും.

അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കോമ്രേഡ് ഇൻ അമേരിക്ക അഥവാ സിയാ എന്ന സിനിമയിലും ദുൽഖർ സൽമാനും ബാഗും യാത്രകളുമാണ് പ്രമേയമാകുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന അജി മാത്യു എന്ന പാലാക്കാരൻ നസ്രാണി ഒരു കാമുകനാണ്. അയാളുടെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ നടത്തേണ്ടിവരുന്ന യാത്രയാണ് അമൽ നീരദ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സാങ്കേതിക തികവുകൊണ്ടും അഭിനയ മികവുകൊണ്ടും രസകരമായ സംഭാഷണങ്ങളാലും ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയായി കോമ്രേഡ് ഇൻ അമേരിക്കയെ വിലയിരുത്താം.

പ്രമേയം: ⭐⭐
കോമ്രേഡ് ഇൻ അമേരിക്ക എന്ന ടൈറ്റിൽ കേൾക്കുമ്പോൾ ഇതൊരു ഇടതുപക്ഷ രാഷ്ട്രീയ സിനിമയാണോ എന്ന സംശയം ഏവർക്കും തോന്നാം. പോസ്റ്ററുകളിൽ കാണുന്ന ചിത്രങ്ങൾ കണ്ടാൽ ഇതൊരു സ്പോർട്സ് സിനിമയാണെന്നും തോന്നാം. കണ്ണിൽ കണ്ണിൽ എന്ന പാട്ടിന്റെ ചിത്രീകരണം കണ്ടാൽ ഒരു മുഴുനീള പ്രണയകഥയാണോ എന്നും സംശയിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മേല്പറഞ്ഞ ഘടകങ്ങളൊക്കെയുള്ള ഒരു യാത്രയാണ് ഈ സിനിമയുടെ പ്രമേയം. ഒരു റോഡ് മൂവി എന്നോ ട്രാവൽ മൂവി എന്നോ ഈ സിനിമയെ വിശേഷിപ്പിക്കാം. ഒറ്റവാചകത്തിൽ കേൾക്കുമ്പോൾ പുതുമയുള്ള പ്രമേയം എന്ന തോന്നിപ്പിക്കുമെങ്കിലും, അതിനോട് നീതിപുലർത്തുന്ന കഥയല്ല ഷിബിൻ ഫ്രാൻസിസ് എഴുതിയത്. അമൽ നീരദിന്റെ വിഷ്വൽ മാജിക്കിന് മുമ്പിൽ കഥയ്ക്കെന്തു പ്രസക്തി എന്ന തോന്നലാണോ ഇതിനു പിന്നിൽ?

തിരക്കഥ: ⭐⭐
പാവാട എന്ന സിനിമയ്ക്ക് ശേഷം ഷിബിൻ ഫ്രാൻസിസ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് കോമ്രേഡ് ഇൻ അമേരിക്ക. ഇടതുപക്ഷ രാഷ്ട്രീയവും സൗഹൃദവും, അപ്പൻ-മകൻ ആത്മബന്ധവും, പ്രണയവും സമന്വയിപ്പിച്ച ആദ്യപകുതിയിലെ കഥാസന്ദർഭങ്ങൾ അത്യന്തം രസകരമായ സംഭാഷണങ്ങളിലൂടെ എഴുതുവാൻ ഷിബിൻ ഫ്രാൻസീസിന് സാധിച്ചിട്ടുണ്ട്. പാർട്ടി ഓഫീസിലെത്തി സങ്കൽപ്പത്തിലെ ചെഗുവേരയോടും ലെനിനോടും കാൾ മാർക്സിനോടും തന്റെ യാത്രയുടെ കാരണം അജി മാത്യു വിശദീകരിക്കുന്ന രംഗവും സംഭാഷണങ്ങളും മികവുപുലർത്തി. അതുപോലെ, രണ്ടാം പകുതിയുടെ അവസാനമുള്ള അപ്പനുമായുള്ള അജി മാത്യുവിന്റെ ഫോൺ സംഭാഷണങ്ങളും ഹൃദയസ്പർശിയായി എഴുതുയിട്ടുണ്ട്. എന്നാൽ, ആദ്യാവസാനമുള്ള കഥാഗതി പ്രവചിക്കാനായതും അവിശ്വസനീയമായതും സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ കഥാസന്ദർഭങ്ങൾ എല്ലാംതന്നെ കണ്ടുമടുത്തവയാണ്. രണ്ടാം പകുതിയിലെ യാത്രകളിലെ സന്ദർഭങ്ങൾ പുതുമനിറഞ്ഞതായിരുന്നുവെങ്കിലും ഒരല്പം അവിശ്വസനീയവുമായിരുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ തിരക്കഥയായിരുന്നുവെങ്കിലും അവയൊന്നും സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ബോധ്യമാകുന്ന രീതിയിൽ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടില്ല. ദുൽഖർ സൽമാൻ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രസചേരുവകളെല്ലാം ഉള്ളതിനാൽ ഈ സിനിമയും വാണിജ്യവിജയം നേടുവാൻ സാധ്യതയുണ്ട്.

സംവിധാനം: ⭐⭐⭐
കുള്ളന്റെ ഭാര്യ എന്ന ലഘു ചിത്രത്തിലൂടെ ഒന്നിച്ച അമൽ നീരദും ദുൽഖർ സൽമാനും ആദ്യമായിട്ടാണ് ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നത്. ദുൽഖർ സൽമാന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും കൃത്യമായി ചേർക്കുവാൻ സംവിധായകൻ മറന്നില്ല എന്നിടത്താണ് ഈ സിനിമ വ്യത്യസ്തമാകുന്നത്. രണദേവ് എന്ന ഛായാഗ്രാഹകന്റെ അത്യുഗ്രൻ വിഷ്വൽസും പ്രവീൺ പ്രഭാകറിന്റെ കൃത്യതയുള്ള സന്നിവേശവും ദുൽഖർ സൽമാൻ എന്ന അഭിനേതാവിന്റെ ഊർജസ്വലമായ അഭിനയവും സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അമൽ നീരദ് സിനിമകളിൽ നിന്നും പ്രതീക്ഷിക്കുന്നതെല്ലാം ഈ സിനിമയിലുണ്ട്. പതിവിനു വിപരീതമായി സ്ലോ മോഷൻ രംഗങ്ങൾ ഇല്ലാത്ത ആദ്യ അമൽ നീരദ് സിനിമകൂടിയാണിത്. അമൽ നീരദിന്റെ മുൻകാല സിനിമകളെ അപേക്ഷിച്ചു പരീക്ഷണാർത്ഥത്തിൽ അവതരിപ്പിച്ച രണ്ടാം പകുതിയാണ് ഈ സിനിമയുടേത്. അവിശ്വസനീയമായ ഒരു കഥാപശ്ചാത്തലം അതിലും അവിശ്വസനീയമായ രീതിയിൽ വളരെ ലാഘവത്തോടെ അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകർക്ക് രസിച്ചില്ല. ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളുമുള്ള ആദ്യ പകുതിയിൽ നിന്ന് ഒട്ടും രസിപ്പിക്കാത്ത രണ്ടാം പകുതിയിലേക്കു കടന്നപ്പോൾ അവയെല്ലാം സിനിമയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലെ രംഗങ്ങൾ ഭീകരത സൃഷ്ടിക്കുമെന്നു സംഭാഷണങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും അവയൊക്കെ നിസ്സാരമായതുപോലെ പ്രേക്ഷകർക്ക് അനുഭവപെട്ടു. ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇതൊരു കോമ്രേഡിന്റെ കഥയുമല്ല അമേരിക്കൻ കാഴ്ചകളുമില്ല!

സാങ്കേതികം: ⭐⭐⭐⭐
രണദേവിന്റെ പുത്തനുണർവ് പകരുന്ന ഫ്രയിമുകൾ സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. കോട്ടയത്തിന്റെ ഗ്രാമീണതയും ലാറ്റിൻ അമേരിക്കയുടെ വരണ്ടഭൂമിയും മികവോടെ ചിത്രീകരിക്കുവാൻ രണദേവനായി. എന്നാൽ, രണ്ടാം പകുതിയിലെ രംഗങ്ങൾക്ക് വേണ്ടത്ര തീവ്രത ലഭിച്ചില്ല. ആക്ഷൻ രംഗങ്ങളോ ദുർകടമായ യാത്രകളോ കഥയാവശ്യപെടുന്ന ഭീതിജനിപ്പിക്കാനായില്ല എന്നതുമാത്രമാണ് ഒരു പോരായ്മയായി തോന്നിയത്. പ്രവീൺ പ്രഭാകറിന്റെ സന്നിവേശം കഥയാവശ്യപെടുന്ന വേഗത സിനിമയ്ക്ക് നൽകുവാനായി. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളോ കഥാപാത്രങ്ങളോ സിനിമയിലുണ്ടായിരുന്നില്ല. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിർവഹിച്ചത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചില രംഗങ്ങളിൽ മികവുപുലർത്തി. അജി മാത്യുവിന്റെ രംഗപ്രവേശനത്തിനായി ഉപയോഗിച്ച പശ്ചാത്തല സംഗീതം അതിനുദാഹരണം. റഫീഖ് അഹമ്മദ് എഴുതിയ രണ്ടു പാട്ടുകളിൽ “വാനം തിളതിളയ്ക്കണു” എന്ന മെക്സിക്കൻ പശ്ചാത്തലത്തിലുള്ള ഗാനം മികവുപുലർത്തി. സജി കൊരട്ടിയുടെ ചമയം കഥാപാത്രങ്ങൾക്ക് യോജിച്ചവയായിരുന്നു. രണ്ടാം പകുതിയിലെ യാത്രയ്ക്കിടയിലുള്ളവ പ്രത്യേകിച്ച് മികവുറ്റതായിരുന്നു. ചെഗുവേരയും മാർക്‌സും ലെനിനും സ്റ്റാലിനും അതിഗംഭീരമായി. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും കഥാപാത്രങ്ങൾക്ക് യോജിച്ചവയായി. തപസ് നായ്കിന്റെ ശബ്ദസംവിധാനം മോശമായിരുന്നു. അനിൽ അരസ്സ്‌ നിർവഹിച്ച പാലാ ബസ് സ്റ്റാൻഡിൽ ചിത്രീകരിച്ച സംഘട്ടനം ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്നതായിരുന്നു.

അഭിനയം: ⭐⭐⭐
അജി മാത്യു എന്ന സഖാവിനെയും അജി എന്ന കാമുകനെയും അജിപ്പനെന്ന മകനെയും സുഹൃത്തിനെയും കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ ദുൽഖർ സൽമാന് സാധിച്ചു. ആരാധകർക്ക് ആവേശമുണർത്തുന്ന ആക്ഷൻ രംഗങ്ങളിലും കൗമാരക്കാർക്ക് ഉണർവ്വ് പകരുന്ന കാമുകനായും ദുൽഖർ തിളങ്ങി. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിക്കാണ്‌. പാലാക്കാരൻ അച്ചായനായും സ്നേഹമുള്ള അപ്പനായും അഭിനയമികവ് പുലർത്താൻ സിദ്ദിഖിനായി. രസകരമായ അഭിനയം കാഴ്ചവെച്ചു ഏവരെയും ചിരിപ്പിക്കാൻ സൗബിൻ ഷാഹിറിനും ദിലീഷ് പോത്തനും ജോൺ വിജയ്ക്കും സാധിച്ചു. പി.കെ., സ്‌കൂൾ ബസ് എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകൾ കാർത്തിക മുരളീധരനാണ് ഈ സിനിമയിലെ നായിക. അമേരിക്കൻ മലയാളി പെൺകുട്ടിയെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കാർത്തികയ്ക്കു സാധിച്ചു. ഇവരെ കൂടാതെ ചാന്ദിനി ശ്രീധരൻ, ജിനു ജോസഫ്, മണിയൻപിള്ള രാജു, സുജിത് ശങ്കർ, അലൻസിയാർ, വി.കെ.ശ്രീരാമൻ, സുമിത് നവൽ, പാർവതി, സുരഭിലക്ഷ്മി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: എല്ലാത്തരം സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന എന്റർറ്റെയിനറാണ് കോമ്രേഡ് ഇൻ അമേരിക്ക!

നിർമ്മാണം, സംവിധാനം: അമൽ നീരദ്
രചന: ഷിബിൻ ഫ്രാൻസിസ്
ഛായാഗ്രഹണം: രണദേവ്
ചിത്രസന്നിവേശം: പ്രവീൺ പ്രഭാകർ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: റഫീഖ് അഹമ്മദ്, കരോലിന, മൻസൂർ
കലാസംവിധാനം: പ്രതാപ് രവീന്ദ്രൻ
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: അനൽ അരസ്സ്, മാർക്ക്
ശബ്ദസംവിധാനം: തപസ് നായക്
വിതരണം: എ ആൻഡ് എ റിലീസ്.

അനുരാഗ കരിക്കിൻ വെള്ളം – ⭐⭐⭐

image

സ്വാദിഷ്ടമായ പ്രണയ ദാഹശമനി – ⭐⭐⭐

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കുടുംബങ്ങളിൽ ചുക്കുവെള്ളവും, ജീരകവെള്ളവും, മല്ലിയിലയിട്ട് തളപ്പിച്ച വെള്ളവും ദാഹശമനിയായി ഉപയോഗിക്കാറുണ്ട്. ഔഷധമൂല്യമുള്ള കരിങ്ങാലി വെള്ളവും ജീരക വെള്ളവും ശാരീരിക രോഗങ്ങൾ മാറ്റുവാൻ ഉത്തമമാണ്. പ്രണയ നൈരാശ്യം മൂലമുണ്ടാകുന്ന മനസ്സിന്റെ വേദന എല്ലാ പ്രായത്തിലുള്ളവരെയും കാലാകാലങ്ങളായി ബാധിച്ചു വരുന്നതു മനസ്സിലാക്കിയ ഒരുപിടി സുഹൃത്തുക്കൾ പ്രണയ ദാഹശമനത്തിനായി ഉണ്ടാക്കിയ രുചിയുള്ള സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം.

കുടുംബസമേതം ആസ്വദിച്ചിരുന്നു കാണാവുന്ന സിനിമയാണ് നവാഗതനായ ഖാലിദ്‌ റഹ്മാൻ പ്രേക്ഷകർക്ക്‌ നൽകിയിരിക്കുന്നത്. നവീൻ ഭാസ്‌കറിന്റെ തിരക്കഥയും, ജിംഷി ഖാലിദ്‌ ഒരുക്കിയ ഫ്രെയിമുകളും, പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതവും ഈ വെള്ളത്തിന്റെ രുചികൂട്ടുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ്‌ ശിവൻ, ആര്യ, പ്രിഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
പ്രണയം നമ്മളെ പഠിപ്പിക്കുന്ന ഗുണപാഠങ്ങൾ എന്തൊക്കെയാണ്? ഒരാൾ പ്രണയത്തിലാകുമ്പോൾ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും ചിന്തകളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും, പ്രണയിനിയെ സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലെത്തുവാൻ സ്വന്തം ജീവിതത്തെ ഗൗരവത്തോടെ കാണുമെന്നുമുള്ള വിഷയങ്ങൾ ലളിതമായ കഥയുടെ രൂപത്തിൽ അവതരിപ്പിച്ച സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം. രണ്ടു തലമുറയിലെ വ്യക്തികളുടെ കാഴ്ചപ്പാടിലൂടെ ഒരു കാമുകി അവരെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കുന്നു എന്നും ഈ സിനിമയിലൂടെ നവീൻ ഭാസ്കർ പറഞ്ഞുതരുന്നു.

തിരക്കഥ: ⭐⭐⭐
മൺസൂൺ മാംഗോസ് എന്ന സിനിമയ്ക്ക് ശേഷം നവീൻ ഭാസ്കർ രചന നിർവഹിച്ചിരിക്കുന്ന സിനിമയാണിത്. പ്രണയത്തിലായിരുന്ന പുതു തലമുറയിൽപ്പെട്ട ഒരു വ്യക്തി കാമുകിയുടെ സന്തോഷങ്ങൾക്കും വികാരങ്ങൾക്കും വിലകല്പിക്കാതെ ആ പ്രണയം നഷ്ടപെടുത്തുമ്പോൾ, മറുവശത്ത് പഴയ തലമുറയിൽപെട്ടയാൾ അയാളുടെ നഷ്ട പ്രണയത്തെ വീണ്ടും സ്വന്തമാക്കുവാൻ ശ്രമിക്കുന്നു. ഇരുവരുടെയും സ്വഭാവത്തിൽ പ്രണയംമൂലമുണ്ടാകുന്ന മാറ്റങ്ങൾ റിയലസ്റ്റികായി അവതരിപ്പിച്ചിരിക്കുന്നു. പള്ളി സെമിത്തേരിയിൽ നടക്കുന്ന രംഗമൊഴികെ മറ്റെല്ലാ രംഗങ്ങളും നൂറു ശതമാനം വിശ്വസനീയതയോടെ കഥാസന്ദർഭങ്ങളാക്കിയിരിക്കുന്നു. ഹാസ്യത്തിന് വേണ്ടി എഴുതപെട്ട സംഭാഷങ്ങണളോ ദ്വയാർത്ഥ ഡയലോഗുകളോ ഒന്നുമില്ലാത്ത തിരക്കഥയാണ് നവീൻ ഭാസ്‌ക്കർ എഴുതിയിരിക്കുന്നത്. മൺസൂൺ മാംഗോസിലൂടെ നിരാശപ്പെടുത്തിയ നവീൻ ഭാസ്ക്കറിന്റെ ശക്തമായ തിരിച്ചുവരാവാകട്ടെ ഈ സിനിമ.

സംവിധാനം: ⭐⭐⭐
ഖാലിദ്‌ റഹ്മാൻ ഒരു നവാഗതനാണെന്നു തോന്നാത്ത രീതിയിലാണ് ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ശരാശരി കുടുംബങ്ങളിലെ കാഴ്ചകൾ റിയാസിലസ്റ്റിക്കായി അവതരിപ്പിക്കുവാൻ ഖാലിദിന് സാധിച്ചു. അതുപോലെ കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിച്ചു എന്നതും അഭിനന്ദനം അർഹിക്കുന്നു കാര്യമാണ്. ലളിതമായ രീതിയിൽ ഏച്ചുകെട്ടലുകളില്ലാതെ രസകരമായി കോർത്തിണക്കിയ രംഗങ്ങളും അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതവും പ്രേക്ഷകർ ഏറെ ആസ്വദിച്ചു. സിനിമയിലുടനീളം ചിലയിടങ്ങളിലായി ഇഴച്ചിൽ അനുഭവപെട്ടു എന്നതൊഴികെ സംവിധാനത്തിൽ കഴിവ് തെളിയിക്കുവാൻ ഖാലിദ്‌ റഹ്മാന് കഴിഞ്ഞിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
ഷൈജു ഖാലിദിന്റെ സഹോദരൻ ജിംഷി ഖാലിദാണ് ഈ സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ഗിമ്മിക്‌സൊന്നും ഉപയോഗിക്കാതെ പ്രേക്ഷകർക്ക്‌ റിലേറ്റ് ചെയ്യാനാവുന്ന രീതിയിലുള്ള ലൊക്കേഷനുകളും ഫ്രയിമുകളുമാണ് ഈ സിനിമയിലുടനീളമുള്ളത്. പുതുമുഖം നൗഫൽ അബ്ദുള്ള കോർത്തിണക്കിയ രംഗങ്ങൾ സിനിമയുടെ വേഗതയെ നിയന്ത്രിക്കുന്നതായിരുന്നു. ചിലയിടങ്ങളിൽ വേഗതയോടെയും മറ്റുചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലുമാണ് ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ നെടുംതൂണായി നിലകൊള്ളുന്നു. ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നതിന്റെ പ്രധാന കാരണം പശ്ചാത്തല സംഗീതമാണ്. മൂന്ന് പാട്ടുകളും അത്രകണ്ട് ശ്രദ്ധ നേടുന്നില്ല എന്നത് ഒരു പ്രണയകഥ പറയുന്ന സിനിമയെ സംബന്ധിച്ചു പോരായ്മതന്നെയാണ്. ധന്യ ബാലകൃഷ്ണൻ കഥാപാത്രങ്ങൾക്ക് നൽകിയ വേഷങ്ങൾ മികവു പുലർത്തി.

അഭിനയം: ⭐⭐⭐⭐
ബിജു മേനോൻ, ആസിഫ് അലി, രജീഷ വിജയൻ, ആശ ശരത്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, സുധീർ കരമന, മണിയൻപിള്ള രാജു, ഇർഷാദ്, സുധി കോപ്പ, നന്ദിനി, ചിന്നു എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. പുതുമുഖം രജീഷ വിജയൻ ആണ് ഈ സിനിമയിലെ താരം. ഇത്രയും രസകരമായും റിയലസ്റ്റിക്കായും ഒരു പുതുമുഖ നടിക്ക് അഭിനയിക്കാനറിയുമെങ്കിൽ മലയാള സിനിമയിലെ ഒരുപിടി നല്ല കഥാപാത്രങ്ങൾ രജീഷയെ തേടിയെത്തുമെന്നുറപ്പ്. പരുക്കനായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ശാന്തനായ അച്ഛനായി മാറിയ രഘു എന്ന കഥാപാത്രത്തെ ബിജു മേനോൻ മികച്ച രീതിയിൽ അവതരിപ്പിച്ചു. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന കഥാപാത്രങ്ങളായി ആസിഫ് അലിയും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആശ ശരത്തും, സുധീർ കരമനയും, മണിയൻപിള്ള രാജുവും, ഇർഷാദും നല്ല നടീനടന്മാരാണെന്നു വീണ്ടും തെളിയിക്കുന്നു.

വാൽക്കഷ്ണം: കുടുംബസമേതം കണ്ടുരസിക്കാം ഓർത്തുസുഖിക്കാം രുചിച്ചുനോക്കാം ഈ അനുരാഗ കരിക്കിൻ വെള്ളം.

സംവിധാനം: ഖാലിദ്‌ റഹ്മാൻ
നിർമ്മാണം: ഓഗസ്റ്റ് സിനിമ
രചന: നവീൻ ഭാസ്കർ
ചായാഗ്രഹണം: ജിംഷി ഖാലിദ്
ചിത്രസന്നിവേശം: നൗഫൽ അബ്ദുള്ള
സംഗീതം: പ്രശാന്ത്‌ പിള്ള
ഗാനരചന: ബി.കെ.ഹരിനാരായണൻ, ശബരീഷ് വർമ്മ
കലാസംവിധാനം: സാബു മോഹൻ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്: റോണക്സ്‌ സേവ്യർ
ശബ്ദനിയന്ത്രണം: രാധാകൃഷ്ണൻ
വിതരണം: ഓഗസ്റ്റ് സിനിമ റിലീസ്.

കമ്മട്ടിപ്പാടം – ⭐⭐

image

ദി റിയൽ റെഡ് ബ്ലഡ്‌ ഷെഡ്‌! – ⭐⭐

“അക്കാണും മാമാലയോന്നും
നമ്മുടെതല്ലെന്മകനെ
ഇക്കായാൽ കയവും കരയും
ആരുടെയുമല്ലെൻ മകനേ!” – അൻവർ അലി

കമ്മട്ടിപ്പാടത്ത് ജീവിച്ചു മരിച്ച ഒരുപറ്റം ചങ്കൂറ്റമുള്ളവരുടെ ചോരയുടെ മണമുണ്ട് ഇന്ന് കാണുന്ന കൊച്ചി എന്ന മഹാനഗരത്തിന്. ആ മഹാനഗരം അന്നും ഇന്നും കമ്മട്ടിപ്പാടത്തുകാരുടെയല്ല.

എറണാകുളം ജില്ലയിലെ സൗത്ത്  കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാന്റിനു സമീപമുള്ള റെയിൽ പാളത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് കമ്മട്ടിപ്പാടം. അവിടെ ജനിച്ചു വളർന്ന ബാലനും കൃഷ്ണനും ഗംഗയും ഇന്ന് ജീവനോടെയുണ്ടോ എന്നുപോലുമറിയില്ല. ഗുണ്ടകൾ അഥവാ ക്വട്ടേഷൻ സംഘങ്ങൾ എന്നാണ് ഇവർ അറിയപെട്ടിരുന്നത്. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ക്വട്ടേഷൻ സംഘങ്ങളാകം ബാലനും കൃഷ്നനും ഗംഗയും. ഇവരുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തിച്ചത് രാജീവ്‌ രവിയാണ്. കമ്മട്ടിപ്പാടം സിനിമയിൽ കൃഷ്ണനായി ദുൽഖർ സൽമാനും, ഗംഗയായി വിനായകനും, ബാലനായി പുതുമുഖം മണികണ്ഠനും അഭിനയിച്ചിരിക്കുന്നു.

ലോർഡ്‌ ലിവിംഗ്സ്റ്റൺ 7000 കണ്ടി എന്ന സിനിമയ്ക്ക് ശേഷം ഗ്ലോബൽ യുണൈറ്റഡ്‌ മീഡിയയുടെ ബാനറിൽ പ്രേം മേനോൻ നിർമ്മിച്ച കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനാണ്. മധു നീലകണ്ഠൻ ചായഗ്രഹണവും, ബി.അജിത്കുമാർ ചിത്രസന്നിവേശവും, നാഗരാജ്-ഗോകുൽദാസ് എന്നിവർ കലാസംവിധാനവും, റോഷൻ മേയിക്കപ്പും, ജോൺ വർക്കി കെ(കൃഷ്ണകുമാർ)എന്നിവർ പശ്ചാത്തല സംഗീത സംവിധാനവും പാട്ടുകളുടെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
അധോലോക സംഘങ്ങൾ തമ്മിലുള്ള പകപോക്കൽ പ്രമേയമാക്കിയുള്ള ഒട്ടനവധി സിനിമകൾ ഇന്ത്യയിലെ പല ഭാഷകളിലായി സിനിമയാക്കിയിട്ടുണ്ട്. മലയാള സിനിമയിലും ഇത്തരത്തിലുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു സ്ഥലവും അവിടെ നിലകൊണ്ടിരുന്ന ഗുണ്ടാസംഘങ്ങൾ ആ നഗരത്തിന്റെ വളർച്ചയുടെ ഭാഗമായിരുന്നു എന്നും പ്രേക്ഷകർക്ക്‌ മനസ്സിലാക്കികൊടുത്ത കഥയുള്ള ഒരു സിനിമ ഇതാദ്യം. സംവിധായകൻ രാജിവ് രവിയാണ് കമ്മട്ടിപ്പാടത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഒരു കഥ എന്നതിലുപരി കഥാപാത്രങ്ങളുടെ ജീവിതത്തിലെ പല കാലഘട്ടങ്ങൾ കാണിച്ചുതരുന്ന ഒരു സിനിമയാണിത്.

തിരക്കഥ: ⭐⭐
ഉള്ളടക്കം എന്ന കമൽ-മോഹൻലാൽ സിനിമ, പവിത്രം എന്ന ടി.കെ.രാജീവ്കുമാർ-മോഹൻലാൽ സിനിമ, വി.കെ.പ്രകാശിന്റെ ആദ്യ മലയാള സിനിമ പുനരധിവാസം എന്നീ സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ട് സിനിമയിലെത്തിയ പി.ബാലചന്ദ്രൻ പിന്നീട് അഭിനയ മേഘലയിലേക്ക് കടന്നു. അദ്ദേഹം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും രചിച്ച തിരക്കഥയാണ് ഈ സിനിമയുടേത്. കമ്മട്ടിപ്പാടത്ത് ജീവിച്ചിരുന്ന കഥാപാത്രങ്ങളെ ഇത്രയും സൂക്ഷ്മതയോടെ പിന്തുടർന്ന് എഴുതിയതാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. അവരുടെ സംഭാഷണ രീതിയും തനതായ കൊച്ചി ശൈലിയും എല്ലാം കൃത്യമായി സംഭാഷണങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്. കഥയ്ക്ക് പകരം കഥാപാത്രങ്ങൾ മുൻപോട്ടു നയിക്കുന്ന ഒരു സിനിമയാണിത്. അതുകൊണ്ട് എന്തിനാണ് ഓരോ കഥാപാത്രത്തിന്റെയും വിശദാംശങ്ങളിലേക്ക് ഇത്രയുമധികം കടന്നു ചെന്നത്? കൃഷ്ണന്റെ ബോംബയിലുള്ള ജോലിയും സുഹൃത്തുക്കളും ജയിലിലെ വഴക്കുകൾ എന്നിവയെല്ലാം അനാവശ്യമായി തിരക്കഥയിൽ ഉൾപ്പെടുത്തി സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. ഗംഗയെ അന്വേഷിച്ചുള്ള യാത്രയിൽ കൃഷ്ണൻ തന്റെ ബാല്യകാല സംഭവങ്ങൾ ഓർക്കുന്നതായി തിരക്കഥയിലുണ്ട്. കൃഷ്ണന്റെ ബാല്യകാലവും, ഗംഗയും ബാലൻ ചേട്ടനും മറ്റു സുഹൃത്തുക്കളും അടങ്ങുന്ന കമ്മട്ടിപാടത്തെ കാഴ്ചകൾ ഒരുപാട് വലിച്ചുനീട്ടിയതായി തോന്നി. സിനിമയുടെ പ്രമേയവും കഥയും കമ്മട്ടിപ്പാടം എന്ന സ്ഥലത്തിലെ ക്വട്ടേഷൻ സംഘങ്ങളുടെ ഉത്ഭവം എങ്ങനെയായിരുന്നു എന്നായിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു. സുഹൃത്തിനെ അന്വേഷിച്ചുള്ള യാത്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽക്കേണ്ടതായിരുന്നു. പ്രവചിക്കാനവുന്ന കഥാഗതിയും ട്വിസ്റ്റുകളും പ്രേക്ഷകരെ ത്രസിപ്പിക്കുന്നില്ല.

സംവിധാനം: ⭐⭐
അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകൾ പോലെ കമ്മട്ടിപ്പാടവും യാഥാർത്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തിയതിൽ രാജീവ് രവി അഭിനന്ദനം അർഹിക്കുന്നു. സാങ്കേതികത്തികവോടെ അഭിനയമികവോടെ കമ്മട്ടിപ്പാടം അവതരിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞു. പക്ഷെ, പതിഞ്ഞ താളത്തിലുള്ള കഥയുടെ അവതരണം പ്രേക്ഷകരെ ബോറടിപ്പിച്ചു. ഇത്രയും ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയുടെ അവശ്യം എന്തെന്ന് മനസ്സിലാകുന്നില്ല. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങളെ അതിശയോക്തിയില്ലാതെ അവതരിപ്പിച്ചു എന്നത് മാത്രമാണ് ഇതിലെ സംവിധാന മികവ്. വേഗതയോടെ ഈ സിനിമ അവതരിപ്പിക്കാതിരുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
അന്നയും റസൂലും എന്ന സിനിമയിലൂടെ ചായഗ്രഹണത്തിനു സംസ്ഥാന അംഗീകാരം നേടിയ മധു നീലകണ്ഠൻ ഒരിക്കൽ കൂടി തന്റെ കഴിവ് തെളിയിചിരിക്കുകയാണ്. ഗംഭീരമായ ചായഗ്രഹണത്തിലൂടെ സംവിധായകന്റെ മനസ്സിലെ ആശയം പ്രേക്ഷകരിലേക്ക് നൽക്കുവാൻ മധു നീലകണ്ഠനു സാധിച്ചു. കുനാൽ ശർമ്മയുടെ ശബ്ദമിശ്രണവും, ജോൺ വർക്കിയുടെ പശ്ചാത്തല സംഗീതവും മധു നീലകണ്ഠൻ പകർത്തിയ ദൃശ്യങ്ങളുടെ മാറ്റുക്കൂട്ടുന്നു. കൊച്ചിയുടെ ഇരുണ്ടമുഖവും ഭീകരതയും പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഒരുക്കിയ കലാസംവിധായകരായ നാഗരാജും ഗോകുൽ ദാസും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അതുപോലെ, മൂന്ന് കാലഘട്ടങ്ങളിൽ വന്നു പോകുന്ന കഥാപാത്രങ്ങളുടെ മേയിക്കപ്പ് മികവു പുലർത്തി. ഈ സവിശേഷതകൾക്ക് കല്ലുകടിയായി അനുഭവപെട്ടത്‌ ബി. അജിത്‌കുമാർ നിർവഹിച്ച രംഗങ്ങളുടെ സന്നിവേശമാണ്. അനാവശ്യമായി വലിച്ചുനീട്ടിയ ഒരുപാട് രംഗങ്ങൾ ഈ സിനിമയിലുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവ വിവരണത്തിനായി സമയം കളഞ്ഞത്‌ സിനിമാസ്വാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 3 മണിക്കൂറോളം ദൈർഘ്യമുള്ള ഈ സിനിമയിലെ പല രംഗങ്ങളും കഥയിൽ യാതൊരു അവശ്യവുമില്ലാത്തതാണെന്ന് നിസംശയം പറയാം. അതുകൊണ്ട് പല രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ് അനുഭവപെട്ടത്‌. ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്നായിമാറി ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശം.

അഭിനയം: ⭐⭐⭐⭐
ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ, അനിൽ നെടുമങ്ങാട്, സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, അലൻസിയാർ, പി.ബാലചന്ദ്രൻ, വിനയ് ഫോർട്ട്‌, സിദ്ധാർഥ്, ശ്രീനാഥ് ചന്ദ്രൻ, ഗണപതി, ഷോൺ റോമി, അമാൽദ ലിസ്, മുത്തുമണി, അഞ്ജലി അനീഷ്‌ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഓരോ അഭിനേതാക്കളും കഥാപാത്രങ്ങളായി ജീവിക്കുകയാണെന്ന് തോന്നിയ സിനിമയാണിത്. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ഏറ്റവും ഒടുവിലത്തെ നടനാണ്‌ മണികണ്ഠൻ. ബാലൻ എന്ന ഗുണ്ടയുടെ വേഷത്തിൽ അഭിനയിപ്പിക്കുവാൻ ഇതിലും മികച്ച ഒരു നടനെ കണ്ടെത്തുവാനാകില്ല. സംഭാഷണങ്ങൾ ഇല്ലാത്ത രംഗങ്ങളിൽ പോലും ചിരികൊണ്ടും മൂളലുകൾകൊണ്ടും നോട്ടങ്ങൾകൊണ്ട് പോലും അഭിനയിച്ചിട്ടുണ്ട് ഈ പുതുമുഖ നടൻ. ഗംഗ എന്ന കഥാപാത്രമായി വിനായകനും നാളിതുവരെയുള്ള ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങൾ ഈ സിനിമയിലൂടെ കാഴ്ചവെച്ചു. കൃഷ്ണനായി ദുൽഖർ സൽമാനും, സുരേന്ദ്രനാശാനായി അനിൽ നെടുമങ്ങാടും കഥാപാത്രങ്ങളോട് നൂറ്  ശതമാനം നീതി പുലർത്തുന്ന രീതിയിൽ അഭിനയിച്ചു. ഇവരെ കൂടാതെ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പുതുമുഖ നടീനടന്മാർ പോലും അവരവരുടെ രംഗങ്ങൾ മികവുറ്റതാക്കി. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന മഹാനഗരത്തിന്റെ ചുവന്ന മുഖം!

കഥ, സംവിധാനം: രാജീവ്‌ രവി
തിരക്കഥ: പി.ബാലചന്ദ്രൻ
നിർമ്മാണം: പ്രേം മേനോൻ
ചായാഗ്രഹണം: മധു നീലകണ്ഠൻ
ചിത്രസന്നിവേശം: ബി. അജിത്കുമാർ
ഗാനരചന: അൻവർ അലി
സംഗീതം: കെ., ജോൺ വർക്കി, വിനായകൻ
കലാസംവിധാനം: നാഗരാജ്, ഗോകുൽ ദാസ്
മേയിക്കപ്പ്: റോഷൻ
വസ്ത്രാലങ്കാരം: ശുഭ്ര അൻസൂൽ, മഷർ ഹംസ
ശബ്ദമിശ്രണം: കുനാൽ ശർമ്മ
സിങ്ക് സൗണ്ട്: രാധാകൃഷ്ണൻ
വിതരണം: സെഞ്ച്വറി ഫിലിംസ്.

ഹാപ്പി വെഡിംഗ് – ⭐⭐

image

രസകരമായ ഒരു കല്യാണകഥ! – ⭐⭐

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ പ്രേമം സിനിമയിലൂടെ ശ്രദ്ധേയരായ സിജു വിൽസൺ, സൗബിൻ ഷാഹിർ, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ഹാപ്പി വെഡിംഗ്. പുതുമുഖം ഒമർ സംവിധാനം ചെയ്ത ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് നാസിർ അലിയാണ്. പ്രേമം എന്ന സിനിമയുടെ പ്രമേയവും കഥയുമായി സമാനതകളുള്ള ഒരു പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. എന്നിരുന്നാലും, ഹാസ്യ രംഗങ്ങളും ഹാസ്യം അവതരിപ്പിച്ചിരിക്കുന്ന അഭിനേതാക്കളുടെ കഴിവും ബുദ്ധിപരമായി ഉപയോഗിച്ചതിനാൽ രസകരമായ ഒരു സിനിമ പ്രേക്ഷകർക്ക്‌ മുമ്പിൽ അവതരിപ്പിക്കുവാൻ ഒമറിനും കൂട്ടുകാർക്കും സാധിച്ചു.

പ്രമേയം: ⭐⭐
ഇന്നത്തെ തലമുറയിലെ യുവാക്കളുടെ  പ്രണയവും കല്യാണവും പ്രമേയമാക്കിയിട്ടുള്ള സിനിമകൾ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു എന്ന കാരണത്താലാകണം പ്രേമം സിനിമയുടെ പ്രമേയവും കഥയും വീണ്ടും മറ്റൊരു സിനിമയുടെ പ്രമേയമാകുന്നത്‌. ഒരു യുവാവിന്റെ പഠനകാലത്തെ പ്രണയവും വിവാഹ പ്രായമായപ്പോൾ വന്നുചേർന്ന പ്രണയവുമാണ് ഹാപ്പി വെഡിംഗ് സിനിമയുടെ കഥ.

തിരക്കഥ: ⭐⭐
നവാഗതരായ പ്രണീഷ് വിജയനും മനീഷും ചേർന്നാണ് രസകരമായ കഥാസന്ദർഭങ്ങളും ന്യൂ ജനറേഷൻ ഹാസ്യ സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. കട്ടൻ കാപ്പി എന്ന ഹൃസ്വചിത്രത്തിൻറെ കഥാസന്ദർഭങ്ങളുടെ പുനരാവിഷ്കരണമാണ് ഈ സിനിമയുടെ രണ്ടാം പകുതി. ആദ്യപകുതിയിൽ കഥാനായകന്റെ കോളേജ്  കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും ഹോസ്റ്റൽ ജീവിതവും രസകരമായ സന്ദർഭങ്ങളിലൂടെ ഒരല്പം അസഭ്യ സംഭാഷണങ്ങളിലൂടെയും വികസിക്കുന്നു. പതിഞ്ഞ താളത്തിൽ അധികം തമാശകളൊന്നും ഇല്ലാതെ ആരംഭിച്ച ഈ സിനിമ രസകരമായ സംഭവവികാസങ്ങളിലേക്ക് കടക്കുന്നത്‌ സൗബിന്റെ കഥാപാത്രത്തിന്റെ  വരവോടെയാണ്. ആദ്യ പകുതിയിക്കാൾ രസാവഹമായ കഥാസന്ദർഭങ്ങളും തമാശകളുമുള്ളത് രണ്ടാം പകുതിയിലാണ്. ബസ്സിലെ രംഗങ്ങളും പെണ്ണുകാണൽ ചടങ്ങും, സൗബിന്റെ കഥാപാത്രം ആരാണെന്ന് നായകന് തോന്നുന്നതും പ്രേക്ഷകരെ രസിപ്പിച്ചു.

സംവിധാനം: ⭐⭐
ഒരു പുതുമുഖ സംവിധായകനാണെന്ന് തോന്നിപ്പിക്കാതെ യുവാകൾക്ക്  ഇഷ്ടമാകാൻ സാധ്യതയുള്ള എല്ലാ ഘടഗങ്ങളും ചേരുംപ്പടി ചേർക്കാനുള്ള ബുദ്ധിയും കഴിവും ഉണ്ടെന്നു തെളിയിക്കാൻ ഒമറിന് സാധിച്ചു. കളർഫുൾ വിഷ്വൽസും പാട്ടുകളും, കോളേജ് ഹോസ്റ്റൽ ജീവിതവും, കോളേജിലെ പ്രണയവും, റാഗിങ്ങും, ഡാൻസും  അങ്ങനെ എല്ലാവിധ തട്ടുപൊളിപ്പാൻ കാര്യങ്ങളും അവതരിപ്പിക്കുവാൻ ഒമർ ശ്രദ്ധിച്ചു. പ്രേമം സിനിമയുടെ കഥയാണ് ഈ സിനിമയുടെത് എന്നതാണ് പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. പക്ഷെ അത് അധികം വെളിവാക്കാതെ സംവിധാനം ചെയ്തത് സിനിമയ്ക്ക് ഗുണകരമായി. രണ്ടാം പകുതിയിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ചിരിപ്പിച്ചത് സംവിധാന മികവുമൂലമാണ്. പ്രേമം പോലെ മറ്റൊരു വിജയമാകട്ടെ എന്നാശംസിക്കുന്നു.

സാങ്കേതികം: ⭐⭐⭐
പുതുമുഖം സിനു സിദ്ധാർഥ് ആണ് ഈ സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചത്. പുതുമകൾ ഒന്നും അവകാശപെടാനില്ലെങ്കിലും, യുവാക്കളുടെ സിനിമ ഏതു തരത്തിലൊക്കെ രസകരമായി ചിത്രീകരിക്കനാകുമോ അത്രയും ചടുലതയോടെ ആ ജോലി നിർവഹിക്കുവാൻ സിനുവിന് സാധിച്ചു. സിനിമയുടെ ആദ്യപകുതി ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് സന്നിവേശം ചെയ്തിരിക്കുന്നത്. പ്രാധാന കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്‌. എന്നാൽ രണ്ടാം പകുതി കുറച്ചുകൂടി വേഗതയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അരുണ്‍ മുരളീധരനാണ്. 3 പാട്ടുകളും ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപെടുന്ന രീതിയിലാണ് ചിട്ടപെടുത്തിയിരിക്കുന്നത്. മറ്റെല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
സിജു വിൽ‌സൺ, സൗബിൻ ഷാഹിർ, ഷറഫുദീൻ, സുധി കോപ്പ, ജസ്റ്റിൻ, സൈജു കുറുപ്പ്, കലാഭവൻ നവാസ്, അഭി, ശിവജി ഗുരുവായൂർ, വിനോദ് കോവൂർ, അനു സിത്താര, ദ്രിശ്യ രഘുനാഥ്, അംബിക മോഹൻ, തെസ്നി ഖാൻ എന്നിവരെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നടനോ നടിയോ പോലും അമിതാഭിനയം കാഴ്ചവെയ്ക്കാതെ അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അഭിനയിച്ചു. ഹാസ്യ രംഗങ്ങളിൽ തിളങ്ങുവാൻ സൗബിനും ഷറഫുദീനും സാധിച്ചു. ഇവരുടെ പ്രകടനമാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. 

വാൽക്കഷ്ണം: ഒരുവട്ടം കണ്ടിരിക്കാവുന്ന രസകരമായ നവയുഗ സിനിമയാണ് ഹാപ്പി വെഡിംഗ്.

കഥ, സംവിധാനം: ഒമർ
തിരക്കഥ, സംഭാഷണം: പ്രണീഷ് വിജയൻ, മനീഷ് കെ.സി.
നിർമ്മാണം: നാസിർ അലി
ചായാഗ്രഹണം: സിനു സിദ്ധാർഥ്
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
സംഗീതം: അരുണ്‍ മുരളീധരൻ
ഗാനരചന: ഹരിനാരായണൻ
വസ്ത്രാലങ്കാരം: പ്രസാദ് ആനക്കര
മേയിക്കപ്: അഭിലാഷ് വലിയകുന്ന്
നൃത്തസംവിധാനം: ശ്രീജിത്ത്‌ പി.
വിതരണം: ഇറോസ് ഇന്റർനാഷണൽ.

മുദ്ദുഗൗ – ⭐⭐

image

യുക്തിയില്ലാ ചുംബനകഥ! – ⭐⭐

മലയാള സിനിമ പ്രേക്ഷകർ മറക്കാനിടയില്ലാത്ത ഒന്നാണ് മുദ്ദുഗൗ. 1994ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏക്കാലത്തെയും മികച്ച മലയാള സിനിമകളിൽ ഒന്നായ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാർതുമ്പി മാണിക്യനെ കളിപ്പിക്കുന്നതിനു വേണ്ടിയും അവളുടെ ഇഷ്ടം തുറന്നു പറയുവാൻ വേണ്ടിയും ചോദിക്കുന്ന ഒന്നാണ് മുദ്ദുഗൗ അഥവാ ചുംബനം. സന്തോഷകരമായ വേളകളിൽ ചിലർ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരെ ആലിംഗനം ചെയ്തും ചുംബിച്ചുമാണ്‌. എന്നാൽ, അത്തരത്തിലുള്ള ഒരു സ്വഭാവം സ്ഥിരമായി ഒരാളുടെ ദിനചര്യകളിൽ ഒന്നായി മാറിയാലുള്ള അവസ്ഥയെപറ്റി ചിന്തിച്ചിട്ടുണ്ടോ?

അമ്മയുടെ അമിത ലാളനയിലും വാത്സല്യത്തിലും വളർന്ന ഭരത് തനിക്കു സന്തോഷം വന്നാലുടനെ ചുറ്റുമുള്ള ആരെയെങ്കിലും ചുംബിക്കും. ഭരതിന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു സന്ദർഭത്തിൽ അവൻ തോട്ടടത് നിന്നിരുന്ന അധോലോക സംഘത്തലവനായ റാമ്പോയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. അതോടെ അയാളുടെ ജീവിതത്തിലും ഭരതിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഭരതായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും റാമ്പോയായി വിജയ്‌ ബാബുവും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
രസകരമായ ഒരു പ്രമേയമാണ് വിപിൻ ദാസിന്റെ മുദ്ദുഗൗ. ഒരാൾ അയാളുടെ ഏറ്റവും സന്തോഷകരമായ സന്ദർഭത്തിൽ അപരിചിതനായ മറ്റൊരാളെ ചുംബിക്കുന്നു. അതോടെ ഇരുവരുടെയും ജീവിതങ്ങൾ വേറൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. അവരെ ചുറ്റിപറ്റിയുള്ളവരുടെയും ജീവിതത്തെ ബാധിക്കുന്നു. ഈ കഥാതന്തു വികസിപ്പിച്ചു പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് വിപിൻ ദാസ് മുദ്ദുഗൗവിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐
പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരെ കൂട്ടമണി എന്നീ സിനിമകളുടെ തുടക്കത്തിൽ “യുക്തി വീട്ടിൽ ഉപേക്ഷിച്ചു സിനിമ കാണുക”എന്നെഴുതിയിട്ട് പോലും ഫ്രൈഡേ ഫിലിംസിന് ന്യൂനപക്ഷത്തെ മാത്രം സംതൃപ്തിപെടുത്തുവാനെ സാധിച്ചുള്ളൂ. ആ ന്യൂനപക്ഷത്തിൽ ഉൾപ്പെടുന്ന ഒരാളായിരുന്നു വിപിൻ ദാസ് എന്ന് തോന്നുന്നു. യുക്തിയില്ലാത്തതും കൃത്രിമത്വം നിറഞ്ഞതുമായ കഥാസന്ദർഭങ്ങൾ സംഭാഷണങ്ങൾ എന്നിവ കുത്തിനിറച്ച തിരക്കഥയാണ് വിപിൻ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയത്. ഭരതിന്റെ പ്രണയം ഒരു വശത്തും റാംമ്പോയും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ മറുവശത്തും കാണിച്ചുകൊണ്ടുള്ള കഥാഗതി അൽഫോൻസ്‌ പുത്രൻ-നിവിൻ പോളി ടീമിന്റെ നേരം എന്ന സിനിമയെ ഓർമ്മപെടുത്തുന്നു. ഇന്ദ്രൻസും സൗബിനും ഹരീഷും അബു സലീമും സുനിൽ സുഖദയും മണ്ടന്മാരായ ഗുണ്ടകളും ഹാസ്യം കൈകാര്യം ചെയ്തിരിക്കുന്ന രീതി മികച്ചതായതുകൊണ്ട് മുദ്ദുഗൗ ഒരുവട്ടം കണ്ടുമറക്കാവുന്ന സിനിമയായി ചിലർക്കെങ്കിലും തോന്നിയേക്കാം. നല്ലൊരു സിനിമയുടെ നട്ടെല്ല് അന്നും ഇന്നും എന്നും തിരക്കഥ തന്നെയെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

സംവിധാനം: ⭐⭐
ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പുതുമുഖ സംവിധായകരിൽ ഏറ്റവും ഒടുവിലത്തെയാളാണ് വിപിൻ ദാസ്. സ്വന്തം തിരക്കഥ സിനിമയാക്കുമ്പോൾ സംവിധായകന്റെ ജോലി എളുപ്പമാകും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, സ്വന്തം തിരക്കഥ പാളിപ്പോയ അവസ്ഥയിലാകുമ്പോൾ ഒരു പുതുമുഖ സംവിധായകന് ഒന്നും ചെയ്യാനാകില്ല. തമാശ സിനിമയ്ക്ക് യുക്തി വേണ്ട എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞു തടിതപ്പാമെങ്കിലും, നല്ലൊരു സിനിമയുണ്ടാക്കി പ്രേക്ഷകരെ രസിപ്പിക്കാനയില്ല എന്നത് എന്നും ഒരു ഭാരമായി വിപിൻ ദാസിനോടൊപ്പം ഉണ്ടാകും. സിനിമയിലുടനീളം ഡബ്ബിംഗ് ചെയ്തിരിക്കുന്ന രീതിയിൽ പ്രശ്നങ്ങൾ കണ്ടിരുന്നു എന്നതും സംവിധാനപിഴവ് മൂലമാണ്. മറ്റൊരു നല്ല അവസരത്തിനായി വിപിൻ ഇനിയും കാത്തിരിക്കേണ്ടിവരും.

സാങ്കേതികം: ⭐⭐⭐
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആദ്യമായി ഈണമിട്ട “ദേവദൂതർ പാടി”(ഭരതൻ-മമ്മൂട്ടി കൂട്ടുകെട്ടിലെ അത്യുഗ്രൻ സിനിമ കാതോട് കാതോരം)എന്ന ഗാനത്തിന്റെ റീമിക്സ് സിനിമയിലുടനീളം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചുക്കൊണ്ട് രാഹുൽ രാജ് ഈ സിനിമയ്ക്ക് ചടുലത നൽക്കിയിട്ടുണ്ട്. അവിയൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ കുഗൻ എസ്. പളനി ആദ്യമായി മലയാളത്തിൽ ചായാഗ്രഹണം നിർവഹിക്കുന്ന മുദ്ദുഗൗ അദ്ദേഹത്തിന് ഒരു വലിയ നേട്ടം സമ്മാനിക്കുമെന്ന് തോന്നുന്നു. ചടുലതയുള്ള കളർഫുൾ ദ്രിശ്യങ്ങൾ ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ലിജോ പോളിന്റെ ചിത്രസന്നിവേശവും മികവു പുലർത്തി. നായികയും നായകനും പ്രണയരംഗങ്ങളിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരുന്നത് അവിശ്വസനീയമായി അനുഭവപെട്ടു. റോണക്സ്‌ സേവ്യറിന്റെ മേയിക്കപ്പ് മോശമായില്ല. ത്യാഗു തവന്നൂർ ഒരുക്കിയ അധോലോക ഗുണ്ടകളുടെ താവളം പഴഞ്ചൻ ശൈലിയിലായത് ബോറൻ രീതിയായി തോന്നി. മനു മഞ്ജിത്ത്-രാഹുൽ രാജ് ടീം ഒരുക്കിയ പാട്ടുകൾ സിനിമയുടെ സ്വഭാവത്തിന് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
ഗോകുൽ സുരേഷ് ആദ്യ സിനിമയിൽ തന്നെ തനിക്കു ലഭിച്ച കഥാപാത്രത്തോട് നൂറു ശതമാനം നീതിപുലർത്തി. സുരേഷ് ഗോപിയുടെ ചലനങ്ങളും ശബ്ദവും അഭിനയ രീതിയും അതേപടി വീണ്ടും സിനിമയിൽ കണ്ടതുപോലെ പ്രേക്ഷകർക്ക്‌ അനുഭവപെട്ടു. നടൻ വിജയകുമാറിന്റെ മകൾ അർത്ഥനയുടെയും ആദ്യ സിനിമയാണ് മുദ്ദുഗൗ. അർത്ഥനയും ആദ്യ സിനിമ എന്ന് തോന്നിപ്പിക്കാത്ത രീതിയിൽ അഭിനയിച്ചു. റാംമ്പോ എന്ന അധോലോക നായകനെ വിജയ്‌ ബാബു സ്ഥിരം ശൈലിയിൽ അവതരിപ്പിച്ചു. പ്രേക്ഷരുടെ കയ്യടിനേടിയ താരങ്ങൾ സൗബിൻ ഷാഹിറും ഹരീഷ് പെരുമണ്ണയുമാണ്. കൊച്ചി-കോഴിക്കോട് ഭാഷ സംസാരിച്ചുകൊണ്ട് ഇരുവരും സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. ക്ലൈമാക്സിലെ രംഗങ്ങളിൽ ഒരു സംഭാഷണം പോലുമില്ലാതെ തന്നെ സൗബിനും ഹരീഷും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരെ കൂടാതെ ബൈജു, സുനിൽ സുഖദ, അബു സലിം, ഇന്ദ്രൻസ്, പ്രേംകുമാർ, അരുണ്‍, സന്തോഷ്‌ കീഴാറ്റൂർ, അനിൽ മുരളി, ആനന്ദ്, നീന കുറുപ്പ് എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങൾ കോർത്തിണക്കിയ മുദ്ദുഗൗ കയ്പ്പേറിയ സിനിമാനുഭവമാകുന്നു.

രചന, സംവിധാനം: വിപിൻ ദാസ്
നിർമ്മാണം: വിജയ്‌ ബാബു & സാന്ദ്ര തോമസ്‌
ബാനർ: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: കുഗൻ എസ്. പളനി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: രാഹുൽ രാജ്
ഗാനരചന: മനു മഞ്ജിത്ത്
കലാസംവിധാനം: ത്യാഗു തവന്നൂർ
മേയിക്കപ്പ്: റോണക്സ് സേവ്യർ
വിതരണം: കാർണിവൽ മോഷൻ പിക്ക്ചേഴ്സ്.

ഹലോ നമസ്തേ – ⭐⭐

image

സൗഹൃദത്തിന്റെ രസക്കാഴ്ച! ⭐⭐

ആത്മാർത്ഥ സുഹൃത്തുക്കളായ മാധവും ജെറിയും എഫ് എം റേഡിയോ ജോക്കികളാണ്. ഹലോ നമസ്തേ എന്ന ജനപ്രിയ പരിപാടിയുടെ അവതാരകരാണ് ഇരുവരും. മാധവിന്റെ ഭാര്യ പ്രിയയും ജെറിയുടെ ഭാര്യ അന്നയും സുഹൃത്തുക്കളാകുന്നു. ഈ നാൽവർ സംഘം സന്തോഷകരമായ ജീവിതം നയിക്കുന്നു. ഈ രണ്ടു കുടുംബങ്ങളും പുതിയ ഒരു വില്ലയിലേക്ക് അടുത്തടുത്ത വീടുകളിലായി താമസം മാറുന്നു. ഇരു വീടുകളുടെയും നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പ്ലാവും അതിൽ കായ്ക്കുന്ന ചക്കയും ഈ രണ്ടു കുടുംബങ്ങളുടെ സന്തോഷമില്ലാതാക്കുന്നു. എന്താണ് അവരുടെ സൗഹൃദത്തിൽ സംഭവിച്ചത് എന്നതാണ് ഈ സിനിമയുടെ കഥ. മാധവായി വിനയ് ഫോർട്ടും, പ്രിയയായി ഭാവനയും, ജെറിയായി സഞ്ജു ശിവറാമും, അന്നയായി മിയയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
പ്രേം നസീർനെയും നെടുമുടി വേണുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത അയൽവാസി ഒരു ദരിദ്രവാസി എന്ന സിനിമയുടെ പ്രമേയവുമായി താരതമ്യം ചെയ്യാവുന്ന സിനിമയാണ് ഹലോ നമസ്തേ. ഉറ്റ ചങ്ങാതിമാർ ഒരു ചെറിയ പ്രശ്നത്തെ തുടർന്ന് കുടുംബ വഴക്കിൽ ചെന്നെത്തുകയും അത് നാട്ടുകാരുടെ കൂടെ പ്രശ്നമാവുകയും ചെയ്യുന്നതാണ് ഈ സിനിമയുടെയും പ്രമേയം. ആ പ്രമേയത്തോട് നീതിപുലർത്തുന്ന രസകരമായൊരു കഥയുമുണ്ട് ഈ സിനിമയിൽ.

തിരക്കഥ: ⭐⭐
കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കഥയെഴുതി നിരവധി ഹിറ്റുകൾ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. ഒരു പ്ലാവും ചക്കയും രണ്ടു വീടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഉണ്ടായ പ്രശ്നം രസകരമായ കഥാസന്ദർഭങ്ങളിലൂടെ നർമ്മ സംഭാഷണങ്ങളിലൂടെ തിരക്കഥയിലാക്കുവാൻ കൃഷ്ണ പൂജപ്പുരയ്ക്ക് സാധിച്ചു. ഒരു തമാശ സിനിമയിൽ യുക്തിക്ക് പ്രസക്തിയില്ല എന്ന മുട്ടപോക്ക് ന്യായം പറയുന്ന സംവിധായകരും തിരക്കഥ രചയ്താക്കൾക്ക് ഒരു മറുപടിയാണ് യുക്തിയുള്ള തമാശ സിനിമ. ആദ്യപകുതിയിൽ മാധവും ജെറിയും തമ്മിലുള്ള സൗഹൃദംകാണിക്കുന്ന രംഗങ്ങളും, ഭാര്യ-ഭർതൃ ബന്ധത്തിലെ സ്നേഹം കാണിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും മികവു പുലർത്തി. രണ്ടാം പകുതിയിൽ ചക്കമൂലമുണ്ടാകുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും സന്തോഷകരമായ ക്ലൈമാക്സും യുക്തിയോടെ തന്നെ എഴുതുവാൻ കൃഷ്ണ പൂജപ്പുരക്ക് സാധിച്ചു.

സംവിധാനം: ⭐⭐
നവാഗതനായ ജയൻ കെ. നായർ സംവിധാനം നിർവഹിച്ച ഹലോ നമസ്തേ രസകരമായ അവതരണത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. നർമ്മ മുഹൂർത്തങ്ങളും സംഭാഷണങ്ങളും കളർഫുൾ അവതരണവും, നല്ല അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അങ്ങനെ എല്ലാം ചേർന്നപ്പോൾ ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയായി ഹലോ നമസ്തേ. കുറേക്കൂടി പരച്ചയസമ്പത്തുള്ള സംവിധായകനായിരുന്നുവെങ്കിൽ പാട്ടുകളുടെ ചിത്രീകരണവും, രണ്ടാം പകുതിയിലെ ചക്കയും പ്ലാവും കാരണമുണ്ടാകുന്ന വഴക്കുകൾക്കൂടി രസകരമാക്കമായിരുന്നു.

സാങ്കേതികം: ⭐⭐⭐
പി. സുകുമാർ നിർവഹിച്ച ചായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതൽക്കൂട്ടാണ്. കളർഫുൾ വിഷ്വൽസും അതിനു അനിയോജ്യമായ പശ്ചാത്തല സംഗീതവും രസകരമായൊരു സിനിമയുണ്ടാക്കാൻ സംവിധായകനെ സഹായിച്ചു. അയൂബ് ഖാൻ കോർത്തിണക്കിയ രംഗങ്ങൾ ചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കി. പാട്ടുകൾ രണ്ടും ശരാശരി നിലവാരം പുലർത്തുന്നു. മസാല കോഫി ബാൻഡ് സംഗീതം നിർവഹിച്ച പാട്ട് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. സിജി തോമസിന്റെ വസ്ത്രാലങ്കാരവും റഹിം കൊടുങ്ങല്ലൂരിന്റെ മേക്കപ്പും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
വിനയ് ഫോർട്ട്‌, സഞ്ജു ശിവറാം, മുകേഷ്, ഭാവന, മിയ, ജോജു ജോർജ്, സൗബിൻ ഷാഹിർ, അജു വർഗീസ്‌, പി. ബാലചന്ദ്രൻ, നെൽസൺ, കോട്ടയം പ്രദീപ്‌, മുത്തുമണി, കെ.പി.എ.സി.ലളിത എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. എല്ലാ സിനിമകളിലും നമ്മളെ ചിരിപ്പിക്കുന്നത് പോലെ സൗബിൻ തകർപ്പൻ പ്രകടനം കാഴ്ച്ചവെചിരിക്കുന്നു. സഞ്ജു ശിവറാം മലയാള നായക നിരയിലേക്ക് എത്തുവാൻ കഴിവുള്ള നടനാണെന്ന് തെളിയിച്ചിരിക്കുന്നു. മറ്റൊരു മികച്ച അഭിനയത്തിലൂടെ വിനയ് ഫോർട്ട്‌ വീണ്ടും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ഭാവനയും മിയും തങ്ങളുടെ വേഷം മികവുറ്റതാക്കി. മുകേഷും അജു വർഗീസും ജോജു ജോർജും പി. ബാലചന്ദ്രനും മുത്തുമണിയും നെൽസണും രസകരമായി അവരവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചു.

വാൽക്കഷ്ണം: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാം ഈ ചക്ക കഥ!

സംവിധാനം: ജയൻ കെ. നായർ
രചന: കൃഷ്ണ പൂജപ്പുര
നിർമ്മാണം: ഡോക്ടർ ഫ്രീമു
ചായാഗ്രഹണം: പി. സുകുമാർ
ചിത്രസന്നിവേശം: അയൂബ് ഖാൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ഗാനരചന: കൈതപ്രം, അനിൽ പനച്ചൂരാൻ
സംഗീതം: ദീപാങ്കുരൻ, മസാല കോഫീ
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ
വസ്ത്രാലങ്കാരം: സിജി തോമസ് നോബിൾ
വിതരണം: മുരളി ഫിലിംസ്

മഹേഷിന്റെ പ്രതികാരം -⭐⭐⭐

Maheshinte Prathikaaram

ചിരി പടര്‍ത്തിയ പ്രതികാര കഥ! ⭐⭐⭐

പ്രകാശ് എന്ന കൊച്ചു ഗ്രാമത്തിലെ ഏക വിഡിയോഗ്രാഫറാണ് മഹേഷ്‌. ആ ഗ്രാമത്തിലെ ഒരേയൊരു സ്റ്റുഡിയോ ആണ് ഭാവന സ്റ്റുഡിയോ.  കല്യാണമായാലും മരണമായാലും ആ ഗ്രാമനിവാസികള്‍ ഫോട്ടോ എടുക്കുവാനും വീഡിയോ എടുക്കുവാനും മഹേഷിനെയാണ് വിളിക്കുന്നത്. നാട്ടുകാരുടെയെല്ലാം പ്രിയപെട്ടവനായ മഹേഷ്‌ അയാളുടെ സഹപാടിയായിരുന്ന സൗമ്യയുമായി പ്രണയത്തിലായിരുന്നു. വിദേശത്തു നേഴ്സ് ആയി ജോലി ചെയ്തുവരുന്ന സൗമ്യ അവളുടെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ മറ്റൊരു വിവാഹത്തിന് സമ്മതിക്കേണ്ടിവരുന്നു. അങ്ങനെ മഹേഷിനെ വഞ്ചിക്കുന്നു.

ആ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരു മരണം സംഭവിക്കുകയും അവിടെ വന്നെത്തിയ നാട്ടുകാരില്‍ ചിലര്‍ ഒരു പ്രശ്നത്തെ കുറിച്ച് ചര്‍ച്ചചെയ്യുകയും അത് വഴക്കില്‍ ചെന്നെത്തുകയും ചെയ്യുന്നു. തുടരന്നും ആ പ്രശ്നത്തെത്തിന്റെ ബാക്കിയായി വേറൊരു പ്രശ്നമുണ്ടാകുകയും, രണ്ടാമത് നടന്ന പ്രശ്നം കാരണം മൂന്നാമത് മറ്റൊരു പ്രശ്നമുണ്ടാകുകയും, അവസാനം അത് ചെന്നെത്തുന്നത് മഹേഷും ജിംസണ്‍ എന്നായാളും തമ്മിലുള്ള സംഘട്ടനത്തിലാണ്. നാട്ടുകാരുടെ മുമ്പില്‍ മഹേഷിനെ നാണംകെടുത്തുന്ന വിധം മര്‍ദ്ദിക്കുന്നു. അങ്ങനെ മഹേഷിനെ അപമാനിക്കുന്നു. 

ഈ രണ്ടു പ്രശ്നങ്ങളില്‍ ആരോടാണ് മഹേഷിന്റെ പ്രതികാരം? അതിനെത് വഴിയാണ് മഹേഷ്‌ സ്വീകരിക്കുന്നത്? എന്നതാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്‌. സംവിധായകന്‍ ആഷിക് അബു നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ മഹേഷായി ഫഹദ് ഫാസിലും, സൗമ്യയായി അനുശ്രീ നായരും, ജിംസണ്‍ ആയി ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ വന്ന സുജിത് ശങ്കറുമാണ് അഭിനയിച്ചിരിക്കുന്നത്. 

പ്രമേയം: ⭐⭐⭐
ഇടുക്കിയിലെ പ്രകാശന്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കുറെ സംഭവങ്ങളെ യുക്തിയോടെ കോര്‍ത്തിണക്കി കഥയുടെ രൂപത്തിലെത്തികുകയും അതിലൂടെ ചെറിയൊരു പ്രശ്നം വരുത്തിവെക്കാവുന്ന വലിയ പ്രശ്നങ്ങളും എന്ന പ്രമേയം ചര്‍ച്ചചെയ്യപെടുകയും ചെയ്യുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80കളുടെ അവസാനം ഇത്തരത്തിലുള്ള രസകരമായ സംഭവങ്ങള്‍ പ്രമേയമാക്കിയിട്ടുള്ള സിനിമകള്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ അന്നും ഇന്നും ആ സിനിമകളൊക്കെ രസത്തോടെ കണ്ടിരിക്കാറുണ്ട്. രഘുനാഥ് പലേരിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പൊന്മുട്ടയിടുന്ന താറാവും, രഞ്ജിത്ത്-കമല്‍ ടീമിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങളും, രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയും പോലുള്ള സിനിമകള്‍ ഇതിനുദാഹരണം. 

തിരക്കഥ: ⭐⭐⭐⭐
ആഷിക്അബു സിനിമകളുടെ അഭിവാജ്യ ഘടകമായ എഴുത്തുകാരന്‍ ശ്യാം പുഷ്ക്കരനാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ഒരു മരണ വീട്ടില്‍ നിന്ന് രണ്ടു വ്യക്തികള്‍ തമ്മില്‍ ആരംഭിക്കുന്ന വഴക്ക് ആ ഗ്രാമത്തിലെ ഒരുപിടി ജനങ്ങളെ മുഴുവന്‍ എത്തരത്തില്‍ ബാധിക്കുന്നു എന്നത് രസകരമായും വിശ്വസനീയതയോടെയും കഥാസന്ദര്ഭങ്ങളിലൂടെ കോര്‍ത്തിണക്കിയിരിക്കുന്നു. ഗ്രാമത്തിലെ അന്തേവാസികളുടെ ജീവിതം ഇത്രെയും മനോഹരമായി വികീഷിക്കുന്നയാളാണ് ശ്യാം പുഷ്ക്കരന്‍ എന്ന് മഹേഷിന്റെ പ്രതികാരം സിനിമ കണ്ടാല്‍ മനസ്സിലാകും. ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഓരോ വ്യക്തികളുടെയും സംഭാഷണങ്ങളും ഇടുക്കിക്കാര്‍ സംസാരിക്കുന്ന ശൈലിയില്‍ കൃത്യമായി എഴുതിയിരിക്കുന്നു എന്നത് പ്രശംസനീയം തന്നെ. തിരക്കഥയില്‍ അനാവശ്യമായ കുത്തിനിറച്ച ഹാസ്യ രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ തന്നെ ശുദ്ദമായ ഹാസ്യം എഴുതി പ്രേക്ഷരെ രണ്ടു മണിക്കൂര്‍ രസിപ്പിക്കുവാന്‍ ശ്യാം പുഷ്കരന് സാധിച്ചു. അഭിനന്ദനങ്ങള്‍!

സംവിധാനം: ⭐⭐⭐
ആഷിക് അബുവിന്റെ സംവിധാന സഹായിയായിരുന്ന ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയാണെന്ന് മഹേഷിന്റെ പ്രതികാരം കണ്ട ഒരൊറ്റ പ്രേക്ഷന്‍ പോലും വിലയിരുത്തില്ല. അത്രയ്ക്ക് സൂക്ഷ്മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയില്‍ ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നു. യുക്തിക്ക് നിരക്കാത്ത ഒരൊറ്റ സന്ദര്‍ഭം പോലും ഈ സിനിമയിലില്ല. മരണ വീട്ടിലെ പ്രണയം അതിമനോഹരമായി പാട്ടിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചു വിജയിപ്പിക്കുക എന്നത് സംവിധായകന്റെ കഴിവ് തന്നെ. ആ രംഗത്തെ കുറിച്ചധികം ഇവിടെ പരാമര്‍ശിച്ചു രസം കളയുന്നില്ല. ഫഹദിന്റെ അച്ഛന്റെ വേഷം അഭിനയിച്ച നടന്‍, ബേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയാര്‍, പുതുമുഖ നായിക അപര്‍ണ്ണ ബാലമുരളി, ലിജോമോള്‍ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളെ നല്ല രീതിയില്‍ അഭിനയിപ്പിച്ചു കഥാപാത്രമായി മാറ്റുവാനും ദിലീഷിനു സാധിച്ചു. ഇത്തരത്തിലുള്ള ഹാസ്യ സിനിമകളാണ് ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്‌.

സാങ്കേതികം: ⭐⭐⭐
ഇടുക്കിയുടെ സൗന്ദര്യം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയത് ഷൈജു ഖാലിദാണ്. സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും അനിവാര്യമായതെല്ലാം ഒപ്പിയെടുത്തു വിശ്വസനീയമായി ഓരോ രംഗവും ചിത്രീകരിക്കുവാന്‍ ഷൈജുവിനു സാധിച്ചു. മഹേഷും ജിംസണും തമിലുള്ള സംഘട്ടന രംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു. അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ രംഗങ്ങള്‍ കോര്‍ത്തിണക്കി 2 മണിക്കൂറിനുള്ളില്‍ സിനിമയുടെ കഥ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സൈജു ശ്രീധരന് സാധിച്ചു. ബിജിബാല്‍ ഈണമിട്ട മികച്ച ഗാനങ്ങളുണ്ട് ഈ സിനിമയില്‍. ബിജിബാല്‍ തന്നെ ആലപിച്ച ഇടുക്കിയെ വര്‍ണ്ണിച്ചുകൊണ്ടുള്ള പാട്ടും, വിജയ്‌ യേശുദാസ് പാടിയ മൌനങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. റഫീക്ക് അഹമ്മദാണ് ഗാനരചന. അജയന്‍ ചാലിശ്ശേരി ഒരുക്കിയ സെറ്റുകളും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ഒരൊറ്റ കഥാപാത്രത്തിന് പോലും മേക്കപ്പ് ഇട്ടിട്ടില്ല എന്ന തോന്നല്‍ ഉളവാക്കും വിധം മനോഹരമായിരുന്നു റോണക്സ്‌ സേവ്യര്‍ നിര്‍വഹിച്ച മേക്കപ്പ്. ഡാന്‍ജോസാണ് ശബ്ദമിശ്രണം.

അഭിനയം: ⭐⭐⭐⭐
ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, അലന്‍സിയാര്‍ ലേ, അനുശ്രീ നായര്‍, അപര്‍ണ്ണ ബാലമുരളി, ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, സുജിത് ശങ്കര്‍, സൈജു അഗസ്റ്റിന്‍, ലിജോമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം ഫഹദ് ഫാസിലിനു ലഭിച്ച അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ മഹേഷ്‌. ഓരോ ചലനങ്ങളും സൂക്ഷമാതയോടെ അച്ചടക്കത്തോടെ അഭിനയിച്ചിരിക്കുന്നു ഫഹദ്. പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ നഷ്ടപെട്ട വേദന ഉള്ളിലൊതുക്കി അവളെ വിവാഹ വേഷത്തില്‍ ഒരു നോക്ക് കാണുവാന്‍ പോവുകയും, കണ്ടതിനു ശേഷം ബൈക്കിലിരുന്നു അവളെ നോക്കി ചിരിക്കുകയും ചെയ്യുന്ന മഹേഷിനെ കയ്യടിയോടെയാണ് പ്രേക്ഷകര്‍ അഭിനന്ദിച്ചത്. അതുപോലെ ബസ്സില്‍ തന്റെ പുതിയ പ്രണയത്തെ കണ്ടെത്തി എന്ന് മനസ്സിലാക്കിയ മഹേഷ്‌ നാണത്തോടെ പടികള്‍ കയറി പോകുന്ന രംഗവും അത്യുഗ്രന്‍ അഭിനയമാണ് സാക്ഷ്യം വഹിച്ചത്. മഹേഷിന്റെ സന്തത സഹചാരിയായ ബേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയാറും, ക്രിസ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിനും, ജിംസിയായി അഭിനയിച്ച അപര്‍ണ്ണ ബാലമുരളിയും, ഫഹദിന്റെ അച്ഛന്റെ റോളില്‍ അഭിനയിച്ച നടനും തന്മയത്തത്വോടെ കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!

വാല്‍ക്കഷ്ണം: ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന മഹേഷിന്റെ നര്‍മ്മവും പ്രണയവും പ്രതികാരവും! 

സംവിധാനം: ദിലീഷ് പോത്തന്‍
രചന: ശ്യാം പുഷ്ക്കരന്‍
നിര്‍മ്മാണം: ആഷിക് അബു
ചായാഗ്രഹണം: ഷൈജു ഖാലിദ്
ചിത്രസന്നിവേശം: സൈജു ശ്രീധരന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
മേക്കപ്പ്: റൊണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വിതരണം: ഓ.പി.എം. ഡ്രീം മില്‍