വൈറ്റ് – ⭐

രണ്ടര മണിക്കൂർ ലണ്ടൻ സഫാരി – ⭐

വെള്ളക്കാരുടെ നാടാണല്ലോ ലണ്ടൻ. പിന്നെ, പരിശുദ്ധിയുടെ നിറമാണല്ലോ വെള്ള. അതുകൂടാതെ നമ്മുടെയൊക്കെ ജീവിതം വെള്ളനിറമുള്ള ബ്ലാങ്ക് പേപ്പറുമാണ്. അതിലുപരി നായികയായ ഹുമ ഖുറേഷി വെളുത്ത നിറമുള്ള സുന്ദരിയാണ്. ഇതിനൊക്കെ പുറമേ വെളുത്ത വർഗക്കാർ ഈ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. മേല്പറഞ്ഞ സവിശേഷതകൾ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു ഉദയ് അനന്തൻ ഈ സിനിമയ്ക്ക് വൈറ്റ് എന്ന നാമകരണം ചെയ്തത്.

സിനിമയായും മെഗാ സീരിയലായും ടീ വിയിൽ സംപ്രേഷണം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഉദയ് അനന്തൻ വൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. വൈറ്റിനു വേണ്ടി എന്റർറ്റെയിന്മെന്റ് ചാനലുകളും യാത്രാവിവരണ ചാനലായ സഫാരിയും തമ്മിൽ കടുത്ത മത്സരത്തിലാണ്. വൈറ്റിന്റെ ടീ വി സംപ്രേഷണ അവകാശം സഫാരി ചാനലിനു ലഭിച്ചാൽ ഒരു 100 എപ്പിസോഡിനു സാധ്യതയുണ്ട്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഉദയ് അനന്തൻ സംവിധാനം നിർവഹിച്ച വൈറ്റ്
നിർമ്മിച്ചിരിക്കുന്നത് ആർ.വി.ഫിലിംസും ഇറോസ് ഇന്റെർനാഷണലും ചേർന്നാണ്.

പ്രമേയം:⭐
രണ്ടു പ്രായത്തിലുള്ള വ്യക്തികളാണ് പ്രകാശ്‌ റോയിയും റോഷ്ണിയും. അവിചാരിതമായി കണ്ടുമുട്ടുന്ന ഇരുവരുടെയും പരിചയം വളർന്നു സൗഹൃദവും, പിന്നീട് ഒരാൾക്ക് മറ്റൊരാളോട് പ്രണയമാവുകയും ചെയ്യുന്നു. അവർ പ്രണയസാഫല്യത്തിലെത്തുമോ? എന്നതാണ് ഈ സിനിമയുടെ കഥ. പ്രകാശ്‌ റോയ് വിവാഹിതനാണ് എന്നറിഞ്ഞുകൊണ്ടാണ് റോഷ്ണി അയാളെ പ്രണയിക്കുന്നത്. പക്ഷെ, പ്രകാശ് റോഷ്ണിയെ കണ്ടെത്തുന്നതും കൂടെകൂട്ടുന്നതും മറ്റൊരു കാരണത്താലാണ്. കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് വൈറ്റ് എന്ന സിനിമ എന്നത് മമ്മൂട്ടിയുടെ ആരാധകരെ നിരാശരാകുന്ന ഘടകങ്ങളിൽ ഒന്ന്.

തിരക്കഥ:⭐
പ്രവീണ്‍ ബാലകൃഷ്ണൻ, നന്ദിനി വത്സൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നാണ് വൈറ്റിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. കേട്ടുപഴകിയ പ്രണയകഥകളിൽ നമ്മൾ കണ്ടുവന്നിട്ടുള്ള കഥാസന്ദർഭങ്ങളും സാധാരണ പ്രേക്ഷകന് ദഹിക്കാത്ത സംഭാഷണങ്ങളും കൃത്യമായി സമന്വയിപ്പിച്ച തിരക്കഥയാണ് ഈ സിനിമയുടെത്. അതിനു മാറ്റുകൂട്ടുന്ന ക്ലൈമാക്സ് രംഗങ്ങളും കൂടെ ചേർന്നപ്പോൾ സമ്പൂർണ്ണ ദുരന്തമായി വൈറ്റ് എന്ന സിനിമ. ഓരോ വ്യകതികളുടെ ജീവിതവും ഒരു ബ്ലാങ്ക് പേപ്പറുപോലെയാണ് എന്ന പ്രകാശ്‌ റോയ് പറയുന്ന സംഭാഷണവും, കഥാവസാനം ശങ്കർ രാമകൃഷ്ണൻ അവതരിപ്പിച്ച അൻവർ പറയുന്ന ഒരു സംഭാഷണവും മാത്രമാണ് മികച്ചതായി തോന്നിയത്. ഈ സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് വൈറ്റ്? ഉത്തരം ഉദയ് അനന്തന് മാത്രമറിയാം!

സംവിധാനം:⭐
ഓരോ കഥയും പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് അവതരിപ്പിക്കുക എന്നതാണ് യുക്തിയുള്ള സംവിധായകർ ചെയ്യേണ്ടത്. രണ്ടു മനസ്സുകൾ തമ്മിൽ പ്രണയം തോന്നണമെങ്കിൽ അതിനു പിന്നിൽ ശക്തമായ ഒരു കാരണമുണ്ടാകണം. അത്തരത്തിലുള്ള ഒരു കാരണം ഈ കഥയിലുണ്ടെങ്കിലും അവയൊന്നും പ്രേക്ഷകന് ഗ്രഹിക്കാൻ സാധിക്കാത്ത രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമ്പന്നമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ ദൃശ്യമികവുണ്ടായിരുന്നു എന്നതുകൊണ്ട്‌ ആ രംഗത്തിലൂടെ സംവിധായകൻ പറയാനുദ്ദേശിച്ച വിഷയം പ്രേക്ഷകരിലേക്കെത്തണമെന്നില്ല. എവിടെയൊക്കെയോ കണ്ടുമറന്നതൊക്കെ ആവർത്തിച്ച് കാണേണ്ടി വന്ന അവസ്ഥയായി പ്രേക്ഷകർക്ക്‌. കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്ത അഭിനേതാക്കളെ അന്വേഷിച്ചു കണ്ടെത്തുന്നതിൽ സംവിധായകനെ സഹായിച്ച ഒരുപറ്റം വിദേശികൾക്ക് പ്രത്യേക നന്ദി. രാഹുൽ രാജ് ഈണമിട്ട പാട്ടുകൾ മികച്ചതായിരുന്നുവെങ്കിലും അവയെല്ലാം അസ്ഥാനത്താണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ ചിത്രീകരിച്ച ക്ലൈമാക്സ് കൂടെ കണ്ടതോടെ കുട്ടികളും സ്ത്രീകളുമടക്കം ക്ഷമ നശിച്ചു തിയറ്ററിൽ നിന്നിറങ്ങിപോകുന്ന അവസ്ഥയിലായി സിനിമയുടെ ഗതി.

സാങ്കേതികം:⭐⭐⭐
ലണ്ടനിലെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത അമർജീത് സിംഗ് അഭിനന്ദനം അർഹിക്കുന്നു. ദ്രിശ്യമികവോടെ ചിത്രീകരിച്ച രംഗങ്ങൾ ഓരോന്നും പ്രേക്ഷകന് പുതുമയുള്ള അനുഭവമായിരുന്നു. പാട്ടുകളുടെ ചിത്രീകരണവും ലൊക്കേഷനുകളും അതിമനോഹരമായ കാഴ്ചയായിരുന്നു. മലയാള ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അന്യഭാഷ നടീനടന്മാരുടെ ക്ലോസ് അപ്പ് രംഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നത് മാത്രമാണ് അമർജീത്തിന്റെ ഛായാഗ്രഹണത്തിൽ പോരായ്മയായി തോന്നിയത്. അച്ചു വിജയനാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. വിദേശത്തു ചിത്രീകരിക്കുന്ന പ്രണയകഥകൾ പതിഞ്ഞ താളത്തിൽ മാത്രമേ അവതരിപ്പിക്കാനാവുകയുള്ളു എന്നൊരു നിയമം സിനിമയിലുണ്ടോ? കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെയും ക്ഷമ നശിക്കുന്നത്രയും പതുക്കെയാണ് ഈ സിനിമയിലെ രംഗങ്ങൾ. പ്രേക്ഷകർ ഉറങ്ങാതെയിരിക്കുവാൻ വേണ്ടിയാണ് രാഹുൽ രാജിന്റെ വക ശബ്ദകോലാഹലങ്ങൾ കൃത്യമായ ഇടവേളകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം പ്രണയ രംഗങ്ങളിൽ മികവു പുലർത്തി എന്നാൽ മറ്റു ചിലയിടത്തു അരോചകമായി തോന്നി. ശ്വേതാ മോഹൻ പാടിയ “ഒരു വേള” എന്ന പാട്ട് കഥാപശ്ചാത്തലത്തിനു യോജിക്കുന്ന ഒന്നായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട 3 പാട്ടുകളാണ് ഈ സിനിമയിലുള്ളത്. കരിഷ്മ ആചാര്യയുടെ വസ്ത്രാലങ്കാരം മികവു പുലർത്തി.

അഭിനയം:⭐⭐
പ്രണയകഥകൾ പ്രമേയമാക്കിയ വിരളം സിനിമകളിലെ നിത്യയൗവനം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ചിട്ടുള്ളു. പ്രകാശ് റോയ് എന്ന സമ്പന്നനായ വ്യക്തിയുടെ വേഷം മമ്മൂട്ടി തനതായ ശൈലിയിൽ സ്ഥിരം ഭാവാഭിനയങ്ങളിലൂടെ അവതരിപ്പിച്ചു. ഹിന്ദി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് വൈറ്റ്. മലയാള ഭാഷ സംസാരിക്കുവാൻ അറിയില്ലാത്ത നടിയായിരുന്നിട്ടും റോഷ്ണി എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തുവാൻ ഹുമ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും മമ്മൂട്ടിയും ഹുമയുമാണ് ഉള്ളത്. മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളായി സിദ്ദിക്കും ശങ്കർ രാമകൃഷ്ണനും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. കെ.പി.എ.സി. ലളിത, സോനാ നായർ, കലാഭവൻ അൻസാർ എന്നിവരും വിദേശികളായ അഭിനേതാക്കളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: സമ്പൂർണ്ണ നിരാശ നൽക്കുന്ന സിനിമയാണ് വൈറ്റ്.

സംവിധാനം: ഉദയ് അനന്തൻ
രചന: പ്രവീണ്‍ ബാലകൃഷ്ണൻ, നന്ദിനി വത്സൻ, ഉദയ് അനന്തൻ
നിർമ്മാണം: ജ്യോതി ദേശ്പാണ്ഡെ
ചായാഗ്രഹണം: അമർജീത് സിംഗ്
ചിത്രസന്നിവേശം: അച്ചു വിജയൻ
സംഗീതം: രാഹുൽ രാജ്
ഗാനരചന: റഫീക്ക് അഹമ്മദ്
കലാസംവിധാനം: പ്രദീപ്‌ എം.
വസ്ത്രാലങ്കാരം: കരിഷ്മ ആചാര്യ
ശബ്ദലേഖനം: രാജേഷ്‌ പി.എം.
വിതരണം: ഈറോസ് ഇന്റർനാഷണൽ.

കിസ്മത്ത് – ⭐

ഈ സിനിമയുടെ കിസ്മത്ത് പ്രേക്ഷകർ തീരുമാനിക്കട്ടെ! – ⭐

ഷാനവാസ് കെ.ബാവക്കുട്ടി പൊന്നാനി മുൻസിപ്പൽ കൗൺസിലറായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് കിസ്മത്ത് എന്ന സിനിമയായി പ്രേക്ഷകരുടെ മുൻപിലേക്കെത്തുന്നത്. 28 വയസ്സ് പ്രായമുള്ള ഒരു ദളിത് യുവതിയും 21 വയസ്സുള്ള ഒരു ഇസ്ലാം യുവാവും തമ്മിലുള്ള പ്രണയകഥയാണ് കിസ്മത്ത്. ഷാനവാസ് കെ. ബാവക്കുട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കിസ്മത്തിൽ ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് കമിതാക്കളുടെ വേഷത്തിൽ അഭിനയിക്കുന്നത്.

പട്ടം സിനിമയ്ക്ക് വേണ്ടി ഷൈലജയും കളക്ട്ടീവ് ഫേസ് വണിന്റെ ബാനറിൽ രാജിവ് രവിയും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന കിസ്മത്ത് വിതരണം ചെയ്തിരിക്കുന്നത് ലാൽ ജോസിന്റെ എൽ.ജെ.ഫിലിംസാണ്.

പ്രമേയം: ⭐
നഷ്ടപ്രണയം പ്രമേയമാക്കിയ അന്നയും റസൂലും, എന്ന് നിന്റെ മൊയ്‌ദീൻ എന്നിവ മലയാള സിനിമ പ്രേമികളുടെ മനസ്സിനെ സ്പർശിച്ച സിനിമകളാണ്. മേല്പറഞ്ഞ സിനിമകളുടെ കഥാതന്തു യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. അവയെല്ലാം വൻവിജയങ്ങളായപ്പോൾ കുറെ സംവിധായകരും എഴുത്തുകാരും അത്തരത്തിലുള്ള പ്രമേയങ്ങളുടെ പുറകെ അന്വേഷണം തുടങ്ങി. ഷാനവാസ് ബാവക്കുട്ടി എന്ന നവാഗത എഴുത്തുകാരൻ അവരിലൊരാളാണ്. അന്നയും റസൂലും എന്ന സിനിമയുടെ പ്രമേയവും കഥയും ഫോർട്ട്‌ കൊച്ചി പശ്ചാത്തലത്തിൽ നിന്നും പൊന്നാനിയിലേക്കു പറിച്ചുനട്ടു എന്നതല്ലാതെ എഴുത്തുകാരന്റെ കഴിവ് തെളിയിക്കുന്ന ഒന്നും ഈ സിനിമയുടെ പ്രമേയത്തിലോ കഥയിലോ ഇല്ല.നായക കഥാപാത്രമായ ഇർഫാന് നായികയായ അനിതയോട് തോന്നുന്നത് പ്രേമമാണോ അതോ കാമമാണോ എന്നുവരെ സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന് സംശയം തോന്നുന്ന രീതിയിലാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐
അന്നയും റസൂലും മലയാളത്തിലെ നല്ല പ്രണയ ചിത്രങ്ങളിൽ ഒന്നായി മാറിയത് ഫഹദ് ഫാസിലിന്റെ താരമൂല്യമോ രാജീവ്‌ രവിയുടെ സംവിധാനമികവോ കൊണ്ടല്ല. അതുപോലെ പ്രിഥ്വിരാജിന്റെ പൗരുഷമോ പാർവതിയുടെ സൗന്ദര്യമോ അല്ല എന്ന് നിന്റെ മൊയ്‌ദീൻ മലയാളത്തിലെ ഏറ്റവും മികച്ച നഷ്ടപ്രണയകഥയായി മാറിയത്. കഥയോടും പ്രമേയത്തോടും നീതിപുലർത്തുന്നതും യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതുമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും ഉള്ളതുകൊണ്ടാണ്. കഥയുമായി ബന്ധമില്ലായെങ്കിലും കഥ നടക്കുന്ന പശ്ചാത്തലത്തിൽ നടന്നേക്കാവുന്ന കുറെ രംഗങ്ങൾ കുത്തിനിറച്ചതുകൊണ്ടു അവയൊന്നും നല്ല തിരക്കഥകൾ ആകണമെന്നില്ല. കാരണം, പ്രധാന കഥയുമായി ബന്ധമില്ലാത്ത രംഗങ്ങൾ സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും ചെയ്യുന്നില്ല. രണ്ടു മതത്തിൽ വിശ്വസിക്കുന്ന വ്യക്തികൾ പ്രണയിക്കുമ്പോൾ, അവരുടെ സ്നേഹത്തേക്കാൾ മതത്തിനു പ്രാധാന്യം നൽക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്നും ജീവിക്കുന്നത് എന്ന സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കുവാനാണ് ഷാനവാസ് കെ. ബാവക്കുട്ടി ശ്രമിച്ചത്. മലയാള സിനിമയിൽ കാലാകാലങ്ങളായി ചർച്ച ചെയ്ത മടുത്ത പഴഞ്ചൻ കഥാസന്ദർഭങ്ങളുടെ പുതിയ രീതി എന്നല്ലാതെ മറ്റൊന്നും ഈ തിരക്കഥയെ വിശേഷിപ്പിക്കാനാവില്ല.

സംവിധാനം: ⭐⭐
പതിഞ്ഞ താളത്തിൽ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന എല്ലാ സിനിമകളും ക്ലാസ്സ്‌ എന്ന വിശേഷണം ലഭിക്കുവാൻ സാധ്യതയുള്ളതുകൊണ്ടാണോ ഈ സിനിമയും മേല്പറഞ്ഞ രീതി സ്വീകരിച്ചത്? കഴമ്പില്ലാത്ത രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായി അവതരിപ്പിച്ചാലും അതുകണ്ടു ആശ്ചര്യപെടുന്ന വിഡ്ഢികളല്ല മലയാളികൾ എന്ന് സംവിധായകൻ മനസ്സിലാക്കേണ്ടതുണ്ട്. ഷാനവാസ് കെ. ബാവകുട്ടയിൽ കഴിവുള്ള ഒരു എഴുത്തുകാരനും സംവിധായകനുമുണ്ട്. അന്നയും റസൂലും എന്ന സിനിമ പോലൊരു സിനിമയെടുക്കുവാൻ ശ്രമിച്ചതിന് പകരം പുതുമയുള്ള ഒരു വിഷയം കണ്ടെത്തി അവതരിപ്പിച്ചിരുന്നുവെങ്കിൽ മറ്റൊരു രാജീവ്‌ രവിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് ഷാനവാസ് കെ. ബാവകുട്ടി എന്ന് എത്രയും വേഗം സ്വയം തിരിച്ചറിയട്ടെ എന്ന് ആശംസിക്കുന്നു.

സാങ്കേതികം: ⭐⭐
കിസ്മത്ത് എന്ന സിനിമയെ ചിലരെങ്കിലും ഇഷ്ടപെടുന്നുവെങ്കിൽ അതിനു കാരണം സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. കമിതാക്കളുടെ പ്രണയ രംഗങ്ങളിൽ നൽകിയിരിക്കുന്ന സംഗീതവും അവർ പിരിയുമ്പോൾ നൽകിയിരിക്കുന്ന സംഗീതവും മനസ്സിനെ സ്പർശിക്കുന്നവയായിരുന്നു. സുഷിൻ തന്നെ ഈണമിട്ട കിസപാതയിൽ എന്ന പാട്ടും, സുമേഷ് പരമേശ്വർ ഈണമിട്ട നിളമണൽതരികളിൽ എന്ന് തുടങ്ങുന്ന പാട്ടും ഇമ്പമുള്ളതായി അനുഭവപെട്ടു. റഫീക്ക് അഹമ്മദ്, അൻവർ അലി, മൊയ്‌ദീൻ വൈദ്യർ എന്നിവരാണ് ഗാനരചയ്താക്കൾ. സുരേഷ് രാജന്റെ വിഷ്വൽസ് മങ്ങിയ കഥാപശ്ചാത്തലം സൃഷ്ടിച്ചു എന്നതല്ലാതെ മറ്റൊരു പുതുമയും നൽകിയില്ല. ബി. അജിത്കുമാർ-ജിതിൻ മനോഹർ എന്നിവരാണ് ഈ സിനിമയിലെ രംഗങ്ങൾ സന്നിവേശം നിർവഹിച്ചത്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതി പ്രേക്ഷകരെ ബോറടിപ്പിച്ചു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. ആദ്യ പകുതിയിലെ രംഗങ്ങൾ അനാവശ്യമായി വലിച്ചുനീട്ടി ഒന്നരമണിക്കൂർ എത്തിക്കുവാൻ കഠിന പ്രയത്നം ചെയ്യേണ്ടിവന്നിട്ടുണ്ടാകണം. പ്രമോദ് തോമസ്‌ നിർവഹിച്ച ശബ്ദമിശ്രണം മികവു പുലർത്തി. ചമയവും വസ്ത്രാലങ്കാരവും തുടങ്ങി മറ്റെല്ലാ സാങ്കേതിക വശങ്ങളും സംവിധായകന്റെ അവതരണ രീതിയോട് നീതിപുലർത്തി.

അഭിനയം: ⭐⭐⭐
വിനയ് ഫോർട്ട്‌ എന്ന നടന്റെ അതുജ്വല അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്. ഒരു പോലീസുകാരനെ അത്രത്തോളം നിരീക്ഷിച്ചിട്ടാണ് അജയ് മേനോൻ എന്ന കഥാപാത്രത്തെ വിനയ് ഫോർട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്‌ അഭിനയിച്ചതിൽ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരിക്കും ഈ സിനിമയിലെ പോലീസുകാരൻ.അഭിനന്ദനങ്ങൾ! ഷെയിൻ നിഗം തനിക്കാവുന്ന വിധത്തിൽ ഇർഫാൻ എന്ന യുവാവിനെ അവതരിപ്പിച്ചു. പൊന്നാനിയിൽ ജനിച്ചുവളർന്ന ഇർഫാന് ഇടയ്ക്കിടെ സംസാരത്തിൽ കൊച്ചി ഭാഷ വരുന്നത് ഒരു നടനെന്ന രീതിയിൽ ഷെയിനോ ഷാനവാസ് ബാവക്കുട്ടിയോ ശ്രദ്ധിക്കാതെപോയത്‌ പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട്. അനിതയെ മോശമാക്കാതെ അവതരിപ്പിക്കുവാൻ ശ്രുതി മേനോൻ ശ്രമിച്ചിട്ടുണ്ട്. അലൻസിയാർ ലേ, വിജയൻ, സുനിൽ സുഖദ, ജയപ്രകാശ് എന്നിവരും കുറെ പുതുമുഖങ്ങളും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തിയിട്ടുണ്ട്.

വാൽക്കഷ്ണം: അന്നയെ അനിതയാക്കാം, റസൂലിനെ ഇർഫാനാക്കാം, ഫോർട്ട്‌കൊച്ചിയെ പൊന്നാനിയുമാക്കാം. പക്ഷെ, കിസ്മത്ത് ഒരിക്കലും അന്നയും റസൂലുമാകില്ല.

രചന, സംവിധാനം: ഷാനവാസ് കെ.ബാവക്കുട്ടി
നിർമ്മാണം: ഷൈലജ, രാജീവ്‌ രവി
ചായാഗ്രഹണം: സുരേഷ് രാജൻ
ചിത്രസന്നിവേശം: ബി.അജിത്കുമാർ, ജിതിൻ മനോഹർ
സംഗീതം: സുമേഷ് പരമേശ്വർ, ഷമേജ് ശ്രീധർ, സുഷിൻ ശ്യാം
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
ഗാനരചന: റഫീക്ക് അഹമ്മദ്, അൻവർ അലി, മഹാകവി മോയിൻകുട്ടി വൈദ്യർ
ചമയം: ആർ.ജി.വയനാടൻ
വസ്ത്രാലങ്കാരം: മഷർ ഹംസ
കലാസംവിധാനം: നാഗരാജ്
ശബ്ദമിശ്രണം: പ്രമോദ് തോമസ്‌
ശബ്ദലേഖനം: അരുണ്‍ രാമവർമ്മ
വിതരണം: എൽ.ജെ.ഫിലിംസ്.

കരിങ്കുന്നം സിക്സസ് -⭐⭐

കരിങ്കുന്നം ക്ലീഷേ സ്മാഷസ് – ⭐⭐

വോളിബോൾ ഇതിഹാസം ജിമ്മി ജോർജ് മരണമടഞ്ഞിട്ട് 30 വർഷങ്ങളാകുന്നു. ഇന്ത്യൻ വോളിബോൾ ടീമിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയതും ഏഷ്യൻ ഗെയിമ്സിൽ വെങ്കലം നേടിയതും ജിമ്മി ജോർജിന്റെ പരിശ്രമത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് വോളിബോൾ കളി പ്രമേയമാക്കിയിട്ടുള്ള മലയാളത്തിലെ ആദ്യത്തെ സിനിമയായ കരിങ്കുന്നം സിക്സസ് അവസാനിക്കുന്നത്.

ബാക്ക് വാട്ടർ സ്റ്റൂഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ ബിശ്വാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കരിങ്കുന്നം സിക്സസ് വിതരണം ചെയ്തിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിമസാണ്‌. ഫയർമാൻ എന്ന സിനിമയ്ക്ക് ശേഷം ദീപു കരുണാകരൻ സംവിധാനം നിർവഹിച്ചിരിക്കുന്ന കരിങ്കുന്നം സിക്സസിൽ മലയാള സിനിമയിലെ ഒരു നീണ്ട താരനിര അഭിനയിച്ചിരിക്കുന്നു.

മഞ്ജു വാര്യർ, അനൂപ്‌ മേനോൻ, ബാബു ആന്റണി, സുധീർ കരമന, സമുദ്രക്കനി, ബൈജു, സുരാജ് വെഞ്ഞറമൂട്, മേജർ രവി, ശ്യാമപ്രസാദ്, സുദേവ് നായർ, പത്മരാജ് രതീഷ്‌, ഗ്രിഗറി, കെവിൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദു, കോട്ടയം പ്രദീപ്‌, ശ്രീജിത്ത്‌ രവി, ഷാജി നടേശൻ, മണിയൻപിള്ള രാജു, ജഗദീഷ്, ഹരീഷ് പരേടി, വിജയകുമാർ, ബാലാജി, ഡോക്ടർ അരുണ്‍ ഡേവിഡ്‌, മണിക്കുട്ടൻ, വിവേക് ഗോപൻ, ലെന അഭിലാഷ്, അംബിക മോഹൻ, ഗായത്രി സുരേഷ്, ടാനിയ സ്റ്റാൻലി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

പ്രമേയം: ⭐⭐
വോളിബോൾ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനായി തയ്യാറെടുക്കുന്ന കരിങ്കുന്നം സിക്സസ് എന്ന ടീമും ടീമംഗങ്ങളും പരിശീലകയും തമ്മിലുള്ള ആത്മബദ്ധവും, പരീശീലനവും ടൂർണമെൻറ്റും നടക്കുമ്പോൾ അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രമേയമാക്കിയിട്ടുള്ള സിനിമയാണ് കരിങ്കുന്നം സിക്സസ്. ജയിലിലെ വോളിബോൾ കളിക്കുന്ന 8 കളിക്കാരെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു വോളിബോൾ പ്രീമിയർ ലീഗിൽ കളിപ്പിക്കുന്നതിനിടയിൽ അനുഭവിക്കുന്ന വെല്ലുവിളികൾ സധൈര്യം നേരിട്ട് വിജയിക്കുന്നതാണ് ഈ സിനിമയുടെ കഥ. ഈ കഥപറയുന്നതിനിടയിയിൽ ജയിലിലെ അന്തരീക്ഷവും, വാതുവെപ്പും, നല്ല ടീമിനെ കുതന്ത്രങ്ങൾ പയറ്റി തോൽപ്പിക്കുന്നതും ചർച്ചചെയ്യുന്നുണ്ട്. അരുണ്‍ ലാൽ രാമചന്ദ്രനാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐⭐
വേട്ട എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ലാൽ ഈ വർഷമെഴുതുന്ന രണ്ടാമത്തെ ത്രില്ലർ സിനിമയാണ് കരിങ്കുന്നം സിക്സസ്. കായിക വിനോദത്തിൽ പങ്കെടുക്കുന്ന ടീമിനെയും ടീം അംഗങ്ങളെയും അവരുടെ പരിശീലനവും അവർ നേരിടുന്ന പ്രശ്നങ്ങളും അവസാനം വിജയിക്കുന്നതും ഇന്ത്യൻ സിനിമകളിലെ പല ഭാഷകളിലായി പ്രേക്ഷകർ കണ്ടുമടുത്ത കഥാസന്ദർഭങ്ങളാണ്. ആമിർ ഖാന്റെ ലഗാനും, ഷാറുഖ് ഖാന്റെ ചക്ദേ ഇന്ത്യയും, മാധവന്റെ ഇരുധി സുട്രവും പോലെ തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങളാണ് ഈ സിനിമയിലും. കഥാപശ്ചാത്തലത്തിലും അഭിനേതാക്കളിലും അവർ കളിക്കുന്ന ഗെയിമിലും മാത്രം വ്യത്യാസം. ഒട്ടനവധി സംഭവങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമയുടെ അവസാന മിനിറ്റുകൾ വോളിബോൾ കളി കാണിക്കുന്നതും, പ്രതിസന്ധികൾക്കൊടുവിൽ കരിങ്കുന്നം സിക്സസ് ജയിക്കുന്നതെങ്ങനെ എന്ന് കാണിക്കുന്നതും വ്യതസ്ഥതപുലർത്തി. എന്നിരുന്നാലും സിനിമ കാണുന്ന പ്രേക്ഷകർക്ക്‌ സ്ഥിരം കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും കണ്ടു ബോറടിമാത്രമാണ് ബാക്കിയാവുന്നത്.

സംവിധാനം: ⭐⭐
ഒരു ത്രില്ലർ സിനിമ സംവിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സിനിമയെടുത്ത ദീപു കരുണാകരൻ എന്ന സംവിധായകൻ അക്ഷരാർത്ഥത്തിൽ വോളിബോൾ കളിയിൽ പാലിക്കേണ്ടിയിരുന്ന നിയമങ്ങൾ മറന്നിരിക്കുന്നു. പോയിന്റ് സ്‌കോർ ചെയ്യുന്ന സമയം വലയിൽ കൈകൊണ്ടു തൊടരുതെന്നും, എതിർ ടീമിലെ അംഗങ്ങളുടെ ദേഹത്തു മനപ്പൂർവമിടിച്ചാൽ ഫൗൾ ആണെന്നും വോളിബോൾ കായികവിനോദം അറിയാവുന്ന കൊച്ചുകുട്ടികൾക്കു വരെ സുപരിചിതമാണ്‌. അത്തരത്തിലുള്ള വിവരക്കേടുകൾ വോളിബോൾ പ്രീമിയർ ലീഗിൽ നടക്കുന്നു എന്നതാണോ ഇനി സംവിധായകൻ ഉദ്ദേശിച്ചത്? വോളിബോൾ കളിയറിയാത്ത പ്രേക്ഷകർക്ക്‌ ത്രില്ലടിച്ചു കണ്ടിരിക്കാവുന്ന ചേരുവകളൊക്കെ കൃത്യമായി ചേർത്തൊരുക്കുവാൻ സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് തന്നെ മഞ്ജു വാര്യരുടെ ആരാധകർക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഒന്നായിരിക്കും കരിങ്കുന്നം സിക്സസ്.

സാങ്കേതികം: ⭐⭐⭐
ദീപു കരുണാകരൻ തന്നെ സംവിധാനം നിർവഹിച്ച വിൻറ്റർ എന്ന സിനിമയുടെ ഛായാഗ്രാഹകനായി മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ ജയകൃഷ്ണ ഗുമ്മാടി ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടുമെത്തുന്നു സിനിമയാണിത്. വോളിബോൾ കളിയറിയാവുന്ന ഒരു ഛായാഗ്രാഹകനായിരുന്നു ജയകൃഷ്ണനെങ്കിൽ മേല്പറഞ്ഞ അബദ്ധങ്ങളൊന്നും ഈ സിനിമയിൽ സംഭവിക്കില്ലായിരുന്നു. ഏതൊരു ചായഗ്രാഹകനും ഏറെ വെല്ലുവിളികളുള്ള ഒന്നാണ് ഒരു ഗെയിം ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുക എന്നത്. ആ വിഷയത്തിൽ വിജയിക്കുവാൻ ജയകൃഷ്ണന് സാധിച്ചു. വി. സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും തന്നെ ഈ സിനിമയിലില്ല. സിനിമയുടെ അവസാന നിമിഷങ്ങൾ വോളിബോൾ ഗെയിമടങ്ങുന്ന രംഗങ്ങൾ ചടുലമായ രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. രാഹുൽരാജിന്റെ പാട്ടുകൾ ശ്രദ്ധ ആകർഷിക്കുന്നില്ലയെങ്കിലും പശ്ചാത്തല സംഗീതം രംഗങ്ങളോട് ചേർന്നുപോകുന്നവയായിരുന്നു. സാബു മോഹനാണ് കലാസംവിധാനം. ജയിലും വോളിബോൾ സ്റ്റേഡിയവും യഥാർത്ഥ സ്ഥലങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുകൊണ്ടു കലാസംവിധായകന്റെ ജോലി എളുപ്പമായി.

അഭിനയം: ⭐⭐⭐
ബാബു ആന്റണി, സുധീർ കരമന, ബൈജു, ഗ്രിഗറി, സന്തോഷ്‌ കീഴാറ്റൂർ, സുദേവ് നായർ, കെവിൻ, പത്മരാജ് രതീഷ്‌ എന്നിവരാണ് കരിങ്കുന്നം സിക്സസ് ടീമിലെ അംഗങ്ങൾ. അവരുടെ പരിശീലകയായി മഞ്ജു വാര്യരും. വന്ദന എന്ന കഥാപാത്രത്തെ മഞ്ജു വാര്യർ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അനൂപ്‌ മേനോനും സുരാജ് വെഞ്ഞാറമൂടും, സുധീർ കരമനയും വ്യതസ്ഥ അഭിനയമാണ് ഈ സിനിമയിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. സമുദ്രക്കനി, മേജർ രവി തുടങ്ങിയ താരങ്ങൾ ഈ സിനിമയിൽ അതിഥി വേഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് വരെ പ്രമുഖ താരങ്ങളാണ്.

വാൽക്കഷ്ണം: കായിക വിനോദങ്ങൾ പ്രമേയമാക്കിയ സിനിമകൾ ഇഷ്ടപെടുന്നവർക്ക്‌ കണ്ടിരിക്കാവുന്ന സിനിമ.

സംവിധാനം: ദീപു കരുണാകരൻ
രചന: അരുണ്‍ ലാൽ രാമചന്ദ്രൻ
നിർമ്മാണം: ജയലാൽ, അനിൽ ബിശ്വാസ്
ചായാഗ്രഹണം: ജയകൃഷ്ണ ഗുമ്മടി
ചിത്രസന്നിവേശം: വി.സാജൻ
സംഗീതം: രാഹുൽ രാജ്
കലാസംവിധാനം: സാബു മോഹൻ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ
വിതരണം: മാജിക് ഫ്രയിമസ് ത്രു മസ്തി റിലീസ്.

അനുരാഗ കരിക്കിൻ വെള്ളം – ⭐⭐⭐

image

സ്വാദിഷ്ടമായ പ്രണയ ദാഹശമനി – ⭐⭐⭐

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കുടുംബങ്ങളിൽ ചുക്കുവെള്ളവും, ജീരകവെള്ളവും, മല്ലിയിലയിട്ട് തളപ്പിച്ച വെള്ളവും ദാഹശമനിയായി ഉപയോഗിക്കാറുണ്ട്. ഔഷധമൂല്യമുള്ള കരിങ്ങാലി വെള്ളവും ജീരക വെള്ളവും ശാരീരിക രോഗങ്ങൾ മാറ്റുവാൻ ഉത്തമമാണ്. പ്രണയ നൈരാശ്യം മൂലമുണ്ടാകുന്ന മനസ്സിന്റെ വേദന എല്ലാ പ്രായത്തിലുള്ളവരെയും കാലാകാലങ്ങളായി ബാധിച്ചു വരുന്നതു മനസ്സിലാക്കിയ ഒരുപിടി സുഹൃത്തുക്കൾ പ്രണയ ദാഹശമനത്തിനായി ഉണ്ടാക്കിയ രുചിയുള്ള സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം.

കുടുംബസമേതം ആസ്വദിച്ചിരുന്നു കാണാവുന്ന സിനിമയാണ് നവാഗതനായ ഖാലിദ്‌ റഹ്മാൻ പ്രേക്ഷകർക്ക്‌ നൽകിയിരിക്കുന്നത്. നവീൻ ഭാസ്‌കറിന്റെ തിരക്കഥയും, ജിംഷി ഖാലിദ്‌ ഒരുക്കിയ ഫ്രെയിമുകളും, പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതവും ഈ വെള്ളത്തിന്റെ രുചികൂട്ടുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ്‌ ശിവൻ, ആര്യ, പ്രിഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
പ്രണയം നമ്മളെ പഠിപ്പിക്കുന്ന ഗുണപാഠങ്ങൾ എന്തൊക്കെയാണ്? ഒരാൾ പ്രണയത്തിലാകുമ്പോൾ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും ചിന്തകളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും, പ്രണയിനിയെ സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലെത്തുവാൻ സ്വന്തം ജീവിതത്തെ ഗൗരവത്തോടെ കാണുമെന്നുമുള്ള വിഷയങ്ങൾ ലളിതമായ കഥയുടെ രൂപത്തിൽ അവതരിപ്പിച്ച സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം. രണ്ടു തലമുറയിലെ വ്യക്തികളുടെ കാഴ്ചപ്പാടിലൂടെ ഒരു കാമുകി അവരെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കുന്നു എന്നും ഈ സിനിമയിലൂടെ നവീൻ ഭാസ്കർ പറഞ്ഞുതരുന്നു.

തിരക്കഥ: ⭐⭐⭐
മൺസൂൺ മാംഗോസ് എന്ന സിനിമയ്ക്ക് ശേഷം നവീൻ ഭാസ്കർ രചന നിർവഹിച്ചിരിക്കുന്ന സിനിമയാണിത്. പ്രണയത്തിലായിരുന്ന പുതു തലമുറയിൽപ്പെട്ട ഒരു വ്യക്തി കാമുകിയുടെ സന്തോഷങ്ങൾക്കും വികാരങ്ങൾക്കും വിലകല്പിക്കാതെ ആ പ്രണയം നഷ്ടപെടുത്തുമ്പോൾ, മറുവശത്ത് പഴയ തലമുറയിൽപെട്ടയാൾ അയാളുടെ നഷ്ട പ്രണയത്തെ വീണ്ടും സ്വന്തമാക്കുവാൻ ശ്രമിക്കുന്നു. ഇരുവരുടെയും സ്വഭാവത്തിൽ പ്രണയംമൂലമുണ്ടാകുന്ന മാറ്റങ്ങൾ റിയലസ്റ്റികായി അവതരിപ്പിച്ചിരിക്കുന്നു. പള്ളി സെമിത്തേരിയിൽ നടക്കുന്ന രംഗമൊഴികെ മറ്റെല്ലാ രംഗങ്ങളും നൂറു ശതമാനം വിശ്വസനീയതയോടെ കഥാസന്ദർഭങ്ങളാക്കിയിരിക്കുന്നു. ഹാസ്യത്തിന് വേണ്ടി എഴുതപെട്ട സംഭാഷങ്ങണളോ ദ്വയാർത്ഥ ഡയലോഗുകളോ ഒന്നുമില്ലാത്ത തിരക്കഥയാണ് നവീൻ ഭാസ്‌ക്കർ എഴുതിയിരിക്കുന്നത്. മൺസൂൺ മാംഗോസിലൂടെ നിരാശപ്പെടുത്തിയ നവീൻ ഭാസ്ക്കറിന്റെ ശക്തമായ തിരിച്ചുവരാവാകട്ടെ ഈ സിനിമ.

സംവിധാനം: ⭐⭐⭐
ഖാലിദ്‌ റഹ്മാൻ ഒരു നവാഗതനാണെന്നു തോന്നാത്ത രീതിയിലാണ് ആദ്യ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ശരാശരി കുടുംബങ്ങളിലെ കാഴ്ചകൾ റിയാസിലസ്റ്റിക്കായി അവതരിപ്പിക്കുവാൻ ഖാലിദിന് സാധിച്ചു. അതുപോലെ കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിച്ചു എന്നതും അഭിനന്ദനം അർഹിക്കുന്നു കാര്യമാണ്. ലളിതമായ രീതിയിൽ ഏച്ചുകെട്ടലുകളില്ലാതെ രസകരമായി കോർത്തിണക്കിയ രംഗങ്ങളും അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതവും പ്രേക്ഷകർ ഏറെ ആസ്വദിച്ചു. സിനിമയിലുടനീളം ചിലയിടങ്ങളിലായി ഇഴച്ചിൽ അനുഭവപെട്ടു എന്നതൊഴികെ സംവിധാനത്തിൽ കഴിവ് തെളിയിക്കുവാൻ ഖാലിദ്‌ റഹ്മാന് കഴിഞ്ഞിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
ഷൈജു ഖാലിദിന്റെ സഹോദരൻ ജിംഷി ഖാലിദാണ് ഈ സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ഗിമ്മിക്‌സൊന്നും ഉപയോഗിക്കാതെ പ്രേക്ഷകർക്ക്‌ റിലേറ്റ് ചെയ്യാനാവുന്ന രീതിയിലുള്ള ലൊക്കേഷനുകളും ഫ്രയിമുകളുമാണ് ഈ സിനിമയിലുടനീളമുള്ളത്. പുതുമുഖം നൗഫൽ അബ്ദുള്ള കോർത്തിണക്കിയ രംഗങ്ങൾ സിനിമയുടെ വേഗതയെ നിയന്ത്രിക്കുന്നതായിരുന്നു. ചിലയിടങ്ങളിൽ വേഗതയോടെയും മറ്റുചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലുമാണ് ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ നെടുംതൂണായി നിലകൊള്ളുന്നു. ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നതിന്റെ പ്രധാന കാരണം പശ്ചാത്തല സംഗീതമാണ്. മൂന്ന് പാട്ടുകളും അത്രകണ്ട് ശ്രദ്ധ നേടുന്നില്ല എന്നത് ഒരു പ്രണയകഥ പറയുന്ന സിനിമയെ സംബന്ധിച്ചു പോരായ്മതന്നെയാണ്. ധന്യ ബാലകൃഷ്ണൻ കഥാപാത്രങ്ങൾക്ക് നൽകിയ വേഷങ്ങൾ മികവു പുലർത്തി.

അഭിനയം: ⭐⭐⭐⭐
ബിജു മേനോൻ, ആസിഫ് അലി, രജീഷ വിജയൻ, ആശ ശരത്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, സുധീർ കരമന, മണിയൻപിള്ള രാജു, ഇർഷാദ്, സുധി കോപ്പ, നന്ദിനി, ചിന്നു എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. പുതുമുഖം രജീഷ വിജയൻ ആണ് ഈ സിനിമയിലെ താരം. ഇത്രയും രസകരമായും റിയലസ്റ്റിക്കായും ഒരു പുതുമുഖ നടിക്ക് അഭിനയിക്കാനറിയുമെങ്കിൽ മലയാള സിനിമയിലെ ഒരുപിടി നല്ല കഥാപാത്രങ്ങൾ രജീഷയെ തേടിയെത്തുമെന്നുറപ്പ്. പരുക്കനായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ശാന്തനായ അച്ഛനായി മാറിയ രഘു എന്ന കഥാപാത്രത്തെ ബിജു മേനോൻ മികച്ച രീതിയിൽ അവതരിപ്പിച്ചു. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന കഥാപാത്രങ്ങളായി ആസിഫ് അലിയും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആശ ശരത്തും, സുധീർ കരമനയും, മണിയൻപിള്ള രാജുവും, ഇർഷാദും നല്ല നടീനടന്മാരാണെന്നു വീണ്ടും തെളിയിക്കുന്നു.

വാൽക്കഷ്ണം: കുടുംബസമേതം കണ്ടുരസിക്കാം ഓർത്തുസുഖിക്കാം രുചിച്ചുനോക്കാം ഈ അനുരാഗ കരിക്കിൻ വെള്ളം.

സംവിധാനം: ഖാലിദ്‌ റഹ്മാൻ
നിർമ്മാണം: ഓഗസ്റ്റ് സിനിമ
രചന: നവീൻ ഭാസ്കർ
ചായാഗ്രഹണം: ജിംഷി ഖാലിദ്
ചിത്രസന്നിവേശം: നൗഫൽ അബ്ദുള്ള
സംഗീതം: പ്രശാന്ത്‌ പിള്ള
ഗാനരചന: ബി.കെ.ഹരിനാരായണൻ, ശബരീഷ് വർമ്മ
കലാസംവിധാനം: സാബു മോഹൻ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്: റോണക്സ്‌ സേവ്യർ
ശബ്ദനിയന്ത്രണം: രാധാകൃഷ്ണൻ
വിതരണം: ഓഗസ്റ്റ് സിനിമ റിലീസ്.

കസബ – ⭐⭐

image

താരരാജാവും തറവേലകളും – ⭐⭐

കസബ – പോലീസ് സിനിമകളിലെ രംഗങ്ങളും അഡൽറ്റ്സ് ഒൺലി സിനിമകളിലെ സംഭാഷണങ്ങളും കൂട്ടികൊഴച്ചു മൂന്ന് നേരവും മനഃപാഠമാക്കി വെട്ടിത്തിരുത്തി കുത്തിക്കുറിച്ചു എഴുതി സംവിധാനം ചെയ്ത ഇതുപോലുള്ള ക്ലീഷേ സിനിമകൾക്കെ ആ പേര് ചേരു, മറ്റു സിനിമകൾക്ക് ചേരില്ല. ജസ്റ്റ്‌ റിമംബർ ദാറ്റ്!

കസബയുടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ ആദ്യമായി കണ്ട സിനിമയാണ് ഇൻസ്പെക്റ്റർ ബൽറാം. സഹ സംവിധായകനാകുന്ന ആദ്യ സിനിമയാണ് അച്ഛൻ രഞ്ജി പണിക്കരുടെ രൗദ്രം. ആദ്യം കണ്ട സിനിമയിലും ആദ്യമായി ജോലി നിർവഹിച്ച സിനിമയിലും നായക കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. ആ രണ്ടു കഥാപാത്രങ്ങളും അവതരിപ്പിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയും. സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമ മേല്പറഞ്ഞ രണ്ടു സിനിമകളുടെയും പ്രചോദനമാണെന്ന് വ്യക്തം.

മേല്പറഞ്ഞ സിനിമകൾ പോലെ അച്ഛൻ രഞ്ജി പണിക്കരുടെ തൂലികയിൽ പിറന്ന പല സിനിമകളും പോലീസ് കഥാപാത്രങ്ങളും തന്നിലെ എഴുത്തുകാരനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിഥിൻ പറഞ്ഞിട്ടുണ്ട്. രഞ്ജി പണിക്കരിലെ അച്ഛന് അഭിമാനിക്കാവുന്ന ഒന്നാണ് നിഥിൻ പറഞ്ഞ കാര്യങ്ങൾ. എന്നാൽ, നിഥിന്റെ ആദ്യ സിനിമയായ കസബ കാണുന്ന ഈ തലമുറയിലെ ഒരൊറ്റ കുട്ടി പോലും അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ വരുംതലമുറ പോലും ഇതുപോലുള്ള ഒരു സിനിമ ചെയ്യുവാൻ തയ്യാറാകില്ല എന്ന് എഴുതുന്നതിൽ ഖേദിക്കുന്നു.

പ്രമേയം:⭐
മലയാള സിനിമയിൽ കാലാകാലങ്ങളായി കണ്ടുവരുന്ന സ്ഥിരം പോലീസ് കുറ്റാന്വേഷണ കഥയാണ് കസബയുടേതും. പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ നായകന്റെ പ്രിയപെട്ട ഒരാൾ കൊല്ലപ്പെടുന്നു. അത് അന്വേഷിക്കുവാനായി ഇറങ്ങി പുറപ്പെടുന്ന നായകൻ നേരിടുന്ന വെല്ലുവിളികളേ അതിജീവിച്ചു കഥാവസാനം നായകൻ ജയിക്കുന്നു. പുതുമയുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു കയ്യടിനേടുന്ന പുതുമുഖ സംവിധായകരുടെ പാത പിന്തുടരാതെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പഴഞ്ചൻ പ്രമേയവും കഥയും നിഥിൻ സ്വീകരിച്ചത് എന്നത് അവ്യക്തമാണ്.

തിരക്കഥ:⭐⭐
കേരള കർണ്ണാടക അതിർത്തിയിൽ നടക്കുന്ന കൊലപാതകവും അത് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനും. ആ ഉദ്യോഗസ്ഥൻ കുറ്റാന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ മറികടന്നു കുറ്റവാളികളെ കണ്ടെത്തുന്നു. കണ്ടുമടുത്ത കഥാസന്ദർഭങ്ങളും അസഭ്യ സംഭാഷണങ്ങളും കൃത്യമായി എഴുതിച്ചേർക്കുവാൻ നിഥിനിലെ എഴുത്തുകാരൻ മറന്നില്ല. കൊലപാതകം ചെയ്ത കുറ്റവാളികളെ അന്വേഷിച്ചിറങ്ങിയ നായകൻ വേശ്യാലയം ശുദ്ധികരിക്കുവാൻ ശ്രമിക്കുന്നതും ഒരു അഭിസാരികയെ മർദിച്ച സഹപ്രവർത്തകനായ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതും രാജൻ സഖറിയയുടെ മനസ്സിന്റെ നന്മയാണെങ്കിൽ പിന്നെന്തിനാണ് ഭക്ഷണം വിളമ്പിതരുന്ന മറ്റൊരു സഹപ്രവർത്തകന്റെ ഭാര്യയോട് അസഭ്യം പറയുന്നത്? രാജൻ സഖറിയ എന്ന കഥാപാത്രരൂപീകരണത്തിലുള്ള പാളിച്ചകളാണ് ഇവയെല്ലാം. ഈ കഥാപാത്രം കുറ്റവാളികളെ കണ്ടെത്തുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും കണ്ടെത്തുന്നത് അന്വേഷണ മികവുകൊണ്ടല്ല. അലൻസിയർ അവതരിപ്പിക്കുന്ന തങ്കച്ചൻ എന്ന കഥാപാത്രവും, ജഗദീഷ് അവതരിപ്പിക്കുന്ന മുകുന്ദൻ എന്ന കഥാപാത്രവും നടത്തുന്ന ഏറ്റുപറച്ചിലുകൾ കാരണമാണ്. രാജൻ സഖറിയയുടെ കഥാപാത്ര രൂപീകരണത്തിനിടയിൽ കെട്ടുറപ്പുള്ള ഒരു തിരക്കഥ എഴുതുവാൻ നിഥിൻ രഞ്ജി പണിക്കറിനു സാധിച്ചില്ല.

സംവിധാനം: ⭐⭐
ഒരു മാസ്സ് മസാല എന്റർറ്റെയിനർ ഒരുക്കുവാനുള്ള പാഴായിപോയ ശ്രമമാണ് കസബ. പുതുമയുള്ള കഥാപശ്ചാത്തലമോ സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയോ അഭിനയ മികവുള്ള നടീനടന്മാരോ ഒന്നും തന്നെയില്ലാത്ത ഈ സിനിമയെ ഒരുപരുധിവരെ രക്ഷിച്ചത് മമ്മൂട്ടിയുടെ താരമൂല്യമാണ്. മമ്മൂട്ടിയുടെ നായക കഥാപാത്രത്തേക്കാൾ കൂടുതൽ രംഗങ്ങൾ വരലക്ഷ്മിയ്ക്കും സമ്പത്തിനും നൽകിയിട്ടുണ്ട് സംവിധായകൻ. ഉദ്യോഗജനകമായ അവതരണ രീതിയോ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളോ സസ്പെൻസോ ഒന്നുമില്ലാതെ അവസാനിച്ച ഒരു സാധാരണ സിനിമയായി കസബ. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ നാളിതുവരെയുള്ള റെക്കോർഡുകളെല്ലാം മാറ്റിമറിച്ച സിനിമ, ഇതുവരെ കാണാത്ത ശൈലിയിൽ മമ്മൂട്ടിയെ അവതരിപ്പിക്കുവാൻ സാധിച്ച സിനിമ എന്നീ വിശേഷണങ്ങൾ കസബയ്ക്കും നിഥിൻ രഞ്ജി പണിക്കർക്കും സ്വന്തം.

സാങ്കേതികം: ⭐⭐⭐
സമീർ ഹഖ് ചിത്രീകരിച്ച രംഗങ്ങൾ ഒരു മസാല സിനിമയ്ക്ക് ചേരുന്ന രീതിയിലാണ്. അതിനു പാകത്തിലുള്ള ലൊക്കേഷനുകളും ലൈറ്റിംഗ് രീതിയുമാണ് സിനിമയിലുടനീളം കാണപെടുന്നത്. സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വേഷപ്പകർച്ചയുള്ള രംഗങ്ങളുടെ ചിത്രീകരണവും മികവു പുലർത്തി. നവാഗതനായ മൻസൂർ മാത്തുക്കുട്ടിയാണ് രംഗങ്ങൾ കോർത്തിണക്കിയത്. ആദ്യ പകുതിയിൽ കൈവരിച്ച വേഗതയൊന്നും രണ്ടാം പകുതിയിൽ കണ്ടില്ല. കഥയിൽ യാതൊരു വഴിത്തിരുമുണ്ടാക്കാത്ത ഒട്ടനവധി രംഗങ്ങൾ വലിച്ചുനീട്ടിയാണ് മൻസൂർ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ്‌ രാമന്റെ കലാസംവിധാനത്തിൽ ഒരുക്കിയ പോലീസ് സ്റ്റേഷനും വേശ്യാലയവും വഴിയോര ബാറും മികവു പുലർത്തി. രാഹുൽ രാജാണ് പശ്ചാത്തല സംഗീതം നൽകിയത്. രാജൻ സഖറിയയുടെ നടത്തിന്റെ മ്യൂസിക് രസകരമായിരുന്നു. മറ്റു രംഗങ്ങളിൽ പ്രത്യേകതയുള്ളതോ ത്രസിപ്പിക്കുന്നതോ ആയ പശ്ചാത്തല സംഗീതമില്ല. കുറെ ശബ്ദകോലാഹലങ്ങൾ ചിട്ടപ്പെടുത്തി എന്നതിലുപരി മറ്റൊന്നും ചെയ്യുവാൻ രാഹുൽ രാജ് ശ്രമിച്ചിട്ടില്ല. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് യോജിച്ചവയായിരുന്നു.

അഭിനയം: ⭐⭐⭐
നാളിതുവരെ മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യതസ്ഥതകൾ ഏറെയുള്ള കഥാപാത്രമാണ് രാജൻ സഖറിയ. വേറിട്ട മാനറിസങ്ങളുള്ള അഭിനയ ശൈലിയിലൂടെയാണ് ഈ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. നടത്തിലുള്ള പ്രത്യേകത പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കാണുമ്പോൾ രസകരമായിരുന്നു. പക്ഷെ, രാജൻ സഖറിയ മുണ്ട് ധരിച്ചു ജീപ്പിൽ നിന്നും ഇറങ്ങി നടക്കുന്ന ഒന്ന്-രണ്ട് രംഗങ്ങളിൽ നടത്തിത്തിന്റെ ശൈലി മാറിപ്പോകുന്നുതുമുണ്ട്. രാജൻ സഖറിയ എന്ന കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കുവാൻ മമ്മൂട്ടി പരമാവധി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ അത്യുജ്വല നടനെ ഈ സിനിമയിൽ കാണാനാകാത്തതിൽ ഒരു ആരാധകനെന്ന നിലയിൽ ദുഖിക്കുന്നു.

മമ്മൂട്ടിയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, സമ്പത് രാജ്, ജഗദീഷ്, സിദ്ദിക്ക്, മക്ബൂൽ സൽമാൻ, ഷഹീൻ സിദ്ദിക്ക്, നേഹ സക്‌സേന, അലൻസിയാർ, ബിജു പപ്പൻ, ഇർഷാദ്, അബു സലിം, ശ്രീധന്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഏറെ വെല്ലുവിളികളുള്ള കഥാപാത്രമായ കമലയെയാണ് തെന്നിത്യൻ അഭിനേത്രി വരലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. വരലക്ഷ്മിയ്ക്ക് വേണ്ടി ശബ്ദം നൽകിയ ആ കലാകാരി അഭിനന്ദനം അർഹിക്കുന്നു. മികച്ച  ഡബ്ബിംഗ് ആയതിനാൽ വരലക്ഷ്മിയുടെ ഭാവാഭിനയത്തിന്റെ പോരായ്മകൾ അത്രകണ്ട് പ്രേക്ഷകർക്ക്‌ മനസ്സിലാകുന്നില്ല. ഷോബി തിലകൻ വീണ്ടും കഴിവ് തെളിയിച്ചതിനാൽ സമ്പത്തിന്റെ ഭാവഭിനയവും മോശമായില്ല. ജഗദീഷും സിദ്ദിക്കും ബിജു പപ്പനും അലൻസിയാറും അവരവരുടെ കഥാപാത്രങ്ങളെ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: താരരാജാവിന്റെ കപട ആരാധകർക്ക് കസബയൊരു ആക്ഷൻ കോമഡി എന്റർറ്റെയിനറും യഥാർത്ഥ ആരാധകർക്ക് ഇതൊരു നോസിയേറ്റിങ് വെർബൽ ഡൈറിയയും.

രചന, സംവിധാനം: നിഥിൻ പണിക്കർ
നിർമ്മാണം: ആലീസ് ജോർജ്
ചായാഗ്രഹണം: സമീർ ഹഖ്
ചിത്രസന്നിവേശം: മൻസൂർ മുത്തുകുട്ടി
പശ്ചാത്തല സംഗീതം: രാഹുൽ രാജ്
കലാസംവിധാനം: സന്തോഷ്‌ രാമൻ
മേക്കപ്പ്: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആന്റോ ജോസഫ്‌

ഷാജഹാനും പരീക്കുട്ടിയും – ⭐⭐

image

ഒന്നു ചിരിക്കാം പിന്നെ മറക്കാം! – ⭐⭐

ഗുലുമാലും ത്രീ കിംഗ്‌സും ഇഷ്ടപെടുന്ന പ്രേക്ഷകർക്ക്‌ തീർച്ചയായി കണ്ടു രസിക്കാവുന്ന സിനിമയാണ് ബോബൻ സാമുവലിന്റെ ഷാജഹാനും പരീക്കുട്ടിയും. മുംതാസിന്റെ ഓർമ്മക്കായി താജ് മഹൽ പണിതുയർത്തിയ മുഗൾ ചക്രവർത്തി ഷാജഹാനെയും, കറുത്തമ്മയെ നഷ്ടപെട്ട വേദനയിൽ കടപ്പുറത്തു പാടിയലഞ്ഞ പരീക്കുട്ടിയെയും അറിയാത്തവർ വിരളമാണ്. വിരഹ ദുഃഖം അനുഭവിച്ച ഇവരെപ്പോലെ രണ്ടുപേരാണ് പ്രണവും പ്രിൻസും. ഇവരുടെ കാമുകിയായ ജിയയുടെ ഓർമ്മ നഷ്ടപ്പെടുന്നു. ഓർമ്മ വീണ്ടെടുക്കുവാനുള്ള ജിയയുടെ ശ്രമങ്ങൾക്കിടയിൽ അവൾ പ്രണവിനെയും പ്രിൻസിനെയും പ്രണയിച്ചിരുന്നു എന്ന് മനസിലാകുന്നത്. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി എന്നീ സിനിമകൾക്ക്‌ ശേഷം ബോബൻ സാമുവൽ സംവിധാനം നിർവഹിച്ച ഈ സിനിമയിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. റോമൻസിന്റെ തിരക്കഥ എഴുതിയ വൈ.വി.രാജേഷാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തത് സെൻട്രൽ പിക്ചേഴ്സ്സാണ്.

പ്രമേയം: ⭐⭐
നായികയുടെ ഓർമ്മ വീണ്ടെടുക്കുവാനായി അവളുടെ ഭൂതകാലം അന്വേഷിച്ചിറങ്ങുന്നു. അവൾ രണ്ടു വ്യക്തികളെ രണ്ടു സാഹചര്യത്തിൽ പ്രണയിച്ചിരുന്നു. ഇങ്ങനെ മുമ്പോട്ടു പോകുന്ന ആദ്യ പകുതി. രണ്ടാം പകുതിയിൽ കഥ മറ്റൊരു ദിശയിലേക്ക് ട്വിസ്റ്റുകളോടെ സഞ്ചരിക്കുന്നു. ആദ്യ പകുതിയിൽ കണ്ടതൊന്നുമല്ല യഥാർത്ഥ സംഭവങ്ങൾ. കഥാവസാനം കൺഫ്യുഷണുകളോടെ പ്രേക്ഷകർ കുറച്ചു ചിരിച്ചു എന്ന ആശ്വാസത്തോടെ മടങ്ങുന്നു. ഇതാണ് ബോബൻ സാമുവലിനേയും ആഷിക് ഉസ്മാനെയും ഈ സിനിമയിലേക്ക് ആകർഷിച്ച ഘടകം.

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ്‌ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഷാജഹാനും പരീക്കുട്ടിയും അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ പോലെ തന്നെ ഒരിക്കൽ കണ്ടു ചിരിച്ചു പിന്നെ മറക്കാവുന്ന അതെ രീതിയിലാണ്. ഒരു എന്റർറ്റെയിനർ സിനിമയ്ക്ക് വേണ്ട എല്ലാ ഘടഗങ്ങളും കൃത്യമായി ഉൾകൊള്ളിച്ചുകൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആദ്യ പകുതി കാണുമ്പോൾ ഇതൊരു ത്രികോണ പ്രണയകഥയാണോ എന്ന് തോന്നുകയും രണ്ടാം പകുതിയിൽ കഥ മറ്റൊരു രീതിയിൽ ചെന്നെത്തുകയും ചെയ്യുന്നുണ്ട്. അജു വർഗീസിന്റെ കഥാപാത്രവും സുരാജിന്റെ കഥാപാത്രവും രസകരമായാണ് തിരക്കഥയിൽ ഉൾപ്പെടുത്തിയത്. സംഭാഷണങ്ങളിലെ കോമഡിക്ക് വേണ്ടി പറയിപ്പിച്ച വളിപ്പുകൾ സിനിമയിലുടനീളമുണ്ട്. എന്നിരുന്നാലും ആസ്വാദനത്തിനു വേണ്ടി മാത്രം എഴുതിയിരിക്കുന്ന തിരക്കഥയും സംഭാഷണങ്ങളുമായതുകൊണ്ട് പ്രേക്ഷകർ ക്ഷമിച്ചു കണ്ടിരിക്കുമെന്ന് തിരക്കഥ രചയ്താവിനും ബോധ്യമാണ്. ഇതുപോലുള്ള തട്ടിക്കൂട്ട് തിരക്കഥകൾ ഇനിയും എത്രകാലം സിനിമയാക്കും എന്ന് കണ്ടറിയണം.

സംവിധാനം: ⭐⭐⭐
ജയസൂര്യയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമകളിൽ ഒന്നാണ് ജനപ്രിയൻ. കുഞ്ചാക്കോ ബോബനും ബിജു മേനോനും തിളങ്ങിയ മികച്ച എന്റർറ്റെയിനറായിരുന്നു റോമൻസ്. അന്ധനായ ക്രിക്കറ്റ് പ്രേമിയുടെ കഥയും ജയസുര്യയുടെ അഭിനയമികവുംകൊണ്ട് ശ്രദ്ധനേടിയ സിനിമയായിരുന്നു ഹാപ്പി ജേർണി. ബോബൻ സാമുവലിന്റെ ഈ മൂന്ന് സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഷാജഹാനും പരീക്കുട്ടിയും വളരെ പിന്നിലാണ്. ട്വിസ്റ്റുകൾ നിന്ന് ട്വിസ്റ്റുകളിലേക്കു കഥ സഞ്ചരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു തോന്നൽ പ്രേക്ഷകരുടെ മനസിൽ സ്വാഭിവകമായും തോന്നും. അവിടെയാണ് സംവിധായകനെന്ന നിലയിൽ ബോബൻ സാമുവൽ പരാജയപെട്ടത്‌. എന്നിരുന്നാലും കുട്ടികളോടൊപ്പം കുടുംബത്തോടൊപ്പം കണ്ടു രസിക്കാനാവുന്ന സിനിമയാണ് ഷാജഹാനും പരീക്കുട്ടിയും.

സാങ്കേതികം: ⭐⭐⭐
അനീഷ്‌ ലാലാണ് ഷാജഹാനും പരീക്കുട്ടിയുടെയും ചായാഗ്രഹണം നിർവഹിച്ചത്. കളർഫുൾ വിഷ്വൽസിലൂടെ പ്രേക്ഷകരെ പിടിചിരുത്തുവാൻ സാധിക്കുന്നുണ്ട് ഓരോ രംഗങ്ങൾക്കും. പാട്ടുകളുടെ ചിത്രീകരണവും മികവു പുലർത്തി. ലിജോ പോളാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. ഏറെ ട്വിസ്റ്റുകളുള്ള കഥയാണ് ഈ സിനിമയുടെത്. വേഗതയോടെ തന്നെയാണ് ഓരോ രംഗങ്ങളും കോർത്തിണക്കിയിരിക്കുന്നതും. രണ്ടാം പകുതിയിലെ ഒരു പാട്ടൊഴികെ കഥയിൽ അനാവശ്യമായി കുത്തിനിറച്ച രംഗങ്ങൾ ഒന്നുംതന്നെയില്ല. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത്. ഒരു എന്റർറ്റെയിനർ സിനിമയ്ക്ക് ആവശ്യമായ തട്ടുപൊളിപ്പൻ സംഗീതമാണ് ഓരോ രംഗങ്ങൾക്കും ഗോപി സുന്ദർ നൽകിയിരിക്കുന്നത്. ഗോപി സുന്ദർ ഈണമിട്ട ചിത്തിര മുത്തേ എന്ന പാട്ടും, നാദിർ ഷാ വരികൾ എഴുതുകയും സംഗീതം നൽകുകയും ചെയ്ത മധുരിക്കും ഓർമ്മകളെ എന്ന പാട്ടുമാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ സുപ്രധാന വഴിത്തിരിവുണ്ടാകുന്ന ഒന്നാണ് പ്രണവ് അന്വേഷിക്കുന്ന ഒരു കാർ. കാറിന്റെ നിറം മാറുന്നതൊന്നും അത്ര വിശ്വസനീയമായി തോന്നിയില്ല. കുറേക്കൂടി വിശ്വസനീയതയുള്ള രീതിയിൽ കാറിന്റെ നിറം മാറുന്ന രംഗങ്ങൾ കലാസംവിധായകൻ ഗോകുൽ ദാസ് ഒരുക്കേണ്ടതായിരുന്നു. റോണക്സ്‌ സേവ്യറാണ് മേക്കപ്പ്.

അഭിനയം: ⭐⭐⭐
പ്രണവായി കുഞ്ചാക്കോ ബോബനും പ്രിൻസായി ജയസൂര്യയും ജിയയായി അമല പോളും അഭിനയിച്ചിരിക്കുന്നു. മൂന്നുപേരും അവരവരുടെ രീതിയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമാകുന്ന വിധത്തിൽ അഭിനയിച്ചിട്ടുണ്ട്. മേജർ ഇമ്മാനുവൽ രവി എന്ന കഥാപാത്രമായി അജു വർഗീസും, ഡിക്റ്റക്റ്റീവിന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും തകർപ്പൻ അഭിനയമാണ് കാഴ്ചവെച്ചത്. ഹാസ്യ രംഗങ്ങളിലെ ഇവരുടെ അഭിനയമികവ് ഒന്നുകൊണ്ട് മാത്രമാണ് ഈ സിനിമ രസകരമായി തോന്നിയത്. ഇവരെ കൂടാതെ വിജയരാഘവൻ, റാഫി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ബൈജു എഴുപുന്ന, വി.കെ.ബൈജു, ഇന്ത്യൻ, നിക്കി ഗൽറാണി, വിനയപ്രസാദ്‌, ലെന, സീനത്ത് എന്നിവരാണ് മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: കുടുംബത്തോടൊപ്പം കുട്ടികളോടൊപ്പം കണ്ടുരസിക്കാവുന്ന ശരാശരി എന്റർറ്റെയിനറാണ് ഷാജഹാനും പരീക്കുട്ടിയും.

സംവിധാനം: ബോബൻ സാമുവൽ
നിർമ്മാണം: ആഷിക് ഉസ്മാൻ
രചന: വൈ.വി.രാജേഷ്‌
ചായാഗ്രഹണം: അനീഷ്‌ ലാൽ
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ, നാദിർഷാ
കലാസംവിധാനം: ഗോകുൽ ദാസ്‌
മേക്കപ്പ്: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: മഷർ ഹംസ
വിതരണം: സെൻട്രൽ പിക്ക്ചെഴ്സ്